ജെ & കെ ബാങ്കിന്റെ ലാഭം 129 ശതമാനം വര്‍ധനയോടെ 465 കോടി രൂപയിലെത്തി

Posted on: May 18, 2019

കൊച്ചി: 2019 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജെ & കെ ബാങ്കിന്റെ അറ്റാദായം 129 ശതമാനം വര്‍ധനയോടെ 465 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ അറ്റാദായം 202 കോടി രൂപയായിരുന്നു.

മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 28.41 കോടി രൂപയില്‍നിന്ന് 214.8 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു.
2018-19-ല്‍ ബാങ്കിന്റെ വരുമാനം മുന്‍വര്‍ഷത്തെ 7116 കോടി രൂപയില്‍നിന്ന് 8487 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ബാങ്കിന്റെ വായ്പയില്‍ 23 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ പലിശ വരുമാന മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 3.65 ശതമാനത്തില്‍നിന്നു 3.84 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ബാങ്കിന്റെ ചെയര്‍മാനും സിഇഒയുമായ പര്‍വേസ് അഹമ്മദ് അറിയിച്ചു.

റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 1,61,864 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലെ 1,42,466 കോടി രൂപയേക്കാള്‍ 14 ശതമാനം കൂടുതലാണിത്. ഡിപ്പോസിറ്റ് 89,638 കോടി രൂപയും വായ്പ 72226 കോടി രൂപയുമാണ്. 2022-ഓടെ ബാങ്ക് 2.5 ലക്ഷം കോടി രൂപയുടെ ബിസിനസും 2000 കോടി രൂപ അറ്റാദായവുമാണ് ലക്ഷ്യമിടുന്നതെന്നും പര്‍വേസ് അഹമ്മദ് പറഞ്ഞു.

TAGS: J&K Bank |