ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫെഡ് ഫിന ഐപിഒയ്ക്ക് ഒരുങ്ങുന്നു

Posted on: July 20, 2023

കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്ഫിന ആദ്യ ഓഹരി വില്പനയ്ക്ക് (ഐപിഒ) വീണ്ടും ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം സെബിയുടെ അനുമതി ലഭിച്ചെങ്കിലും വിപണി സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ഐപിഒ നടത്തിയില്ല. ഇക്കുറി വീണ്ടും അപേക്ഷിക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അനുമതി നല്‍കി.

സ്വര്‍ണപ്പണയ വായ്പകളും ഭവന വായ്പകളും ഈടിന്മേലുള്ള വായ്പകളും മറ്റും നല്‍കുന്ന ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിന. നിലവില്‍ 570ലേറെ ശാഖകളുള്ള ഫെഡ്ഫിന പ്രവര്‍ത്തനം വിപുലമാക്കാനാണ് ഓഹരി നിക്ഷേപം തേടുന്നത്.

2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന് 74% ഓഹരിയാണുള്ളത്. ഐപിഒയ്ക്ക് സെബി ഒരുവര്‍ഷ കാലാവധി വച്ചാണ് അനുമതി നല്‍കാറുള്ളത്. അതു കഴിഞ്ഞതിനെ തുടര്‍ന്നാണ് സെബിക്ക് വീണ്ടും അപേക്ഷ നല്‍കുന്നത്.

ഫെഡ്ഫിന ഇതിനകം 6556 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. 1153.5 കോടിയാണ് കമ്പനിക്ക് മൂല്യം കണക്കാക്കുന്നത്.