ട്വന്റി14 ഹോൾഡിംഗ്‌സ് സ്വിറ്റസർലൻഡിൽ ഹോട്ടൽ ആരംഭിക്കുന്നു

Posted on: January 29, 2019

 

സൂറിച്ചിൽ ആരംഭിക്കുന്ന ഇന്റർസിറ്റി ഹോട്ടൽ സംബന്ധിച്ച് ട്വന്റി14 ഹോൾഡിംഗ്‌സ് എംഡി അദീബ് അഹമ്മദും നെക്രോൺ എജി സിഇഒ ജെറാർഡ് വാൻ ലിംപ്റ്റും തമ്മിൽ കരാർ ഒപ്പുവെക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാന് എം എ യൂസുഫലി, സ്വിറ്റസർലൻഡിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, സ്വിറ്റസർലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്‌സ് അഹ്മദ് നാസർ അൽ നുഐമി, വി.പി.എസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ സമീപം.

അബുദാബി : സ്വിറ്റ്‌സര്‍ലാന്റില്‍ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോള്‍ഡിംഗ്സ്. സ്വിറ്റ്‌സര്‍ലാന്റിലെ റുംലാങ്ങില്‍ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റര്‍ സിറ്റി ഹോട്ടല്‍ നിര്‍മിക്കാന്‍ സ്വിസ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോണ്‍ എജിയുമായി ധാരണയിലായതോടെയാണിത്. ഇന്റര്‍സിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയില്‍ സാന്നിദ്ധ്യമുറപ്പിച്ച ട്വന്റി 14 ഹോള്‍ഡിംഗ്സിന് യു കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യു എസ് ഡോളറിന്റെ ആസ്തിയാണ് ആഡംബര ഹോട്ടല്‍ രംഗത്ത് മാത്രമുള്ളത്.

260 മുറികളുള്ള 4 സ്റ്റാര്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്റര്‍സിറ്റി ഹോട്ടല്‍ റുംലാങ്ങ് സ്റ്റേഷന്‍ എ വണ്‍ മോട്ടോര്‍വേയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. 10 മിനുട്ട് കൊണ്ട് സൂറിച്ച് വിമാനത്താവളത്തിലേക്കും 15 മിനുട്ട് കൊണ്ട് സിറ്റി സെന്ററിലേക്കും എത്താന്‍ സാധിക്കും. യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങള്‍, ഭക്ഷണശാല, ഫിറ്റ്‌നെസ് സെന്റര്‍, സ്പാ, അകത്തും പുറത്തുമുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്. 2020 ഓടെ ട്വന്റി 14 ഹോള്‍ഡിംഗ്സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമാരംഭിക്കും.

ടോയിഷേ ഹോസ്പിറ്റാലിറ്റിയുടെ (സ്‌റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍ എ.ജി) കീഴില്‍ 20 വര്‍ഷ ഉടമ്പടി പ്രകാരമാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ബിസിനസ് യാത്രികരുടെയും വിനോദ സഞ്ചാരികളുടെയും അഭിരുചികള്‍ക്കനുസരിച്ച് നൂതന സംവിധാനങ്ങളോടെയായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തനം കുറിക്കുക. ടോയിഷേ ഹോസ്പിറ്റാലിറ്റിയുമായി ചേര്‍ന്ന് നെക്രോണ്‍ ഏറ്റെടുത്ത നിരവധി പദ്ധതികളില്‍ ആദ്യത്തേതാണ് ഇന്റര്‍സിറ്റി ഹോട്ടല്‍.

യൂറോപ്പിന്റെ മുഖ്യധാരയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ട്വന്റി 14 ഹോള്‍ഡിംഗ്സ് എം ഡി അദീബ് അഹമ്മദ് പറഞ്ഞു. 2020 ഓടെ ബില്യണ്‍ ഡോളര്‍ നിക്ഷേപം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന കമ്പനിയുടെ നിര്‍ണ്ണായക ചുവടുവെപ്പാണ് സൂറിച്ചില്‍ ഇന്റര്‍സിറ്റി ഹോട്ടല്‍ ഏറ്റെടുക്കലെന്ന് അദീബ് പറഞ്ഞു.

ടോയിഷേ ഹോസ്പിറ്റാലിറ്റിയോടും ട്വന്റി 14 ഹോള്‍ഡിംഗ്സുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഏറെ ആവേശം നല്‍കുന്നതാണെന്ന് നക്രോണ്‍ സി ഇ ഒ ജെറാര്‍ഡ് വാന്‍ ലിംപെട്ട് പറഞ്ഞു. ഇത് ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന പങ്കാളിത്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും മികച്ച സ്ഥലത്താണ് ഇന്റര്‍സിറ്റി ഹോട്ടലിലൂടെ തങ്ങളുടെ ബ്രാന്‍ഡ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടോയിഷേ ഹോസ്പിറ്റാലിറ്റി സി ഇ ഒ തോമസ് വില്‍മ്‌സ് പറഞ്ഞു. ടോയിഷേ ഹോസ്പിറ്റാലിറ്റിയുമായി ചേര്‍ന്ന് ഇത് രണ്ടാമത്തെ ഹോട്ടല്‍ പദ്ധതിയാണ് ട്വന്റി 14 ഹോള്‍ഡിംഗ്സ് നടപ്പാക്കുന്നത്.