മാരിയറ്റിന്റെ പുതിയ ലോയല്‍റ്റി ബ്രാന്‍ഡ്

Posted on: January 19, 2019

മുംബൈ : ഹോട്ടല്‍ ബ്രാന്‍ഡായ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഉപഭോക്താക്കള്‍ക്കായി മാരിയറ്റ് ബോണ്‍വോയ് എന്ന പേരില്‍ പുതിയ ലോയല്‍റ്റി ബ്രാന്‍ഡ് അവതരിപ്പിക്കുന്നു. നിലവിലുള്ള ലോയല്‍റ്റി ബ്രാന്‍ഡുകളായ റിറ്റ്‌സ് കാള്‍ട്ടന്‍ റിവാഡ്‌സ്, സ്റ്റാര്‍വുഡ് പ്രിഫേഡ് ഗസ്റ്റ് (എസ്പിജി), മാരിയറ്റ് റിവാഡ്‌സ് എന്നിവയ്ക്ക് പകരമായുള്ള മാരിയറ്റ് ബോണ്‍വോയ് ബ്രാന്‍ഡിന് ഫെബ്രുവരി 13 നാണ് തുടക്കം.

മാരിയറ്റിന്റെ ലോകോത്തര നിലവാരമുള്ള ഹോട്ടല്‍ സേവനം ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന നിശ്ചിത പോയിന്റുകള്‍ സമാഹരിച്ച് സൗജന്യ താമസം, വിനോദയാത്രകള്‍ തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മാരിയറ്റ് ബോണ്‍വോയ് നല്‍കുന്നത്. മുടക്കുന്ന ഓരോ ഡോളറിനും ശരാശരി 20 ശതമാനം അധിക പോയിന്റ് പുതിയ ലോയല്‍റ്റി പ്രോഗ്രാമില്‍ ലഭിക്കും.

ചേസ്, അമേരിക്കന്‍ എക്‌സ്പ്രസ് ബ്രാന്‍ഡുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പോയിന്റുകളുടെ എണ്ണം വീണ്ടും കൂട്ടാം. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍, ലോഗോ എന്നിവ മാരിയറ്റ് ബോണ്‍വോയ്ക്കുണ്ട്. നിലവില്‍ എസ്പിജി, റിറ്റ്‌സ് കാള്‍ട്ടന്‍ റിവാഡ്‌സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ആപ്ലിക്കേഷനിലേയ്ക്കുള്ള അപ്‌ഡേറ്റ് ലഭിക്കും. പഴയതിലും വേഗത്തില്‍ മാരിയറ്റിന്റെ മുഖ്യ ഉപഭോക്താവായി മാറാന്‍ മാരിയറ്റ് ബോണ്‍വോയ് അവസരമൊരുക്കുന്നു.

മാരിയറ്റ് ഹോട്ടലുകളില്‍ 75 രാത്രി തങ്ങിയിട്ടുള്ളവര്‍ക്ക് ടൈറ്റാനിയം എലൈറ്റ് സ്ഥാനം ലഭിക്കും. ഒരു വര്‍ഷം 100 ലേറെ രാത്രി ചെലവിട്ടവര്‍ക്ക് അംബാസഡര്‍ എലൈറ്റ് സ്ഥാനം സ്വന്തമാക്കാം. 1.20 ലക്ഷത്തോളം വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് മാരിയറ്റ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നിരത്തുന്നത്. മുപ്പതോളം ആഡംബര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള സൗകര്യവും മാരിയറ്റ് ബോണ്‍വോയ് നല്‍കുന്നു.