സംസ്ഥാനത്തേയ്ക്ക് മൂന്ന് ട്രാവല്‍+ലീഷര്‍ ഇന്ത്യ-ദക്ഷിണേഷ്യ അവാര്‍ഡുകള്‍

Posted on: November 20, 2018

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ആഘോഷകേന്ദ്രമായി ട്രാവല്‍+ലീഷര്‍ ഇന്ത്യ-ദക്ഷിണേഷ്യ മാഗസീന്‍ കേരളത്തെ തെരഞ്ഞെടുത്തു. ഇതിനു പുറമെ മാഗസീന്റെ ഏഴാമത് ‘റീഡേഴ്‌സ് ചോയിസ് ഇന്ത്യ ബെസ്റ്റ്’ അവാര്‍ഡുകള്‍ക്ക് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത്, കുമരകം ലെയ്ക്ക് റിസോര്‍ട്ട് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.

ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് ഗോള്‍ഡ് പുരസ്‌കാരം ലഭിച്ചതിനുതൊട്ടുപിന്നാലെയാണ് കേരളത്തിന് ഈ മൂന്ന് അവാര്‍ഡുകള്‍ ലഭിക്കുന്നത്. ഡല്‍ഹി ഐടിസി മൗര്യയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

വിനോദസഞ്ചാരത്തിന് ഒരിക്കലും മങ്ങാത്ത ആകര്‍ഷകത്വമാണ് കേരളത്തിനുള്ളതെന്ന അംഗീകാരമാണ് ഈ പുരസ്‌കാരങ്ങളെന്നതും ഈ മേഖലയിലെ എല്ലാവര്‍ക്കും ആവേശം പകരുന്നതാണെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുരസ്‌കാരങ്ങളുടെ ജൈത്രയാത്രയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയിലേയ്‌ക്കെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

TAGS: Kerala Tourism |