ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: September 20, 2023

 

കൊച്ചി : വേസ്റ്റ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി എന്‍ജിനിയറിംഗ് കമ്പനി ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എസ്എംഇ പ്ലാറ്റ്ഫോമില്‍ സെപ്റ്റംബര്‍ 21ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു.

10 രൂപ മുഖവിലയുള്ള 25,00,200 ഇക്വിറ്റി ഷെയറുകള്‍ 200 രൂപ വിലയ്ക്കാണ് ഐപിഒയില്‍ ലഭ്യമാകുക. മിനിമം ലോട്ട് സൈസ് 600 ഷെയര്‍. ഇങ്ങനെ 50.40 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ ലക്ഷ്യമിടുന്നത്. ഇഷ്യു 26-ന് അവസാനിക്കും. അരിഹന്ത് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍. മാഷിത്ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

കമ്പനിയുടെ ബാധ്യതകള്‍ കുറയ്ക്കാനും, പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഈ വിഭവ സമാഹരണത്തിനൊരുങ്ങുന്നത്.

ജൈവമാലിന്യ സംസ്‌കരണത്തില്‍ ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഡ്രൈ എ ഡി ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അനിറോബിക് ഡൈജക്ഷന്‍ (എഡി) അധിഷ്ഠിത മുനിസിപ്പല്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് സ്ഥാപിച്ച്, വിജയകരമായി നടത്തിവരുന്നു. ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പദ്ധതിക്ക് കീഴില്‍ മാതൃകാ പദ്ധതികള്‍ക്കുള്ള കേസ് സ്റ്റഡിയായി ഉള്‍പ്പെടുത്തിയിട്ടുള്ള സംരംഭമാണിത്. കേരള സര്‍ക്കാരിന്റെ കേന്ദ്രീകൃത ഖര മാലിന്യ സംസ്‌കരണ പദ്ധതികളുടെ ഭാഗമായ പാലക്കാട്, കണ്ണൂര്‍ വേസ്റ്റ് റ്റു എനര്‍ജി പദ്ധതികള്‍ അനുവദിച്ചിട്ടുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്നു ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ സ്ഥിരതയാര്‍ന്ന വരുമാന വളര്‍ച്ച കാഴ്ച വച്ചിട്ടുള്ള ഓര്‍ഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡിന്റെ 2022-2023 ലെ മൊത്തം വരുമാനം 25.34 കോടി രൂപയാണ്. 2021-22, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 17.56 കോടി രൂപയും, 15.78 കോടി രൂപയും ആയിരുന്നു. EBITDA ആകട്ടെ 11.49 കോടി (2022-23), 2.14 കോടി (2021-22), 3.26 കോടി (202-21) എന്നിങ്ങനെയും. സാരംഗ് ഭാണ്ഡ് പ്രൊമോട്ടര്‍ ആയ കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് നവി മുംബൈയിലെ വാഷിയിലാണ്.