ജിഎസ്ടി : ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് കെ ടി എം

Posted on: August 10, 2017

കൊച്ചി : അശാസ്ത്രീയമായി ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ ടൂറിസം മേഖല പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ധന, ടൂറിസം മന്ത്രാലയത്തിനും ജി എസ് ടി കൗൺസിലിനും കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ശ്രീ അബ്രഹാം ജോർജ്ജിന്റെ നേതൃത്വത്തിൽ പ്രതിനിധികൾ നിവേദനം നൽകി.

നിലവിലെ 19 ശതമാനത്തിൽ നിന്നും ഇപ്പോൾ 28 ശതമാനമായാണ് നികുതികൾ വർധിച്ചത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കാണെന്ന് അബ്രഹാം ജോർജ്ജ് പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകൾക്ക് 38 ശതമാനവും വിദേശ ടൂറിസ്റ്റുകൾക്ക് 33 ശതമാനവുമാണ് നികുതി. ഇത്രയധികം നികുതി നൽകി വിദേശത്തു നിന്ന് ഇവിടേക്കു വരാൻ സഞ്ചാരികൾ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ തകർച്ചയ്ക്ക് ഇത് വഴി വയ്ക്കും.

കെ ടി എം പ്രസിഡന്റ് അബ്രഹാം ജോർജ്ജ്, മുൻ പ്രസിഡന്റ് റിയാസ് അഹമ്മദ്, ഹൗസ് ബോട്ട് സംഘടനയെ പ്രതിനിധീകരിച്ച് ജോബിൻ ജോസ് എന്നിവരാണ് കെ വി തോമസ് എംപിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും കണ്ടത്. ഈയാവശ്യമുന്നയിച്ച് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ, ടൂറിസം സെക്രട്ടറി രശ്മി ശർമ്മ, ജിഎസ്ടി കൗൺസിൽ അധ്യക്ഷൻ, ഉദ്യോഗസ്ഥർ, എംപിമാർ എന്നിവരുമായും കെടിഎം സംഘം കൂടിക്കാഴ്ച നടത്തി.

രണ്ട് ശതമാനം നിക്ഷേപ നിരക്കുള്ള ടൂറിസം വ്യവസായത്തിന് ഈ പ്രതിസന്ധി മറികടക്കാനാകുമെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ ജിഎസ്ടിയ്ക്ക് മുമ്പും പിമ്പുമുള്ള സ്ഥിതി അവരെ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞുവെന്ന് അബ്രഹാം ജോർജ്ജ് പറഞ്ഞു. ടൂറിസം മേഖലയിൽ നികുതിയിനത്തിൽ മാത്രം 14 മുതൽ 15 ശതമാനം വരെ വർധനയാണുണ്ടായിരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതലാണ്.

ഹൗസ് ബോട്ടുകളുടെ നികുതി നിർണയത്തിൽ കടുത്ത ആശയക്കുഴപ്പമാണ് ഉദ്യോഗസ്ഥ തലത്തിലും നിലനിൽക്കുന്നതെന്ന് അബ്രഹാം ജോർജ്ജ് ചൂണ്ടിക്കാട്ടി. പട്ടികയിൽ പെടാത്ത വ്യവസായമെന്ന നിലയിൽ 18 ശതമാനം നികുതി ഹൗസ് ബോട്ടുകൾക്ക് ഏർപ്പെടുത്തണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ വാദിക്കുമ്പോൾ ലോഡ്ജിംഗ് സൗകര്യമുള്ളതിനാൽ 28 ശതമാനം നികുതി ഈടാക്കണമെന്ന് മറ്റ് ചിലർ വാദിക്കുന്നു. ഈ നികുതികൾ അഞ്ച് ശതമാനത്തിൽ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുവെന്നും അദേഹം പറഞ്ഞു.

ഇപ്പോൾ തന്നെ ഹോട്ടൽ വ്യവസായം പല കാരണങ്ങൾ കൊണ്ട് പ്രതിസന്ധികൾ നേരിട്ടു കഴിഞ്ഞുവെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടു നിരോധനം, ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാലാ നിരോധനം എന്നിവ കൊണ്ട് തന്നെ ഈ വ്യവസായം ഏറെ തിരിച്ചടികൾ നേരിട്ടു കഴിഞ്ഞു. ജിഎസ്ടി കൂടി വരുന്നതോടെ ഈ ആഘാതം കൂടിയെന്നും അബ്രഹാം ജോർജ്ജ് പറഞ്ഞു.