നാല്പതു പുതിയ പാക്കേജുകള്‍ അവതരിപ്പിച്ച് തോമസ് കുക്ക്

Posted on: October 26, 2018

കൊച്ചി : ആഭ്യന്തര അവധിക്കാല വിനോദയാത്ര പദ്ധതിയില്‍ 40 പുതിയ പാക്കേജുകള്‍ അവതരിപ്പിച്ച് തോമസ് കുക്ക്. കുടുംബ വിനോദ യാത്രകള്‍, ഹണിമൂണ്‍ പാക്കേജകള്‍,
ഗ്രൂപ്പ് വിനോദയാത്രകള്‍, ആയുര്‍വേദ-സ്പാ-വെല്‍നസ് യാത്രകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രളയം വലിയ രീതിയില്‍ ബാധിച്ച കേരളത്തിന് സഹായമേകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തോമസ് കുക്ക് സംഭാവന നല്‍കിയിരുന്നു. പ്രളയത്തിന് ശേഷം തോമസ് കുക്ക് ടൂര്‍ മാനേജ്‌മെന്റ് ടീമും മറ്റ് പ്രതിനിധികളും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അവര്‍ക്ക് ഉറപ്പു നല്‍കാനും പുതിയ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.

സഞ്ചാരികളില്‍ വിശ്വാസം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, ഹൗസ് ബോട്ട് എന്നിവയുടെ നിലവിലെ അവസ്ഥ കൃത്യമായി സെയില്‍സ് ടീമിനെയും ബി2ബി പാര്‍ട്ണര്‍മാരെയും അറിയിക്കുന്നുണ്ട്. ഇതോടൊപ്പം പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, പെരിയാര്‍, വയനാട്, വര്‍ക്കല, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ വിവരങ്ങളും നല്‍കുന്നുണ്ട്. വിനോദയാത്രികരില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് പ്രത്യേകമായ പ്രചാരണ പരിപാടികളും തോമസ് കുക്ക് സംഘടിപ്പിക്കുന്നുണ്ട്.

കേരളം തങ്ങളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നും വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ കേരളം വീണ്ടും തയ്യാറെടുക്കുന്നുവെന്നുള്ളത് ഏറെ സന്തോഷം പകരുന്നതാണെന്നും തോമസ് കുക്ക് ഹോളിഡേയ്‌സ് പ്രസിഡണ്ടും കണ്‍ട്രി ഹെഡുമായ രാജീവ് കാലെ പറഞ്ഞു. യാത്രക്കാര്‍ക്ക് കേരളത്തെ കുറിച്ചുള്ള ഉറപ്പുകള്‍ നല്‍കുന്നതിന് തങ്ങളുടെ ടീമംഗങ്ങള്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.