വരാനിയം ക്ലൗഡ് ഓഹരി വില്‍പ്പന 28 ന് ; 49.5 കോടി രൂപ സമാഹരിക്കും

Posted on: September 27, 2023

കൊച്ചി : പ്രമുഖ ടെക്നോളജി കമ്പനിയായ വരാനിയം ക്ലൗഡ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കായി നടത്തുന്ന അധിക ഓഹരി വില്പ്പന വ്യാഴാഴ്ച (സെപ്റ്റംബര്‍ 28) ആരംഭിക്കും. ഇതുവഴി 49.46 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 123 രൂപയാണ് പ്രതി ഓഹരി വില.

സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഭാവി വികസന പദ്ധതികള്‍ക്കുമായി വിനിയോഗിക്കും. ഓഹരി വില്പ്പന ഒക്ടോബര്‍ 4ന് അവസാനിക്കും. 2023 സെപ്റ്റംബര്‍ 15ന് മുമ്പായി നിക്ഷേപിച്ച ഓഹരിയുടമകള്‍ക്കാണ് അധിക ഓഹരി വാങ്ങാന്‍ യോഗ്യത. വാങ്ങുന്ന ഓഹരി തുകയുടെ 50 ശതമാനം അപേക്ഷാ സമയത്ത് അടക്കണം. ബാക്കി 50 ശതമാനം കമ്പനി ആവശ്യപ്പെടുന്ന സമയത്ത് നിക്ഷേപിച്ചാല്‍ മതിയാകും.

ഡിജിറ്റല്‍ ഓഡിയോ, വിഡിയോ സ്ട്രീമിംഗ് സേവനമേഖലയിലെ മുന്‍നിര ടെക്ക്നോളജി കമ്പനിയാണ് വരാനിയം ക്ലൗഡ്. നേരത്തെ സ്ട്രീംകാസ്റ്റ് ക്ലൗഡ് എന്നായിരുന്നു പേര്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 984 ശതമാനം വര്‍ധനവോടെ 383.37 കോടി രൂപയായിരുന്നു 2022-23ല്‍ കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ അറ്റാദായവും 917 ശതമാനം വര്‍ധിച്ച് 85.46 കോടി രൂപയിലെത്തി.

 

TAGS: Varanium |