ഉമ്പായിക്ക് സമർപ്പണമായി ‘സിതയേ സുതനുവേ’:

Posted on: July 22, 2022

യശ്ശശരീരനായ മലയാള ഗസൽ ചക്രവർത്തി ഉമ്പായിക്ക് സമർപ്പണമായി, അദ്ദേഹത്തിൻറെ വേർപ്പാടിൻറെ നാലാം വാർഷികത്തിൽ(ആഗസ്റ്റ്-1) ഒരു പ്രണയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നു. ‘സിതയേ സുതനുവേ’ എന്ന പേരിൽ ഇറങ്ങിയ ഇതിലെ വരികൾ എഴുതിയത്, ഡോക്യുമെൻററി സംവിധായകനും കവിയുമായ സതീഷ് കളത്തിൽ ആണ്.  

2002ൽ യൂസഫലി കേച്ചേരി രചിച്ച്, ഉമ്പായി സംഗീതം നൽകി പാടിയ ജൂബിലി ഓഡിയോസിൻറെ ‘ഗസൽമാല’ ആൽബത്തിലെ ‘സുനയനേ സുമുഖീ’ എന്ന ഗസലിലെ വരികളെ അനുകരിച്ചാണ് ഈ സമർപ്പണ ഗസൽ  എഴുതിയിട്ടുള്ളത്. സുനയനേയുടെ ഈണത്തിനനുസൃതമായി പുതിയ ഓർക്കസ്ട്ര ചെയ്തത് സതീഷിൻറെ   സുഹൃത്തായ അഡ്വ. പി. കെ. സജീവാണ്.  സംഗീത സംവിധായകനായിരുന്ന അന്തരിച്ച ഉണ്ണികുമാറിൻറെ മകൻ ശിവദേവ് ഉണ്ണികുമാറാണ് ഈ ഗസൽ ആലപിച്ചത്.

ഈ ഗസലിന് പുറമേ വേറെ പത്ത് ഗസലുകൾകൂടി സതീഷ്  തയ്യാറാക്കിയിട്ടുണ്ട്. തികച്ചും സ്വതന്ത്രമായ വരികളാണ് ഇതിലുള്ളത്. ഈ ഗസലുകളിലൂടെ ഉമ്പായിയെകുറിച്ചുള്ള ഒരു മ്യൂസിക്കൽ ഡോക്യുമെൻററി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സതീഷ്. ‘സിതയേ സുതനുവേ’ എന്ന  ഗാനം ഡോക്യുമെൻററിയുടെ ടൈറ്റിൽ സോങ്ങ് ആയിരിക്കും.

ഇന്ത്യയിലെ പ്രശസ്ത സിത്താർ വിദ്വാനും സംഗീതജ്ഞനുമായ ഉസ്താദ് റഫീഖ് ഖാൻ, ഈ പ്രൊജക്ടിനുവേണ്ടി സതീഷിൻറെ ‘കടത്തുതോണിയിലെ പ്രണയദ്വീപ്’ എന്ന ഗസൽ സംഗീതം ചെയ്യുന്നുണ്ട്. ആൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയം അസിസ്റ്റൻറ് ഡയറക്ടർ ബി. അശോക് കുമാറാണ് ഈ ഗസൽ ആലപിക്കുന്നത്.

‘അറബിക്കടലിന്റെ ഗസൽ നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെൻററിയിൽ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും ഉമ്പായിയുടെ സഹോദരീപുത്രനുമായ പിന്നണി ഗായകൻ സി. കെ. സാദിഖാണ് ഗസൽ ഗായകനായി എത്തുന്നത്. ഉമ്പായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തികളിലൂടെയും സന്ദർഭങ്ങളിലൂടെയും കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും മറ്റും ചിത്രീകരിക്കുന്ന ഈ മ്യൂസിക്കൽ ഡോക്യുമെൻററിയുടെ ദൈർഘ്യം രണ്ടു മണിക്കൂറോളം വരും. സതീഷ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി. ആർ. രാജമോഹനും ഛായാഗ്രഹണം ചെയ്യുന്നത് നവിൻ കൃഷ്ണയുമാണ്.

തൃശ്ശൂർ ആസ്ഥാനമായി, ചുരുങ്ങിയ ചെലവിൽ ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഡിജിറ്റൽ ഫിലിം മേക്കേർഴ്സ് ഫോറം എന്ന സംഘടനയുടെ ചെയർമാൻ കൂടിയായ സതീഷ്, ഈ പ്രോജെക്ട് ചെയ്യാൻ ഉമ്പായിയേയും ഗസലുകളേയും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മൊബൈൽ നമ്പർ.7012490551, 9446761243.