സൗജന്യ ഡീമാറ്റ് സൗകര്യവുമായി മുത്തൂറ്റ് സെക്യൂരിറ്റീസ്

Posted on: August 22, 2018

കൊച്ചി : കടലാസ് രൂപത്തിലുള്ള ഓഹരി സർട്ടിഫിക്കറ്റുകൾ ഡീമാറ്റ് രൂപത്തിലേക്കു മാറ്റാൻ മുത്തൂറ്റ് സെക്യൂരിറ്റീസ് സൗജന്യ സേവനം ലഭ്യമാക്കി. സെബിയുടെ മാർഗനിർദേശമനുസരിച്ച് 2018 ഡിസംബർ അഞ്ചിനുശേഷം ഡീമാറ്റ് രൂപത്തിൽ മാത്രമേ മറ്റൊരാൾക്കു ഓഹരി കൈമാറുവാൻ സാധിക്കുകയുള്ളു. പേപ്പർ ഓഹരികളുടെ കൈമാറ്റത്തിനു സാധുതയുണ്ടാവില്ല.

രാജ്യത്ത് ഏതാണ്ട് മൂന്നു കോടിയോളം ആളുകൾക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ട്. ഇപ്പോഴും നല്ലൊരു പങ്ക് ഓഹരിയുടമകളും ലിസ്റ്റഡ് കമ്പനിയുടെ ഓഹരികൾ പോലും പേപ്പർ രൂപത്തിലുള്ള ഓഹരി സർട്ടിഫിക്കറ്റുകളായാണ് കൈവശം സൂക്ഷിക്കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ പറഞ്ഞു.

മുത്തൂറ്റ് സെക്യൂരിറ്റീസ് എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയിൽ ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റ് ആണ്. പേപ്പർ രൂപത്തിലുള്ള ഓഹരികൾ ഡീമാറ്റ് രൂപത്തിലേക്കു മാറ്റുവാൻ ഇടപാടുകാർക്ക് സൗജന്യമായി ആവശ്യമായ സഹായം മുത്തൂറ്റ് സെക്യൂരിറ്റീസ് ലഭ്യമാക്കും. 2018 നവംബർ 30 വരെയാണ് ഈ സേവനം ലഭിക്കുകയെന്ന് അദേഹം അറിയിച്ചു.