‘സിതയേ സുതനുവേ’ യുടെ ഓഡിയോ സി. ഡി റിലീസ് ചെയ്തു

Posted on: August 3, 2022

കൊച്ചി : വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്തെ ഏകീകരിക്കുവാന്‍ ഏറ്റവും അധികം സാധിക്കുന്നത് സംഗീതത്തിനാണെന്ന് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു. അന്തരിച്ച മലയാളം ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നാലാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ‘ദേവദാരു’, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഉമ്പായി ഒരോര്‍മ’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രാപ്യത തേടിയുള്ള തൃഷ്ണയാണ് ഏതൊരു മനുഷ്യനേയും മൂല്യമുള്ള ഒരു വ്യക്തിയാക്കുന്നതെന്നും കലയുടേയും സംഗീതത്തിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതില്‍ അഗാധമായി ഇഴകിച്ചേര്‍ന്നു എന്നതാണ് ഉമ്പായിയുടെ വിജയമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഉമ്പായിയെ കുറിച്ച് സതീഷ് കളത്തില്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററി, അറബിക്കടലിന്റെ ഗസല്‍ നിലാവിന്റെ ടൈറ്റില്‍ സോംഗ്, ‘സിതയേ സുതനുവേ’ യുടെ ഓഡിയോ സി. ഡി മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ.ഷൈലജ ടീച്ചര്‍ക്കു നല്‍കി ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു. സതീഷ് കളത്തിലിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് അഡ്വ. പി.കെ. സജീവും പാടിയത് ശിവദേവ് ഉണ്ണികുമാറുമാണ്. ചടങ്ങില്‍ ഗവര്‍ണ്ണര്‍, ഗസല്‍ ഗായകന്‍ ജിതേഷ് സുന്ദരത്തിനും കവിയും വിവര്‍ത്തകനുമായ വേണു വി. ദേശത്തിനും ദേവദാരു ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഉമ്പായി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എല്‍.എ, കളമശ്ശേരി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, സിനിമാ നടന്‍ നാസര്‍ ലത്തീഫ്, പിന്നണി ഗായകന്‍ സി. കെ. സാദിഖ്, എഴുത്തുകാരന്‍ വി. ആര്‍. രാജമോഹന്‍, ദേവദാരു പ്രസിഡന്റ് കെ.എം താജുദ്ദീന്‍, ഡോ. എന്‍.എസ്.ഡി.രാജു എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്, സി. കെ. സാദിഖിന്റെ നേതൃത്വത്തില്‍ ‘വീണ്ടും പാടാം സഖീ’ എന്ന ഉമ്പായി ഗസലുകളുടെ ആലാപനവും അരങ്ങേറി.