ഉത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ ലോകത്തെ നയിക്കുന്നത് കേരളം : ഡോ. ഹാരോള്‍ഡ് ഗുഡ്‌വിന്‍

Posted on: January 29, 2019

തിരുവനന്തപുരം : ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ ലോകത്താകമാനം നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് നേതൃത്വപരമായ പങ്കുണ്ടെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്ടറുമായ ഡോ.ഹാരോള്‍ഡ് ഗുഡ്‌വിന്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘടിപ്പിച്ച രാജ്യാന്തര സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതില്‍ കൂടുതല്‍ ജനകീയത കേരളത്തിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ മികച്ച വാസകേന്ദ്രമായി മാറ്റുന്നതിന് വിനോദസഞ്ചാരത്തെ നാം ഉപയോഗപ്പെടുത്തണം. മുടക്കുന്ന പണത്തിനനുസരിച്ചുള്ള മൂല്യാധിഷ്ഠിത അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്. സുതാര്യതയാണ് ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന്റെ അടിത്തറയെന്നും ഡോ.ഹാരോള്‍ഡ് ഗുഡ്‌വിന്‍ പറഞ്ഞു.

ടൂറിസം ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി അവയുടെ മൂല്യവര്‍ദ്ധനവ് നടത്തുന്നതിനും കഴിയണം. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ചൂഷണം അവസാനിപ്പിക്കണമെന്നും പെപ്പര്‍ പ്രോജക്ട് ആന്‍ഡ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജസ് എന്ന വിഷയത്തില്‍ മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ അദ്ദേഹം പറഞ്ഞു.

നിലവില്‍ 13500 യൂണിറ്റുകളുള്ള ആര്‍ടി മിഷന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളായി വര്‍ദ്ധിപ്പിച്ച് പ്രത്യക്ഷമായും പരോക്ഷമായും രണ്ടര ലക്ഷം ഗുണഭോക്താക്കളുള്ള സംരംഭമായി മാറുമെന്ന് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പെപ്പര്‍ എന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ച് സംസാരിക്കവേ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് വ്യക്തമാക്കി. ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കിയാണ് വിനോദസഞ്ചാര മേഖലയിലെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നവീന ഉല്പന്നങ്ങളിലൂടെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പ്രദാനം ചെയ്യല്‍, വിനോദസഞ്ചാരകേന്ദ്ര വികസനം, പ്രദേശവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയ്ക്കാണ് ഉത്തരവാദിത്ത വിനോദസഞ്ചാരം ഊന്നല്‍ നല്‍കുന്നതെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു.

എക്‌സ്പിരിയന്‍ഷ്യല്‍ ടൂറിസം – ദ ചെയിഞ്ചിംഗ് ഫെയ്‌സ് ഓഫ് കേരള ടൂറിസം ആന്‍ഡ് റോള്‍ ഓഫ് ആര്‍ടി മിഷന്‍ എന്ന വിഷയത്തില്‍ സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം പി.കെ. അനീഷ്‌കുമാര്‍ അവതരണം നടത്തി. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പങ്കാളികള്‍ ഭാഗഭാക്കായ പാനല്‍ ചര്‍ച്ചയില്‍ പ്രാദേശിക ടൂറിസം സംരംഭകരായ കെ.ആര്‍ സിബു (നിളാസ് ഹെറിറ്റേജ് ഹോംസ്റ്റേ), തോമസ് പാലക്കന്‍ (വേമ്പനാട് ലേയ്ക്ക് വില്ല), തോമസ് ജെ ചെറുകര(ചെറുകര ഫാം സ്റ്റേ), ബാബു പോള്‍ (പ്രണയകുലം യോഗ സെന്റര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ ചര്‍ച്ചകള്‍, മാര്‍ക്കറ്റിംഗ് വീഡിയോ അവതരണം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അവതരണം, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ തുങ്ങിയവ തുടര്‍ന്ന് നടന്നു. അഡ്‌വെഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍, പ്രതിനിധികളായ ശരത് ശര്‍മ്മ (തെയ്യാട്ട്, കളമെഴുത്ത്), നിസാമുദീന്‍ കെ.എസ്. (ബാക്ക്‌വാട്ടര്‍ കയാക്കേര്‍സ്),ഹൈമി എംജി, സുദര്‍ശന്‍ എന്‍ഡി, ദിവ്യാമോള്‍ ജി. എന്നിവരും സിംപോസിയത്തില്‍ പങ്കെടുത്തു.