ഓയോ ഹോട്ടല്‍സ് യു എ ഇ യിലേക്ക്

Posted on: October 17, 2018

 

കൊച്ചി : ഓയോ ഹോട്ടല്‍സ് യു എ ഇ യിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ദുബായ്, ഷാര്‍ജ, ഫുജൈറ എന്നീ മൂന്ന് എമിറേറ്റുകളിലായി പത്തു ഹോട്ടലുകളിലെ 1100 സമ്പൂര്‍ണ സൗകര്യങ്ങളോടു കൂടിയ മുറികളുമായാണ് യു.എ.ഇ യിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്.

2020-ഓടെ ഏഴ് എമിറേറ്റുകളിലുമായി 150 ഹോട്ടലുകളിലെ 12,000 മുറികളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും. സാങ്കേതികവിദ്യാ സൗകര്യങ്ങളോടെ ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന ഓയോ ഹോട്ടല്‍സ് 150 ദിര്‍ഹം മുതലുള്ള മുറികളാണു ലഭ്യമാക്കുന്നത്.

2020-ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്‌സ്‌പോ മധ്യേഷ്യയിലെ ആതിഥേയ വ്യവസായ മേഖലയില്‍, പ്രത്യേകിച്ച് യു എ ഇ യില്‍ വന്‍ കുതിപ്പാവും കൊണ്ടു വരികയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഓയോ ഹോട്ടല്‍സ് സ്ഥാപകനും സി ഇ ഒ യുമായ റിതേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാഹചര്യങ്ങള്‍ക്കും ആതിഥേയ വ്യവസായ മേഖലയ്ക്കും പിന്തുണ നല്‍കുന്ന രീതിയിലാവും തങ്ങളുടെ പ്രവര്‍ത്തനമെന്ന് ഓയോ ഹോട്ടല്‍സ് യു.എ.ഇ. റീജണല്‍ മേധാവി മനു മിധ ചൂണ്ടിക്കാട്ടി. ഗണ്യമായ ഇന്റര്‍നെറ്റ്, മൊബൈല്‍ സാന്നിധ്യമുള്ള ഈ രാജ്യം വളരെ ആകര്‍ഷകമായ വിപണിയാണെന്ന് ഓയോ ഹോട്ടല്‍സ് യു.എ.ഇ. കണ്‍ട്രി ഹെഡ് വാര്‍ത്തിക ഗോയല്‍ അഭിപ്രായപ്പെട്ടു.

TAGS: Oyo Hotels |