പെപ്പർ പദ്ധതിയുടെ രണ്ടാം ഘട്ടം 12 കേന്ദ്രങ്ങളിലേക്ക്

Posted on: November 25, 2018

തിരുവനന്തപുരം : ഉത്തരവാദിത്ത വിനോദസഞ്ചാരത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ജനകീയ ആസൂത്രണ, ശാക്തീകരണ പദ്ധതിയായ പെപ്പർ ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ 12 കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വ്യവസായവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ട ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇ-ബ്രോഷർ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദേഹം.

ഉത്തരവാദിത്ത ടൂറിസം മിഷനിൽ 2017 ഓഗസ്റ്റ് മുതൽ 2018 ഒക്‌ടോബർ വരെ 11532 യൂണിറ്റുകൾ രൂപീകൃതമായി. ഈ കാലയളവിൽ 5.35 കോടിരൂപ വരുമാനമായി ലഭിച്ചു. ആകെ 477 പാക്കേജുകൾ ഒരു വർഷം കൊണ്ട് മിഷൻ നടപ്പിലാക്കിയപ്പോൾ 30,422 വിനോദസഞ്ചാരികൾ ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ എത്തുകയും അതിലൂടെ 48 ലക്ഷം രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികൾക്ക് ലഭിച്ചുവെന്നും അദേഹം വ്യക്തമാക്കി.

ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിലുള്ള യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിറ്റഴിക്കുന്നതിന് കേരള റെസ്‌പോസിബിൾ ഓൺലൈൻ നെറ്റ്‌വർക്കും കലാകാരൻമാർക്കായി ആർട്ടിസ്റ്റ് ഡയറക്ടറിയും വിവിധ തൊഴിൽ വിഭാഗത്തിലുള്ളവരെ കോർത്തിണക്കി ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറിയും അടുത്തമാസം പുറത്തിറക്കുമെും മന്ത്രി അറിയിച്ചു.

കെ. മുരളീധരൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദേശീയ ടൂറിസം ഉപദേശക സമിതി അംഗം ഇ.എം നജീബ്, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം പികെ അനീഷ് കുമാർ, ടൂറിസം വകുപ്പ് ഹോസ്പിറ്റാലിറ്റി അഡിഷണൽ ഡയറക്ടർ എം.രഘുദാസൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.