അറ്റോയ് ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം ജൂണിൽ കൊച്ചിയിൽ

Posted on: January 16, 2017

കൊച്ചി : അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം (ഐസിടിടി 2017) ജൂൺ എട്ടു മുതൽ പത്തു വരെ കൊച്ചിയിൽ നടക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം, ടൂറിസം വിപണന തന്ത്രങ്ങളിൽ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾക്കും ചർച്ചകൾക്കും വേദിയാകും.

സമ്മേളനത്തിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ നിലവിലെ ടൂറിസം വിപണന രീതികളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്ന് അറ്റോയ് പ്രസിഡന്റ് പി. കെ. അനീഷ് കുമാർ, സെക്രട്ടറി വി. ശ്രീകുമാര മേനോൻ എന്നിവർ അറിയിച്ചു. സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം സേവനദാതാക്കൾ, ടൂർ ഓപറേറ്റർമാർ, ഹോംസ്റ്റേകൾ, ഹോട്ടൽ-റിസോർട്ട് ഉടമകൾ, സാങ്കേതിക വിദഗ്ധർ, ബ്ലോഗർമാർ, സോഫ്റ്റ്‌വേർ കമ്പനികൾ, മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുക്കും.