മുംബൈ – കൊച്ചി – മാലദ്വീപ് ആഡംബര കപ്പല്‍ സര്‍വീസ്

Posted on: December 8, 2018

മുംബൈ : മുംബൈ – കൊച്ചി – മാലദ്വീപ് ആഡംബര കപ്പല്‍ ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടും. ഇത് മൂന്നാം വര്‍ഷമാണ് കോസ്റ്റ നിയോ എന്ന ആഡംബര – വിനോദയാത്രാക്കപ്പല്‍ ഇന്ത്യയിലെത്തുന്നത്.

മഹാരാഷ്ട്ര ടൂറിസം വകുപ്പും ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ സേവനദാതാക്കളായ കാര്‍ണിവല്‍ ഏഷ്യയുമാണ് കപ്പല്‍ സജ്ജമാക്കിയത്. 654 കാബിനുകളുള്ള കപ്പലില്‍ വായനശാല, സിനിമാശാല, മദ്യശാല, ഡിസേ്റ്റാ, ബാര്‍ റൂം, സ്റ്റീം റൂം ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് കോംപ്ലക്‌സ്, കായിക വിനോദങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് യാത്രാസമയം. മുംബൈ – കൊച്ചി നാല് ദിവസവും കൊച്ചി – മാല ദ്വീപ് മൂന്ന് ദിവസവുമാണ് യാത്രയെന്ന് കോസ്റ്റ ക്രൂയിസിനെ പ്രതിനിധാനം ചെയ്യുന്ന ലോട്ടസ് ഡെസ്റ്റിനേഷന്‍സ് എം ഡി നളിനി ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ, മഹാരാഷ്ട്ര പോര്‍ട്ട് ട്രെസ്റ്റ് ചെയര്‍മാന്‍ സജ്ഞയ് ഭാട്ടിയ, ഇറ്റലി കൗണ്‍സല്‍ ജനറല്‍, സറ്റേഫാനിയ കോസ്റ്റാന്‍സ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഷിഷ് കുമാര്‍ സിംഗ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഈ മാസം എട്ട് മുതല്‍ 2019 മാര്‍ച്ച് 16 വരെ ഇന്ത്യന്‍ കടലില്‍ കോസ്റ്റ നിയോ ഉണ്ടാകും.