ജയരാജിന്റെ വീരം 24 ന് റിലീസ് ചെയ്യും

Posted on: February 17, 2017

 

കൊച്ചി : മലയാളത്തിന്റെ ആദ്യ ഓസ്‌കാർ നോമിനേഷൻ ചിത്രമായ വീരം ഫബ്രുവരി 24 ന് തിയേറ്ററുകളിലെത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽബോളിവുഡ് താരമായ കുനാൽ കപൂറാണ് നായകൻ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തിൽ ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണ് കുനാൽ അവതരിപ്പിക്കുന്നത്. ദിവീന താക്കൂരാണ് നായിക.

ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. അതോടൊപ്പം തന്നെ വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയ്യാറാക്കുന്ന വീരം ഈ വർഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.

2006 ൽ തബുവിനൊപ്പം മീനാക്ഷി എ ടെയിൽ ഓഫ് ത്രീ സിറ്റീസിലുടെ അരങ്ങേറ്റം കുറിച്ച കുനാൽ കപൂർ അടുത്ത ചിത്രമായ രംഗ് ദേ ബസന്തിയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ്ഖാൻ ചിത്രമായ ഡിയർ സിന്ധഗിയിലും കുനാൽ മികച്ച കഥാപാത്രമായി എത്തിയിരുന്നു. വീരത്തിലൂടെ മലയാളത്തിലേക്കുള്ള വരവും ഗംഭീരമാക്കിയിരിക്കുകയാണ് കുനാൽ. നോക്കിലും മട്ടിലും തികച്ചും വ്യത്യസ്തമായി എത്തുന്ന വീരത്തിലെ കുനാലിന്റെ (ചന്തുവിനെ) കാണാൻകാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരങ്ങളായ ഋതിക് റോഷനും, രൻ ജോഹറും ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.

ചിത്രത്തിലെ പ്രധാന നായികയായ ദിവിന താക്കുറിന്റെ അരങ്ങേറ്റ ചിത്രമാണിത്. ഉണ്ണിയാർച്ചയായി എത്തുന്നത്ഹിമാർഷയാണ്. കണ്ണൂർ സ്വദേശിയായ ശിവജിത് നമ്പ്യാർ ആരോമൽ ചേകവരും ആരൻ ചൗധരി അരിങ്ങോടരുമായി സ്‌ക്രീനിലെത്തും. കേതകി, മാർട്ടിന, അഷറഫ് ഗുരുക്കൾ, ജസ്റ്റിൻ ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

വലിയ മുതൽ മുടക്കും വിവിധ ഭാഷകളിൽ ഒരേ സമയം നിർമിച്ചതും മാത്രമല്ല ലോകോത്തര സാങ്കേതിക പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ള നായക നായികാ കഥാപാത്രങ്ങളുമൊക്കെ സിനിമയുടെ പുതിയ പരീക്ഷണത്തിന്റെ ഭാഗമാകുന്നു. മലയാളമടക്കം മൂന്നു ഭാഷകളിൽ നിർമിക്കുന്ന ഈ ചിത്രം അനേകം വൈകാരിക പ്രകടനങ്ങൾ നിറഞ്ഞ ആക്ഷൻ ചിത്രമാണ്. കേരളത്തിന് പുറമേ ഔറംഗാബാദിലെ എല്ലോറാ ഗുഹകൾ, ഫാത്തേപുർസിക്രി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഡോ:എം.ആർ.ആർ. വാര്യരാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

വശ്യമായ ലൊക്കേഷനുകളും മനോഹരമായ ഗാനങ്ങളും ചേർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഗാനങ്ങൾഒരുക്കിയിരിക്കുന്നത് അർജുനൻ മാസ്റ്ററാണ്. കാവാലം നാരായണ പണിക്കരുടെതാണ് ഗാനരചന. എൺപത്തൊമ്പാമത് ഓസ്‌കാർ പുരസ്‌കാരത്തിനുള്ള മത്സരത്തിന്റെ ഒറിജിനൽസോംഗ് വിഭാഗത്തിൽ വീരം ഇംഗ്ലീഷിലുള്ള ‘വീ വിൽറൈസ് എന്ന ഗാനത്തിന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിരുന്നു. പ്രശസ്ത അമേരിക്കൻ സംഗീത സംവിധായകൻ ജെഫ് റോണയുടെ സംഗീത സംവിധാനത്തിൽ കരി കിമേൽ രചനയും ആലാപനവും നിർവഹിച്ചതാണ് ആ ഗാനം.

ദോഹ പ്രവർത്തന മേഖലയാക്കിയ രണ്ടു പ്രവാസി മലയാളികളുടെ മുതൽമുടക്കിൽ ഇന്ത്യയ്ക്കകത്തും പുറത്തും സംസാര വിഷയമായ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വീരം. ചന്ദ്രകലാ ആർട്ട്‌സിന്റൊ ബാനറിൽ ചന്ദ്രമോഹൻ പിള്ളയും പ്രദീപ് രാജനും ചേർന്നാണ് നിർമ്മിക്കുന്നത്.എക്‌സിക്യൂട്ടീവ് പ്രോഡ്യുസര്‌സുദർശൻ നായർ. ഹോളിവുഡിലെ നാല് പ്രഗത്ഭർ ഈ ചിത്രത്തിന്റെ അണിയറയിൽ പങ്കാളികളാണ്. അവതാർ, ലോർഡ് ഓഫ് റിങ്ങ്‌സ് എന്നീ ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫർ അലൻ പോപ്പിൽട്ടനാണ് വീരത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ഓസ്‌കാറും എമ്മിന്റെയും അവാർഡു നേടിയ മേക്കപ്പ് ആർട്ടിസ്റ്റ് ട്രെഫർപ്രൌഡ്, സംഗീത സംവിധായകൻ ജെഫ് റൊണെ, വിഷ്വൽ ഇഫക്റ്റ് കംമ്പോസറും കളറിസ്റ്റുമായ ജെഫ് ഓം തുടങ്ങിയവരാണിവർ.

ക്യാമറ എസ്.കുമാർ (ഐ.എസ്.സി), എഡിറ്റിംഗ് അപ്പു. എൻ. ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ ബസന്ത് പെരിങ്ങോട്, വസ്ത്രാലങ്കാരം പൂർണിമ ഓക്, പ്രീത.കെ. നമ്പ്യാർ, കുമാർ എടപ്പാൾ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ്രവിയും, സൗണ്ട് മിക്‌സിംഗ് സിനോയ് ജോസഫും ചെയ്തിരിക്കുന്നു. വിഷ്വൽഇഫെകറ്റ്‌സ് പ്രാണാ സ്റ്റുഡിയോയിലുമാണ് ചെയ്തത്. മാഫിയ ശശിയാണ് ചിത്രത്തിലെ അഡീഷനൽ സ്റ്റണ്ട്‌സ് ഒരുക്കിയത്, ചിത്രത്തിനായി കളരി പരിശീലിപ്പിച്ചത് ശിവകുമാർ ഗുരുക്കളാണ്. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പാലാ ചിത്രത്തിന്റെ പിആർഒ മഞ്ജു ഗോപിനാഥ്.

ചിത്രം പ്രദർശിപ്പിച്ച ഫെസ്റ്റിവലുകളിലൊക്കെ വമ്പിച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇതിലും നിറഞ്ഞ സ്വീകാര്യത തിയറ്റുകളിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീരത്തിന്റെ അണിയറ പ്രവർത്തകർ.

TAGS: Jayaraj | Veeram |