ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കമായി

Posted on: January 4, 2019

കൊച്ചി : ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട് 2019 കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദ സഞ്ചാര മേളയാണിത്. മൂന്നു ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറ്റിയമ്പതിലധികം പ്രതിനിധി സംഘങ്ങളുടെ പവലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.

കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബജറ്റും ഫിനാന്‍സിംഗും നേരിട്ടറിയാനുള്ള അവസരമാണ് പവലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു.

കേരളത്തിനു പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.

ആതിഥേയരായ കേരളത്തിനു പുറമെ പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് ഗുജറാത്ത് മേളയില്‍ പങ്കെടുക്കുന്നത്. പങ്കാളിത്ത രാജ്യമെന്ന നിലയില്‍ മൗറീഷ്യസിന്റെ സജീവ സാന്നിധ്യവുമുണ്ട്.

വെസ്റ്റ് ബംഗാള്‍, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവയൊരുക്കുന്ന സഞ്ചാര കേന്ദ്രങ്ങളുടെ ചിത്രീകരണം മേളയെ ആകര്‍ഷകമാക്കുന്നു. മലേഷ്യ, യു കെ, ശ്രീലങ്ക, മൗറീഷ്യസ്, യു എ ഇ തുടങ്ങിയ ഏഴിലധികം വിദേശ രാജ്യങ്ങള്‍ക്കായുള്ള പവലിയനുകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയര്‍ലൈനുകള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍, ഷിപ്പിംഗ്, ക്രൂയിസ് ലൈനുകള്‍, ഹോളിഡേ പാക്കേജ് ഫിനാന്‍സിംഗ് കമ്പനികളും ആയുര്‍വേദിക് റിസോര്‍ട്ടുകള്‍, അഡ്വഞ്ചേര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വൈല്‍ഡ് ലൈഫ് റിസോര്‍ട്ടുകള്‍ എന്നിവയെല്ലാം മേളയില്‍ സജീവ സാന്നിധ്യമാണ്.

രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് മേള. പ്രവേശനം സൗജന്യം. മേള ശനിയാഴ്ച സമാപിക്കും.