കെടിഎം ഒമ്പതിന പരിപാടിക്ക് തേക്കടിയിൽ തുടക്കമായി

Posted on: November 5, 2016

 

abraham-george-big

കൊച്ചി : ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കേരള ട്രാവൽ മാർട്ട് വിഭാവനം ചെയ്ത ഒമ്പതിന പരിപാടിക്ക് തേക്കടിയിൽ തുടക്കമായി. കെടിഎം ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒമ്പതിന പരിപാടി പ്രഖ്യാപിച്ചത്. ഹോട്ടൽ, റിസോർട്ട് എന്നിവയുടെ സഹകരണത്തോടെ ഒമ്പതിന പരിപാടിയുടെ മേൽനോട്ട സമിതിക്ക് തേക്കടിയിൽ രൂപം നൽകി. സഞ്ചാരികൾക്ക് മികച്ച സേവനം നൽകുന്നതിനോടൊപ്പം ടൂറിസം കേന്ദ്രങ്ങളുടെ സുസ്ഥിര വികസനത്തിനു കൂടി ഊന്നൽ നൽകുന്നതാണ് പരിപാടി.

ഒമ്പതിന പരിപാടിയുടെ വിവിധ ഘടകങ്ങളും അതിന്റെ കൺവീനർമാരെയും തെരഞ്ഞെടുത്തു. അംഗങ്ങൾ തയാറാക്കിയ കർമ്മ പദ്ധതി പ്രകാരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനാണ് തീരുമാനമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ്ജ് അറിയിച്ചു.

മാലിന്യ സംസ്‌കരണം, ഊർജ്ജ സംരക്ഷണം, സൗന്ദര്യവത്കരണം, മഴവെള്ള സംഭരണം, എല്ലാ കേന്ദ്രങ്ങളിലും ജൈവ കൃഷി, പ്ലാസ്റ്റിക് വർജ്ജനം, ഹരിതവത്കരണം തുടങ്ങിയവയാണ് പരിപാടിയിൽ ഉൾപ്പെടുന്നത്. കെടിഎം അംഗങ്ങളെല്ലാം സാമൂഹ്യ സേവന പദ്ധതിയിൽ മികച്ച പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും അബ്രഹാം ജോർജ്ജ് പറഞ്ഞു.

അബ്രഹാം ജോർജ്ജിനെ കൂടാതെ, സാമൂഹ്യ സേവന പദ്ധതി കമ്മറ്റി ചെയർമാൻ ജോസ് ഡോമിനിക്, ട്രഷറർ ജോസ് പ്രദീപ്, നിർവാഹക സമിതിയംഗം സ്‌കറിയാ ജോസ് എന്നിവർ തേക്കടിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.