മോണ്ട്രാ ടൂർ നീൽഗിരീസ് 2014 സൈക്കിൾ റാലി

Posted on: December 25, 2014

Montra-Tour-of-Nilgiris-Big

റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഏഴാമതു വാർഷിക സൈക്കിൾ റാലി മൂന്നാറിൽ സമാപിച്ചു. കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി 900 -ത്തിൽ ഏറെ കിലോമീറ്ററാണ് 81 പേർ പങ്കെടുത്ത  റാലി കടന്നു പോയത്. ബംഗലുരുവിൽ നിന്നാരംഭിച്ച് മൈസൂർ, ഊട്ടി, പാലക്കാട്, വാൽപ്പാറ വഴിയാണ് റാലി മൂന്നാറിലെത്തിയത്.

വാൽപ്പാറ വഴിയുള്ള സോസ് പാൻ എന്ന പേരിൽ വിളിക്കുന്ന 173 കിലോമീറ്റർ റൂട്ടിലൂടെയായിരുന്നു മൂന്നാറിലേക്കുള്ള സമാപന റൈഡിങ്ങ്. പത്ത് വിദേശ സൈക്കിളിസ്റ്റുകൾ, ഏഴു വനിതകൾ എന്നിവരും എട്ടു ദിവസത്തെ റാലിയിൽ പങ്കെടുത്തിരുന്നു.

അഞ്ചു വന്യജീവി സങ്കേതങ്ങളിലൂടേയായിരുന്നു മോണ്ട്ര ടൂർ ഓഫ് നീൽഗിരീസ് 2014 ന്റെ യാത്ര. കർണാടകത്തിലെ ബന്ദിപ്പൂർ നാഷണൽ പാർക്ക്, തമിഴ്‌നാട്ടിലെ മുകുർതി നാഷണൽ പാർക്ക്, ഇന്ദിരാ ഗാന്ധി വൈൽഡ് ലൈഫ് സാഞ്ച്വറിയും നാഷണൽ പാർക്കും കേരളത്തിലെ ചിന്നാർ വൈൽഡ് ലൈഫ് സാഞ്ച്വറി എന്നിവയിലൂടെയായിരുന്നു റാലി.

സൈക്കിൾ റാലിക്കൊപ്പം സാമൂഹ്യ സേവന സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. വിദ്യോദയയ്ക്കു വേണ്ടിയുള്ള മഗേന്ദർ രാജശേഖരൻ, യുകെ യിലെ സന്നദ്ധ സംഘടനയ്ക്കു വേണ്ടിയുള്ള പീറ്റർ ബെറിഡ്ജ്, സിത ഭട്ടേജിയ ആശുപത്രിക്കു വേണ്ടിയുള്ള വിവേക് ഭട്ടേജ തുടങ്ങിയവരുടെ പങ്കാളിത്തം ഇത്തരത്തിൽ ശ്രദ്ധേയമായി.

ലോകത്തിലെ ഏറ്റവും മനോഹരമായ ചില കയറ്റങ്ങളിലൂടെ കടന്നു പോകുന്നതായിരുന്നു ടൂർ ഓഫ് നീൽഗിരീസിന്റെ ഏഴാമത് എഡിഷൻ എന്ന് റൈഡ് എ സൈക്കിൾ ഫൗണ്ടേഷന്റെ സഹ സ്ഥാപകനായ ശ്രീധർ പബിസെട്ടി ചൂണ്ടിക്കാട്ടി. ഇതിൽ ഏറ്റവും വലിയ പരീക്ഷണം വാൽപ്പാറ- മൂന്നാർ കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.