രാധാനഗർ ഇന്ത്യയിലെ മികച്ച ബീച്ചെന്ന് ട്രിപ്പ് അഡൈ്വസർ

Posted on: February 23, 2015

Radhanagar-beach-big

കൊച്ചി : ട്രിപ്പ്അഡൈ്വസർ 2015 ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചായി ആൻഡമാൻ & നിക്കോബാർ ദ്വീപ സമൂഹങ്ങളുടെ ഭാഗമായ ഹാവ്‌ലോക്ക് ഐലന്റിലെ രാധാനഗർ തെരഞ്ഞെടുക്കപ്പെട്ടു.

ഗോവയിലെ അഗോണ്ട, പലോലിം ബീച്ചുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ, നാലാം സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം വർക്കല ബീച്ചാണ്. തമിഴ് നാട്ടിലെ ധനുഷ്‌കോടി ബീച്ച് ഏഴാം സ്ഥാനത്താണ്. ആദ്യ പത്തിലെ മറ്റു സ്ഥാനങ്ങളെല്ലാം ഗോവൻ ബീച്ചുകൾക്കാണ്. കോവളം ലൈറ്റ്ഹൗസ് ബീച്ച് 13-ാം സ്ഥാനത്തും മാരാരി ബീച്ച് 15-ാം സ്ഥാനത്തും, മുഴപ്പിലങ്ങാട് ഡ്രൈവ്ഇൻ ബീച്ച് 18-ാം സ്ഥാനത്തും ഇടം പിടിച്ചു. ആദ്യ 25 സ്ഥാനക്കാരിൽ 11 ബീച്ചുകളും ഗോവയിൽ നിന്നാണ്. 4 ബീച്ചുകളുമായി കേരളമാണ് ടോപ്പ് 25 ലിസ്റ്റിൽ രണ്ടാമത്.

മികച്ച ബീച്ചുകളുടെ ഏഷ്യൻ ലിസ്റ്റിൽ രണ്ടാമതാണ് രാധാനഗർ ബീച്ച്. വർക്കല ബീച്ച് 12-ാം സ്ഥാനത്തും. ഫിലിപ്പൈൻസിലെ വൈറ്റ്ബീച്ച് ആണ് ഏഷ്യയിലെ മികച്ച ബീച്ച്. ആഗോളതലത്തിൽ ഏറ്റവും മികച്ച ബീച്ച് ബ്രസീലിലെ ബേയ ദോ സാൻചോ ആണ്. ഫോർട്ടലേസയ്ക്ക് സമീപമുള്ള ഫെർണാണ്ടോ ദി നൊറോണയെന്ന ദ്വീപിലാണ് ഈ അതിമനോഹര തീരം.