മലയാളി ഹിപ്പ് ഹോപ്പ് താരം തിരുമാലിയുടെ പുതിയ ഗാനം ‘അളിയ’ പുറത്തിറങ്ങി

Posted on: April 2, 2022

തിരുവനന്തപുരം : തിരുമാലി എന്ന പേരില്‍ അറിയപ്പെടുന്ന മലയാളി റാപ്പറും ഗാനരചയിതാവും നടനുമായ വിഷ്ണു എംഎസിന്റെ പുതിയ ഗാനം ‘അളിയ’ പുറത്തിറങ്ങി. രാജ്യത്തെ ഹിപ്-ഹോപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള യൂണിവേഴ്‌സല്‍ മ്യൂസിക് ഇന്ത്യയുടെ പ്ലാറ്റ്ഫോമായ ഫൗണ്ട് ഔട്ടിലൂടെയാണ് വിഷ്ണു തന്റെ ആദ്യ ട്രാക്ക് പുറത്തിറക്കയത്. ‘അളിയ’ എന്ന് പേരിട്ടിരിക്കുന്ന ട്രാക്കിന്റെ തീം സൗഹൃദമാണ്. വീഡിയോ ലിങ്ക്: https://www.youtube.com/watch?v=D-nxn87ymgQ

‘കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ ഉള്ളില്‍ നിറയെ വരികളുമായി ഒരു ഐഡന്റിറ്റിക്കായി തിരയുകയായിരുന്നു. ഓരോ റിലീസിലും, ഞാന്‍ അത്യധികം സന്തോഷിക്കുകയും കൂടുതല്‍ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു. സൗഹൃദം ആഘോഷിക്കാന്‍ വേണ്ടി ഞാന്‍ സൃഷ്ടിച്ച പാട്ടാണ് ‘അളിയ’. നമുക്കെല്ലാവര്‍ക്കും നമ്മള്‍ വിശ്വസിക്കുന്ന, വിഷമകരമായ സമയങ്ങളില്‍ ആശ്രയിക്കാവുന്ന, സന്തോഷകരമായ ദിവസങ്ങളില്‍ അത് ആസ്വദിക്കുന്ന സുഹൃത്തുക്കളെ ആവശ്യമുണ്ട്. അതുതന്നെയാണ് ഈ ഗാനത്തിലൂടെ ഞാന്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്” പുതിയ ഗാനം പുറത്തിറക്കികൊണ്ട് തിരുമാലി പറഞ്ഞു.

പ്രശസ്തരായ മിക്ക റാപ്പര്‍മാരെയും പോലെ, ഇപ്പോള്‍ തിരുമാലി എന്നറിയപ്പെടുന്ന വിഷ്ണുവും നഗരപ്രാന്തങ്ങളില്‍ നിന്നാണ് വന്നത്. സത്യസന്ധതയും മഹത്വവും എന്നാണ് തിരുമാലിയുടെ അര്‍ത്ഥം. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോളേജ് പഠന ഉപേക്ഷിച്ച ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ മലയാളം റാപ്പിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എട്ടു വര്‍ഷം മുന്‍പാണ് തിരുമാലി റാപ്പ് ചെയ്യാന്‍ തുടങ്ങിയത്. കേരളത്തില്‍ മലയാളം റാപ്പിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് തിരുമാലി.

 

TAGS: Aliya Song |