ഇ-വിസ, ടൂറിസം വളർച്ച ഇരട്ടിയാക്കുമെന്ന് ശ്രീപദ് നായിക്

Posted on: November 6, 2014

London-Tourism-Fair--India-

ഇ-വിസ സംവിധാനം ടൂറിസം വളർച്ച ഇരട്ടിയാക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് പ്രസ്താവിച്ചു. ലണ്ടനിൽ വേൾഡ് ട്രാവൽ മാർക്കറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഘൂകരിച്ച വിസാ നിയമങ്ങൾ, ടൂറിസം ഉത്പന്നങ്ങളുടെ വികസനം, ആകർഷകമായ വിപണി സംരംഭങ്ങൾ എന്നിവ വിനോദ സഞ്ചാര വളർച്ചയ്ക്ക് സഹായകമായ ഘടകങ്ങളാണ്.

അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ഇന്ത്യയിലേക്കുള്ള വരവിൽ പ്രതിവർഷം ആറുമുതൽ ഏഴു ശതമാനം വരെ വർധന ഉണ്ട്. 2013-ൽ ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം ഏഴ് ദശലക്ഷം വരും. 2012 നെ അപേക്ഷിച്ച് 5.9 ശതമാനം വളർച്ച. ഇക്കൊല്ലം സെപ്തംബർ വരെ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 7.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

നിരവധി രാജ്യങ്ങളിലെ സഞ്ചാരികൾക്കുവേണ്ടി ടൂറിസം മന്ത്രാലയം, വിസ ഓൺ അറൈവൽ ഹോട്ടലുകളുടേയും റസ്റ്റോറന്റുകളുടേയും ക്ലാസിഫിക്കേഷൻ-റീക്ലാസിഫിക്കേഷൻ നടപടിക്രമങ്ങളുടെ ലഘൂകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ www.incredibleindia.org എന്ന ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ചൈനീസ്, അറബിക്, ഫ്രഞ്ച്, ജർമൻ, കൊറിയൻ, ജാപ്പനീസ് ഭാഷകളിലേക്ക് തർജിമ ചെയ്തിട്ടുണ്ട്.

വിസ ഓൺ അറൈവൽ സ്‌കീം, ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവ 12 രാജ്യങ്ങൾക്ക് ബാധകമാക്കിയപ്പോൾ വിനോദസഞ്ചാരികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2014 ജനുവരി മുതൽ സെപ്തംബർ വരെ 19290 വിസ ഓൺ അറൈവൽ ആണ് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39.2 ശതമാനം വർധന.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു പുറമെ ഇന്ത്യയിൽ നിന്നും കേരളം ഉൾപ്പടെ 47 പ്രദർശകർ മേളയിലുണ്ട്. ഐറ്റിടിസി, ഇന്ത്യൻ റെയിൽ, ഐആർസിറ്റിസി ഉൾപ്പടെ മൊത്തം 172 ഇന്ത്യൻ കമ്പനികളാണ് ഇന്ത്യൻ പവിലിയണിൽ ഉള്ളത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരമായ വാരണാസിയും മധ്യപ്രദേശിലെ സാച്ചിയിലെ സ്തൂപവുമാണ് ഇന്ത്യൻ പവലിയനിലെ പ്രധാന ആകർഷണങ്ങൾ.