കേരളത്തെ വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യമെന്ന് അബ്രാഹം ജോർജ്

Posted on: September 18, 2014

Johny-Abraham-George-big

കേരളത്തെ വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുകയെന്നതാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രധാന ലക്ഷ്യമെന്നു കെ ടി എം പ്രസിഡന്റ് അബ്രഹാം ജോർജ് പറഞ്ഞു. 282 അന്താരാഷ്ട്ര ബയർമാരും 938 തദേശീയ ബയർമാരും കെ ടി എമ്മിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അർജന്റ്റീന, ഓസ്‌ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കെ ടി എമ്മിൽ ഇത്തവണ പുതുതായി പങ്കെടുക്കുന്ന അതിഥികൾ. യു കെ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബയർമാർ എത്തുന്നത്. 25 മുതൽ 30 വരെയുള്ള സംഘങ്ങളാണ് ഓരോ രാജ്യത്ത് നിന്നും എത്തുന്നത്. ആസ്‌ട്രേലിയ (30), ദക്ഷിണാഫ്രിക്ക (12),മലേഷ്യ (36), സ്‌കാൻഡ്‌നേവിയ, നെതർലാൻഡ്‌സ്, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ സാന്നിധ്യമാണ് ഇത്തവണ കെ ടി എമ്മിനെ ശ്രദ്ധേയമാക്കുന്നതന്നും അബ്രാഹം ജോർജ് ചൂണ്ടിക്കാട്ടി.

ബയർ സെല്ലർ കൂടിക്കാഴ്ച്ചക്കായി പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഇതിലൂടെ ഓൺലൈനായി കൂടിക്കാഴ്ച ബുക്ക് ചെയ്യാൻ സാധിക്കും. കൂടിക്കാഴ്ച ഉറപ്പിച്ചു കഴിഞ്ഞാൽ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ സമയം നിശ്ചയിക്കാൻ കഴിയും.

ഹോട്ടലുകൾ / റിസോർട്ടുകൾ (137), ടൂർ ഓപറേറ്റർമാർ / ഡി എം സി കൾ (52), ഹോംസ്‌റ്റേ (12), ഹൗസ് ബോട്ട് (7), ആയുർവേദ റിസോർട്ടുകൾ (8), ആയുർവേദ സെന്ററുകൾ (7), ഹോട്ടൽ മാനേജ്‌മെന്റ് കൺസൾട്ടന്റ് (7) തുടങ്ങി അമ്യൂസ്‌മെന്റ് പാർക്ക്, ഫാം സ്‌റ്റേ, ഈവന്റ് മാനേജ്‌മെന്റ്, സ്‌പെഷ്യാലിറ്റി ആശുപത്രികൾ, സ്വകാര്യ മ്യൂസിയങ്ങൾ തുടങ്ങി ടൂറിസവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള നിരവധി സംരംഭകർ കെ ടി എമ്മിൽ പങ്കെടുക്കുന്നുണ്ടെന്നും കെ ടി എം പ്രസിഡന്റ് അബ്രാഹം ജോർജ് പറഞ്ഞു.