കെസിബിസി മാധ്യമ കമ്മീഷൻ അഖിലകേരള നാടകമത്സരത്തിനു തുടക്കമായി

Posted on: November 5, 2018

ആരാധന തിരുവനന്തപുരത്തിന്റെ കനൽചിലമ്പ്

കൊച്ചി : കെസിബിസി മാധ്യമ കമ്മീഷന്റെ മുപ്പത്തൊന്നാമത് സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരത്തിനു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നിറഞ്ഞ സദസിനുമുമ്പിൽ ആരാധന തിരുവനന്തപുരം അവതരിപ്പിച്ച കനൽചിലമ്പ് എന്ന നാടകത്തോടെയായിരുന്നു മത്സരത്തിനു തുടക്കമായത്.

കിസാൻരാമന്റെ വിരലുകൾ (മലയാളനാടകവേദി, തിരുവനന്തപുരം) ആണ് ഇന്നത്തെ നാടകം. നവംബർ പതിനഞ്ചുവരെ ദിവസവും ആറുമണിക്കാണ് നാടകം ആരംഭിക്കുന്നത്. ഒരു സിനിമ തിരക്കഥ (മുദ്ര തിയേറ്റേഴ്‌സ് കൺസെപ്റ്റ്‌സ്, തൃശൂർ), വൈറസ് (സംസ്‌കൃതി തിരുവനന്തപുരം), കപടലോകത്തെ ശരികൾ (അമ്പലപ്പുഴ സാരഥി), പകിട (തൃശൂർ രജപുത്ര), ഇവൻ നായിക (ഓച്ചിറ നാടകരംഗം), ദൈവത്തിന്റെ പുസ്തകം (കായംകുളം സപര്യ), കുരുത്തി (തിരുവനന്തപുരം അക്ഷര), ഓർക്കുക വല്ലപ്പോഴും (കൊല്ലം അസ്സീസി), നയാപൈസ (കോഴിക്കോട് നവചേതന), അക്ഷരങ്ങൾ (കൊല്ലം ആവിഷ്‌കാര), ഇതാ, മനുഷ്യൻ (ബൈബിൾ നാടകം – കോട്ടയം ദർശന) എന്നിവയാണു മറ്റു നാടകങ്ങൾ.

ധാർമ്മികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും നാടകരൂപത്തിലൂടെ അവതരിപ്പിക്കുന്ന സമിതികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മത്സരം സംഘടിപ്പിച്ചിട്ടുള്ളതെന്നു മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.