ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഐപിഒ 25ന്

Posted on: September 21, 2023

 

കൊച്ചി : ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു കീഴിലുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) സെപ്തംബര്‍ 25ന് ആരംഭിക്കും. 2,800 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വില്‍ക്കുന്നത്. പ്രതി ഓഹരി വില 113-119 രൂപയാണ്. രണ്ടു രൂപയാണ് മുഖവില. നിക്ഷേപകര്‍ക്ക് ബിഡ് ചെയ്യാവുന്ന കുറഞ്ഞ ഓഹരികളുടെ എണ്ണം 126 ആണ്. ശേഷം 126ന്റെ ഗുണിതങ്ങളായും ബിഡ് ചെയ്യാം. സെപ്തംബര്‍ 27ന് ഐപിഒ അവസാനിക്കും. ഓഹരി വില്‍പ്പനയിലൂടെ സമാഹകരിക്കുന്ന തുക കമ്പനിയുടെ വിവിധ വികസന പദ്ധതികള്‍ക്കും തിരിച്ചടവുകള്‍ക്കുമായി വിനിയോഗിക്കും.

തുറമുഖ അടിസ്ഥാനസൗകര്യ രംഗത്തെ മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി ഒമ്പത് തുറമുഖങ്ങള്‍ കമ്പനിയുടെ കീഴിലുണ്ട്. ഇതു കൂടാതെ യുഎഇയിലെ രണ്ട് പോര്‍ട്ട് ടെര്‍മിനലുകളും കരാര്‍ പ്രകാരം കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

തേര്‍ഡ് പാര്‍ട്ടി കാര്‍ഗോ ബിസിനസ് രംഗത്ത് ഇന്ത്യയില്‍ കമ്പനി 65.58 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കാര്‍ഗോ ഹാന്‍ഡ്ലിങ് ശേഷിയില്‍ ഏറ്റവും വളര്‍ച്ചയുള്ള പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ജെഎസ്ഡബ്ല്യൂ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ്.