മസിൽമാന്റെ ബിസിനസുകൾ

Posted on: November 11, 2015

Abu-Salim-Big-a

കേരളത്തിലും മലയാളികൾക്കിടയിലും ഏറെ പ്രതീക്ഷകളും മുന്നേറ്റങ്ങളും നടന്ന കാലമായിരുന്നു 1980. ലാലേട്ടനും മമ്മൂക്കയും സിനിമയിലെത്തിയതും 80 കളിലാണ്. സച്ചിന്റെ ക്രിക്കറ്റ് ജീവിതവും മാരുതി 800 ഉം എൺപതുകളിലാണ് എത്തിയത്. ഭാവസുന്ദരങ്ങളായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളും ഉണ്ടായത് അക്കാലത്താണ്. അങ്ങനെ പല സവിശേഷതകൾ കൊണ്ടും മധുരം കിനിയുന്ന ഓർമ്മകളുടെ ഒരു പൂക്കാലമാണ് എൺപതുകൾ.

ആ ഒരു നല്ല കാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾക്കു വേണ്ടിയാണ് മലയാള സിനിമയിലെ മസിൽ മാൻ – അബു സലിം വയനാട് കൽപ്പറ്റയിൽ മലബാർ വിഭവങ്ങൾക്ക് മാത്രമായി ഒരു ഭക്ഷണശാല ഒരുക്കിയത്. കടയുടെ പേരാകട്ടെ 1980 ‘s A Nostalgic Restaurant. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ സ്ഥിരം താവളമായി മാറിയ ഭക്ഷണശാലയുടെ വിശേഷങ്ങൾ അബുസലിം പങ്കിടുന്നു.

വയനാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് മലബാർ വിഭവങ്ങളുടെ രുചി അറിയാൻ ഒരിടം വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് കല്പറ്റ ടൗണിനടുത്ത് ബൈപാസ് റോഡിൽ 1980’s A Nostalgic Resturent ന് ഞാൻ തുടക്കമിട്ടത്. കേരളീയ ശില്പ മാതൃകയിലുളള തറവാടിന്റെ രീതിയിലാണ് റെസ്റ്റോറന്റ് ഒരുക്കിയിട്ടുളളത്.

ബ്രേക്ക് ഫാസ്റ്റ്

പൂരി, ഊത്തപ്പം, ഇഡ്ഡലി, ദോശ, അപ്പം, പത്തിരി, പുട്ട്, മസാലദോശ തുടങ്ങി എല്ലാ പ്രഭാത ഭക്ഷണങ്ങളും ഇവിടെ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. നാടൻ ചിക്കൻ കറി, മീൻ കുടംപുളിയിട്ട് വറ്റിച്ച കറി, മുട്ടക്കറി , വെജിറ്റബിൾ കുറുമ തുടങ്ങിയവയാണ് ബ്രേക്ക് ഫാസ്റ്റ് സ്‌പെഷ്യൽ വിഭവങ്ങൾ.

ലഞ്ച്

ബിരിയാണിയാണ് സ്‌പെഷ്യൽ ഫുഡ് ഐറ്റം. പിന്നെ 11 തരം കറികളോടുകൂടിയ സ്‌പെഷ്യൽ ഊണും. അത് വെജും നോൺ വെജിറ്റേറിയനും ഉണ്ട്. ഫിഷ്, ചിക്കൻ, ബീഫ്, മട്ടൻ ഇവയാണ് ബിരിയാണി ഇനങ്ങൾ. തികച്ചും മലബാർ വിഭവങ്ങളുടെ രുചിയും ഗന്ധവുമുളള ബിരിയാണി കൊതിയൂറുന്നതു തന്നെയാണ്.

