പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഐപിഒ 18 മുതല്‍

Posted on: August 12, 2023

കൊച്ചി : മുന്‍നിര ഇന്‍ഡസ്ട്രിയല്‍ പാക്കേജിംഗ് കമ്പനിയായ പിരമിഡ് ടെക്നോപ്ലാസ്റ്റ് ലിമിറ്റഡ് പ്രഥമ ഓഹരി വില്പ്പന(ഐപിഒ)യിലൂടെ 153.05 കോടി രൂപ സമാഹരിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ ഓഹരി വില്പ്പന ആരംഭിക്കും. 22ന് അവസാനിക്കും. 151 രൂപ മുതല്‍ 166 വരെയാണ് ഒരു ഇക്വിറ്റി ഓഹരിയുടെ നിരക്ക്.

ഏറ്റവും കുറഞ്ഞത് 90 ഓഹരികളുടെ ലോട്ട് ആയാണ് വില്പ്പന. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായും വാങ്ങാം. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഐപിഒയുടെ 50 ശതമാനത്തിലും ഉയര്‍ന്ന ആസ്തിമൂല്യമുള്ള നിക്ഷേപകര്‍ക്ക് 20 ശതമാനത്തിലും കുറയാതെ നീക്കിവച്ചിരിക്കുന്നു. യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്ക് പരമാവധി 30 ശതമാനമാണ് ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

പുതിയ ഓഹരികളുടെ വില്പ്പനയിലൂടെ 91.30 കോടി രൂപയും ഉടമകളുടെ പക്കലുള്ള ഓഹരികളുടെ വില്‍പ്പനയിലൂടെ 61.75 കോടി രൂപയും സമാഹരിക്കുകയാണ് ലക്ഷ്യം. 10 രൂപ മുഖവിലയില്‍ ആകെ 92.20 ലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്. ഇതില്‍ 55 ലക്ഷം വരെ ഓഹരികള്‍ പുതിയ ഇഷ്യൂവും 37.20 ലക്ഷം ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റേതുമാണ്. സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും മറ്റു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും. 2023 സാമ്പത്തിക വര്‍ഷം 482 കോടി രൂപ വരുമാന നേടിയ കമ്പനിയുടെ അറ്റാദായം 31.76 കോടി രൂപയായിരുന്നു.