കേരളം ഈ വർഷം കാണേണ്ട സ്ഥലങ്ങളുടെ എബിടിഎ പട്ടികയിൽ

Posted on: January 2, 2017

തിരുവനന്തപുരം : അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജന്റ്‌സ് (എബിടിഎ) പുറത്തിറക്കിയ 2017 ൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു. ഇന്ത്യയിൽനിന്ന് കേരളം മാത്രമാണ് പന്ത്രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

2017 ലെ സഞ്ചാര പ്രവണതകൾ (ട്രാവൽ ട്രെൻഡ്‌സ് റിപ്പോർട്ട് 2017) എന്ന പേരിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അമേരിക്ക, മെഡിറ്ററേനിയൻ ദ്വീപായ സർദിനിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം എന്നിവയെ പിന്നിലാക്കിയാണ് കേരളം എബിടിഎ ലിസ്റ്റിൽ എട്ടാംസ്ഥാന ത്ത് എത്തിയത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള സചിത്ര കുറിപ്പും റിപ്പോർട്ടിലുണ്ട്. 24 മണിക്കൂർ ലോകസഞ്ചാരത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി നാഷണൽ ജ്യോഗ്രഫിക് മാസികയും ഈയിടെ കേരളത്തെ തെരഞ്ഞെടുത്തിരുന്നു.

സ്പാനിഷ് സ്വയം ഭരണ പ്രദേശമായ ആൻഡലൂഷ്യയാണ് പട്ടികയിൽ ഒന്നാമത്. അറ്റ്‌ലാന്റിക് ദ്വീപ സമൂഹത്തിലെ അസോറസ്, ബെർമുഡ, ചിലെ, അയർലൻഡിലെ കെറി, ക്രൊയേഷ്യ, ഡെൻമാർക്ക് എന്നിവയാണ് പട്ടികയിൽ കേരളത്തിനു മുന്നിലെത്തിയത്.

കേരളത്തിനു കിട്ടിയ ഏറ്റവും പുതിയ അംഗീകാരമെന്ന നിലയിൽ ഈ നേട്ടം അഭിമാനം പകരുകയും പ്രത്യാശയോടെ പുതിയ സഞ്ചാരവർഷത്തെ സമീപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.