കൊച്ചി ഏപ്രിൽ മുതൽ വൈ-ഫൈ നഗരം

Posted on: January 6, 2015

Wi-Fi-Big

കൊച്ചി ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ വൈ-ഫൈ നഗരമാകും. കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ്, തുടങ്ങിയവ ഉപയോഗിക്കാനാവുന്ന വൈ-ഫൈ സംവിധാനം ബിഎസ്എൻഎൽ ന്റെ സഹകരണത്തോടെ കൊച്ചി നഗരത്തിൽ ലഭ്യമാകുമെന്ന് മേയർ ടോണി ചമ്മണി, ബിഎസ്എൻഎൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ എന്നിവർ പറഞ്ഞു.

നിലവിൽ മൊബൈൽ ഫോൺ, ലാൻഡ്‌ലൈൻ എന്നിവ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും വൈ-ഫൈ ലഭ്യമാകുക. ആദ്യഘട്ടത്തിൽ ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, മറൈൻഡ്രൈവ്, ഹൈക്കോർട്ട്, സുഭാഷ് പാർക്ക്, കൊച്ചി കോർപറേഷൻ മെയിൻ ഓഫീസ്, ജോസ് ജംഗ്ഷൻ, വൈറ്റില മൊബിലിറ്റി ഹബ്, ഇടപ്പള്ളി ജംഗ്ഷൻ, കലൂർ എന്നീ 10 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വൈ-ഫൈ സംവിധാനം ലഭ്യമാകുക. ഓരോ പ്രദേശത്തെയും ഹോട്ട് സ്‌പോട്ട് സംവിധാനത്തിനു കീഴിൽ 300 മീറ്റർ പരിധിക്കുള്ളിൽ വൈ-ഫൈ സൗകര്യം ലഭിക്കും. 10 എംബി ആയിരിക്കും ഓരോ സ്ഥലത്തും ലഭിക്കുന്ന ബാൻഡ്‌വിഡ്ത്ത്.

ക്വാഡ്ജൻ കമ്പനിക്കാണു ബില്ലിംഗ് സംവിധാനത്തിന്റെ ചുമതല. പദ്ധതിയിൽ ഒരു ദിവസം ആദ്യത്തെ 15 മിനിറ്റ് ഉപയോക്താക്കൾക്കു സൗജന്യമായി വൈ-ഫൈ ഉപയോഗിക്കാം. വൈ-ഫൈ ലഭിക്കുന്നതിനു മൊബൈൽ ഫോണിലൂടെ രജിസ്റ്റർചെയ്യണം. വൗച്ചറുകൾ വഴിയും ഓൺലൈൻ സംവിധാനം വഴിയും വൈ-ഫൈ റീ ചാർജ് ചെയ്യാനാകുമെന്നും മേയർ പറഞ്ഞു.