പ്രതികൂല സാഹചര്യങ്ങളിലും കേരള ടൂറിസത്തിന് വളര്‍ച്ച

Posted on: February 14, 2019

തിരുവനന്തപുരം : മഹാപ്രളയത്തിലും നിപ ബാധ പോലെയുള്ള പ്രതികൂല സാഹചര്യങ്ങളിലും തളരാതെ മുന്നേറിയ കേരള ടൂറിസം കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും തലേ വര്‍ഷത്തേക്കാള്‍ വളര്‍ച്ച നേടി. വിനോദസഞ്ചാരം വഴി കഴിഞ്ഞവര്‍ഷം 8764.46 കോടി രൂപയുടെ വിദേശനാണ്യം ഉള്‍പ്പെടെ 36528.01 കോടി രൂപയുടെ വരുമാനമാണ് കേരളത്തിനു ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 2874.33 കോടി രൂപയാണ് അധികമായി നേടാനായത്. വിദേശനാണ്യ വരുമാനത്തിലും 372.35 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി.

കേരളത്തിന്റെ സൗന്ദര്യം നുകരാന്‍ 2018 ല്‍ 10.96 ലക്ഷം വിദേശ സഞ്ചാരികളുള്‍പ്പെടെ 167 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതില്‍ 156 ലക്ഷം പേര്‍ ആഭ്യന്തര വിനോദസഞ്ചാരികളാണ്. 2017ല്‍ 157.65 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. മൊത്തം വിനോദസഞ്ചാരികളുടെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം 5.93 ശതമാനം വളര്‍ച്ച നേടാനായി. ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത്, രണ്ടു ലക്ഷത്തിലേറെ പേര്‍. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തുനിന്ന് ഇത്രയധികം സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്. ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടു പിന്നിലുണ്ട്. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വളര്‍ച്ച കൈവരിക്കാനായി.

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവില്‍ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 20 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ മെയ് മാസത്തിലെ നിപ പകര്‍ച്ചവ്യാധിയും ആഗസ്റ്റിലെ പ്രളയവും വിനോദസഞ്ചാരികളുടെ വരവില്‍ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും നടത്തിയ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാര മേഖലയെ ഉണര്‍വ്വിന്റെ പാതയിലെത്തിക്കാനായി.
പ്രളയത്തേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കകത്തും പുറത്തും നിന്ന് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ സഞ്ചാരികളായെത്തിയെന്നത് ശ്രദ്ധേയമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വൈവിധ്യവല്‍ക്കരണത്തിലൂന്നിയ പെപ്പര്‍ പോലുള്ള ജനകീയ പദ്ധതികളിലൂടെ വിനോദ സഞ്ചാര മേഖലയില്‍ ഇനിയും നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ടൂറിസം വകുപ്പിന്റേയും വ്യവസായത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും കഠിനാധ്വാനത്തിലൂടെയാണ് വരുമാന വര്‍ദ്ധനവ് നേടാനായത്. സമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഉപയോഗിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായതായും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചരിക്കുന്നതുകൊണ്ട് ഇതിലേറെ വിനോദസഞ്ചാരികള്‍ ഇക്കൊല്ലം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. എണ്ണത്തേക്കാളേറെ ഗുണത്തിനു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.