ഇന്ത്യൻ സഞ്ചാരികളെ ലക്ഷ്യമിട്ട് ആഘോഷം മൂന്ന്, നഗരം ഒന്ന്-സിംഗപ്പൂർ

Posted on: November 3, 2016

singapore-big

കൊച്ചി : ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സിംഗപ്പൂർ ടൂറിസം ബോർഡും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആഘോഷം മൂന്ന്, നഗരം ഒന്ന്-സിംഗപ്പൂർ എന്ന ടൂറിസം പ്രചാരണ പരിപാടി ആവിഷ്‌കരിച്ചു. ഇന്ത്യയിലെ ദീപാവലി, ആഗോള ഉത്സവമായ ക്രിസ്മസ്, ചൈനീസ് പുതുവർഷ ദിനം (2017 ജനുവരി 28-29) എന്നീ മൂന്നു ഉത്സവങ്ങളെ അടിസ്ഥാനമാക്കി 2017 മാർച്ച് വരെ നീളുന്ന ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

സിംഗപ്പൂരിൽ ഈ ഉത്സവങ്ങൾ ആഘോഷിക്കുവാൻ ഇന്ത്യൻ വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതാണ് ഈ പരിപാടി. ഉത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 2016 ഒക്‌ടോബർ- ഡിസംബർ കാലയളവിൽ സിംഗപ്പൂരിലെ ലയൺ സിറ്റിയിലേക്കു സിംഗപ്പൂർ എയർലൈൻസ്, സിൽക് എയർ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വെബ്‌സൈറ്റ്, അല്ലെങ്കിൽ മൊബൈൽ ആപ് എന്നിവ വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്.

ഇതുവഴി സിംഗപ്പൂർ 241 പാസ്‌പോർട്ട് സ്മാർട്ട്‌ഫോൺ ആപ് ടൂറിസ്റ്റുകൾക്കു പ്രാപ്യമാകും. പ്രശസ്തമായ റെസ്റ്ററന്റുകൾ, സ്പാ തുടങ്ങിയവ ഉൾപ്പെടെ ഈ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന സിംഗപ്പൂരിലെ 24 സ്ഥാപനങ്ങളിൽ ഉപയോഗിക്കാവുന്ന 1000 സിംഗപ്പൂർ ഡോളറിന്റെ (ഏകദേശം 48,000 രൂപ) ഓഫർ ഈ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

വെളിച്ചം വിതറി മോടി പിടിപ്പിച്ച ലിറ്റിൽ ഇന്ത്യ, ഓർക്കിഡ്് റോഡ്, ചൈനാ ടൗൺ തുടങ്ങിയവയോടടൊപ്പം വിവിധ ജനപ്രിയ സാംസ്‌കാരിക പരിപാടികൾ ഉത്സവങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂർ ടൂറിസം ബോർഡ് ഡയറക്ടർ ജി ബി ശ്രീധർ പറഞ്ഞു.

സിംഗപ്പൂരിലൂടെ കടന്നുപോകുന്ന ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് ഫെസിലിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്. വിസ കൂടാതെ 96 മണിക്കൂർ സിംഗപ്പൂരിലെ ഉത്സവങ്ങളും ആഘോഷങ്ങളും നേരിട്ടറിയാനാകുമെന്നും ജി ബി ശ്രിധറും സിംഗപ്പൂർ എയർലൈൻസിന്റെ ഇന്ത്യ ജനറൽ മാനേജർ ഡേവിഡ് ലിമും ചൂണ്ടിക്കാട്ടി.