കൊച്ചി മാരിയറ്റ് ഹോട്ടൽ 21 ന് തുറക്കും

Posted on: December 17, 2014

Lulu-Marriot-Big

യുഎസ് ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഇന്റർനാഷണൽ പദ്മശ്രീ എം എ യൂസഫലിയുടെ ലുലുഗ്രൂപ്പുമായി ചേർന്ന് ആരംഭിക്കുന്ന കൊച്ചിയിലെ മാരിയറ്റ് ഹോട്ടൽ 21 ന് തുറക്കും. രാവിലെ 11 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കും.

18 നിലകളുള്ള ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത കെട്ടിടത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡാണ്. വ്യോമയാന നിയമങ്ങൾക്കനുസരിച്ച് നിർമ്മിച്ച ഹെലിപാഡുള്ള ഇന്ത്യയിലെ മൂന്നാമത്തെയും കേരളത്തിൽ ആദ്യത്തെയും ഹോട്ടലാണിത്.

അതിവിശാലമായ 274 മുറികളാണ് മാരിയറ്റിലുള്ളത്. ഇവയിൽ ഒരു പ്രസിഡൻഷ്യൽ സ്യൂട്ട്, ഒരു വൈസ് പ്രസിഡൻഷ്യൽ സ്യൂട്ട്, 25 സ്യൂട്ടുകൾ എന്നിവയും ഉൾപ്പെടുന്നു. ആഡംബരവും ആധുനികതയും സമ്മേളിക്കുന്നവയാണ് ഓരോ മുറികളും. 46 ഇഞ്ച് എൽഇഡി ടിവി, ഐപ്പോഡോക്കി സ്‌റ്റേഷൻ, വൈഫൈ, ഇലക്ട്രോണിക് സേഫ് തുടങ്ങിയ നിരവധി പ്രത്യേകതകളാണുള്ളത്. സ്വിമ്മിംഗ്പൂൾ, ജിംനേഷ്യം, ഇരുന്നൂറോളം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.

രാത്രി 11 വരെ പ്രവർത്തിക്കുന്ന കൊച്ചി കിച്ചൺ, വിവിധ സംസ്‌കാരത്തിൽ അധിഷ്ഠിതമായ വിഭവങ്ങൾ വിളമ്പുന്ന കസവ് തുടങ്ങിയ നാല് റെസ്റ്റോറന്റുകൾ കൊച്ചി മാരിയറ്റിലുണ്ട്. 600 അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ബാൾറൂമാണ് മറ്റൊരു പ്രത്യേകത. വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള എട്ട് വ്യത്യസ്തങ്ങളായ മീറ്റിംഗ് റൂമുകളും മാരിയറ്റിലുണ്ട്.

ആരോമതെറാപ്പി, ആയുർവേദം എന്നിവയുൾപ്പെടുന്ന ആധുനിക സ്പായും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികൾക്കായി ബിസിനസ് സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനികമായ എക്‌സിക്യൂട്ടീവ് ലോഞ്ച് മറ്റൊരു സവിശേഷതയാണ്. ഈ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോഞ്ച് കൊച്ചി മാരിയറ്റിലാണ്.

കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് അതിഥി സൗകര്യങ്ങളുടെ പുതിയ ലോകമാണ് മാരിയറ്റ് ഹോട്ടൽ എന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം എ യൂസഫലി പറഞ്ഞു. ലുലു മാളിലെത്തുന്ന ആഭ്യന്തര – വിദേശ സഞ്ചാരികൾക്ക് ഹോട്ടൽ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.