ഡിന്നർ

പിടിക്കോഴി – നാടൻ കോഴി പൊരിച്ചത്, മട്ടൺ തല വറ്റിച്ചത്, പെപ്പർ ചിക്കൻ, നാടൻ പെപ്പർ ചിക്കൻ, മട്ടൺ നിർത്തി പൊരിച്ചത് തുടങ്ങിയവയാണ് അത്താഴത്തിന്റെ സ്‌പെഷ്യൽ വിഭവങ്ങൾ. എല്ലാം തനി നാടൻ വിഭവങ്ങളാണ്. മലബാറിൽ നിന്നുളള പച്ചക്കറികളും പലവ്യഞ്ജനങ്ങളുമാണ് ഉപയോഗിക്കുന്നത്. പച്ചക്കറിയിൽ ഒട്ടുമിക്കതും റെസ്റ്റോറന്റിന് സമീപം തന്നെ നട്ടുവളർത്തുന്നന്നതുമാണ്.

സ്‌പെഷൽ മിന്റ് ടീ

ഏറ്റവും സ്‌പെഷ്യൽ ഇനമാണ് മിന്റ് ടീ. റെസ്റ്റോറന്റിന് സമീപം തന്നെ നട്ടുവളർത്തിയ മിന്റ് കൊണ്ടുണ്ടാക്കുന്ന ടീ ഏറെ രുചിയുളളതാണ്. സുഗന്ധമുളള ഈ മിന്റ് ടീ വയനാട് ചുരം കയറി വരുന്നവർക്ക് ഉന്മേഷം പകരുമെന്നതിൽ തർക്കമില്ല. ചായപ്പൊടിയും കല്പറ്റയിൽനിന്ന് തന്നെ കൃഷി ചെയ്യുന്നതാണ്. റെസ്റ്റോറന്റിന് സമീപമുളള പ്രത്യേകം തയ്യാറാക്കിയ ടെന്റിൽ ശനിയാഴ്ച ദിവസങ്ങളിൽ രാത്രിയിൽ ക്യാമ്പ് ഫയറും സജ്ജമാക്കിയിട്ടുണ്ട്.

ഫിറ്റ്‌നസ് സെന്ററിന്റെ വിശേഷങ്ങൾ

ചെറുപ്പം മുതലേ ഫിറ്റ്‌നസ് സെന്റർ ആരംഭിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് കോഴിക്കോട് എവർഷൈൻ ഫിറ്റ്‌നസ് സെന്റർ ഞാൻ തുടങ്ങിയത്. അതിന്റെ ബ്രാഞ്ച് കല്പറ്റയിൽ ആരംഭിച്ചെങ്കിലും ചില ബുദ്ധിമുട്ടുകൾ മൂലം അത് നിർത്തിവെച്ചു. കോഴിക്കോട്ടെ സെന്റർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വ്യായാമത്തിനുളള ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും അവിടെയുണ്ട്.

ശരീരത്തിന്റെയും മനസ്സിന്റെയും സുരക്ഷയ്ക്ക് വ്യായാമം അത്യാവശ്യമാണ്. ഫിറ്റ്‌നസ് സെന്ററുകളിൽ ശരീരത്തിനും മനസ്സിനും ഉള്ള വ്യായാമമുറകളുണ്ട്. ഏത് വ്യയാമവും ആരംഭിക്കുന്നതിന് മുമ്പ് മനസ്സിന്റെ നിയന്ത്രണവും മനസ്സിന് വേണ്ട വ്യായാമവുമാണ് ചെയ്യേണ്ടത്. യോഗയിലും മറ്റും അനുശാസിക്കുന്ന ക്രിയകൾ ചെയ്യാവുന്നതേയുള്ളൂ. വിവിധ ഫിറ്റ്‌നസ് സൗന്ദര്യ മത്സരങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. 1981 ലാണ് ആദ്യമായി അത്തരം മത്സരത്തിൽ പങ്കെടുത്തത്. 82 ൽ മിസ്റ്റർ കേരളയും 83 ൽ മിസ്റ്റർ സൗത്ത് ഇന്ത്യയുമായി. 84 ഉം 92 ലും മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുത്തു. 92 ൽ മിസ്റ്റർ ഏഷ്യ മത്സരത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി. പിന്നീട് ഫിറ്റ്‌നസ് മത്സരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടില്ല.

