ഉത്തരവാദിത്ത ടൂറിസം മാതൃകയ്ക്ക് അഭിനന്ദനവുമായി യുഎൻഡബ്ല്യുടിഒ

Posted on: February 8, 2017

തിരുവനന്തപുരം : കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ടൂറിസം സംഘടനയായ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അഭിനന്ദനവും പ്രശംസയും. ലോകത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസം സംഘടനയായ യു.എൻ.ഡബ്ല്യു.ടി.ഒയുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ക്ഷണവും ഈ സംഘടനയിൽനിന്ന് കേരളത്തിന് ലഭിച്ചു.

ഈ വർഷം ജൂൺ 21 മുതൽ 24 വരെ ഫിലിപ്പൈൻസിലെ മനിലയിൽ നടക്കുന്ന സുസ്ഥിര ടൂറിസവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തെ യുഎൻഡബ്ല്യുടിഒ ക്ഷണിക്കുകയും ചെയ്തു. മേയിൽ ബംഗ്ലാദേശിൽ നടക്കുന്ന ജോയിന്റ് കമ്മീഷൻ മീറ്റിംഗിൽ വിവരാവതണത്തിനും കേരളത്തെ ക്ഷണിച്ചിട്ടുണ്ട്.

ജാപ്പനീസ് ട്രാവൽ അസോസിയേഷൻ നൽകുന്ന ജപ്പാൻ ടൂറിസം അവാർഡിന്റെ മാതൃകയിൽ അടുത്ത കേരള ട്രാവൽ മാർട്ടിൽ കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസത്തിൽ അവാർഡ് ഏർപ്പെടുത്തുന്നതിന്റെ സാധ്യതയും യുഎൻഡബ്ല്യുടിഒ ആരാഞ്ഞു. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം സിംപോസിയത്തിന്റെ അടിസ്ഥാനത്തിൽ കേരള ടൂറിസം യുഎൻഡബ്ല്യുടിഒ-യുമായി സഹകരിച്ച് സുസ്ഥിര ടൂറിസത്തെക്കുറിച്ച് പ്രചരണം നടത്തുന്നതിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുള്ള സാധ്യതയും തേടിയിട്ടുണ്ട്.

യുഎൻഡബ്ല്യുടിഒ ആസ്ഥാനമായ സ്‌പെയിനിലെ മഡ്രിഡിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ടൂറിസം സംരംഭങ്ങളിലെ പ്രമുഖ ഇനമായ ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റിയുള്ള റിപ്പോർട്ട് ടൂറിസം ഡയറക്ടർ യു. വി. ജോസ് യുഎൻഡബ്ല്യുടിഒ ഏഷ്യ-പസഫിക് റീജണൽ ഡയറക്ടർ സു ജിങ്ങിനു കൈമാറി.

TAGS: Kerala Tourism |