വിട്ടുവീഴ്ചയില്ലാത്ത വ്യായാമം

രാവിലെ ആറ് മണിക്ക് ഉണരും. പ്രഭാതകൃത്യങ്ങൾക്ക് ശേഷം വ്യായാമം തുടങ്ങും. ക്ലബിലും ഫിറ്റ്‌നസ് സെന്ററിലും പോയാണ് വ്യായാമം. അത് ഏതാണ്ട് 10 മണി വരെ നീളും. ആഹാരത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. സാമാന്യം നല്ല രീതിയിൽ ഭക്ഷണം കഴിക്കും. നോൺ വെജ് വിഭവങ്ങളാണ് കൂടുതലും ഇഷ്ടം. അതിൽ ബീഫാണ് ഏറെ ഇഷ്ടം. കൃത്യ സമയത്ത് ആഹാരം കഴിക്കണമെന്നൊന്നുമില്ല. ഷൂട്ടിങ്ങിലാണെങ്കിൽ പിന്നെ കൃത്യമായി ആഹാരം കഴിക്കാൻ കഴിയും. വീട്ടിലാണെങ്കിലും ഷൂട്ടിലാണെങ്കിലും വ്യായാമം ചെയ്യുന്ന കാര്യത്തിൽ ഒരു മടിയുമില്ല. നന്നായി ആഹാരം കഴിച്ച് നന്നായി വ്യായാമം ചെയ്യണം അതാണ് എന്റെ പോളിസി. നല്ലപോലെ ആഹാരം കഴിച്ചില്ലെങ്കിൽ നമുക്ക് ആവതുണ്ടാവില്ല. ഭക്ഷണം കഴിച്ചാൽ മാത്രംപോര അതിനനുസരിച്ചുളള ജോലിയും വ്യായാമവുമാണ് നിർബന്ധം.

റോൾ മോഡൽ

ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്‌നെഗർ ആണ് എന്റെ റോൾ മോഡൽ. ശരീര സൗന്ദര്യ രംഗത്തേക്ക് എന്നെ വരാൻ പ്രേരിപ്പിച്ചത് അദ്ദേഹത്തോടുളള ആരാധനയാണ്. അദ്ദേഹത്തെ നേരിൽ കാണണമെന്നുളളത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വിക്രം നായകനായ ഐ എന്ന സിനിമയുമായി ബന്ധപ്പെട്ട് അർണോൾഡ് ഷ്വാസ്‌നെഗർ ചെന്നൈയിൽ എത്തിയപ്പോൾ ഞാൻ നേരിൽ പോയി കണ്ടു. അദ്ദേഹവുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ശരീരം നന്നായി സൂക്ഷിക്കണമെന്നാണ് അദ്ദേഹം നൽകിയ ഉപദേശം.

അല്പം വീട്ടുകാര്യങ്ങൾ

കല്പറ്റ ടൗണിനടുത്ത് എന്റെ തറവാടിനടുത്തു തന്നെയാണ് ഞാനും കുടുംബവും താമസിക്കുന്നത്. സമീപത്തുതന്നെയാണ് സഹോദരങ്ങളും മറ്റും. സിനിമയിൽ വരുന്നതിന് മുമ്പ് കേരള പോലീസിലായിരുന്നു. സബ് ഇൻസ്‌പെക്ടർ പദവിയിലിരിക്കെ 2012 ൽ സർവീസിൽ നിന്നും വിരമിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹം 1982 ലായിരുന്നു, ഭാര്യ ഉമ്മുക്കുലുസു. രണ്ട് മക്കളാണ് സാബിതയും സാനുവും. ഇരുവരും വിവാഹിതരായി. മകളും കുടുംബവും ഓസ്‌ട്രേലിയലിലാണ് താമസം. മോഹൻലാലിനോടൊപ്പം കുരുക്ഷേത്രയിൽ സാനു അഭിനയിച്ചിട്ടുണ്ട്.

പി. ആർ. സുമേരൻ