സ്‌പൈസ് റൂട്ട് പാചക മത്സരം വിഭവവൈവിധ്യത്തിൽ മനംനിറഞ്ഞ് വിദേശ ഷെഫുകൾ

Posted on: September 23, 2016

spiceroute-culinary-fest-ni

കൊച്ചി : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പാചക മത്സരത്തിൽ നാടൻ അടുക്കള വിദേശ ഷെഫുമാർക്ക് നവ്യാനുഭവമായി. ഏതൊരു പ്രൊഫഷണൽ ഷെഫിനുമുള്ള ആഗ്രഹമാണ് സാധാരണക്കാരന്റെ അടുക്കളയിലെ പാചകം കാണുകയെന്നത്. വിദേശ ഷെഫുകളെ അമ്പരപ്പിച്ചുകൊണ്ട് കൊച്ചി കണ്ണമാലിയിലെ നിമ്മി പോളിന്റെ അടുക്കളയിൽ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ മീനും കൊഞ്ചുതോരനും ബീഫുമൊക്കെ ഒരുങ്ങി. കേരളത്തിലെ കുടംപുളിയും ഇരുമ്പൻ പുളിയും തേങ്ങാപ്പാലുമെല്ലാം യൂറോപ്യൻ-അറബ് ഷെഫുമാർക്ക് വിസ്മയമായി മാറി.

യുനെസ്‌കോ, കേരളടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പൈസ്‌റൂട്ട് പാചക മത്സരത്തിനായി 39 വിദേശ ഷെഫുമാരാണ് കൊച്ചിയിലെത്തിയത്. ഇരുപതു വർഷമായി കൊച്ചിയിലെ പ്രധാന പാചക അധ്യാപിക കൂടിയാണ് ഷെഫുമാർക്കുവേണ്ടി അടുക്കള ഒരുക്കിയ നിമ്മി പോൾ. കേരളീയ വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ മസാല ഉപയോഗിക്കുന്നതിലെ പൊടിക്കൈകളും നിമ്മി ഷെഫുമാരുമായി പങ്കു വച്ചു.

പുസ്‌കത്തിൽ കാണുന്നതിനേക്കാൾ മികച്ച അവസരമാണ് നാടൻ അടുക്കളയിലെ പാചകം കണ്ടതിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രശസ്ത ലെബനീസ് ഷെഫ് ജിഹാദ് എൽഷാമി പറഞ്ഞു. ഒമ്പതുവർഷമായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ചീഫ് ഷെഫാണ് ഷാമി. പക്ഷെ കേരളത്തിന്റെ തനതു പാചകരീതികൾ കാണാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്നും പറഞ്ഞു.

ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പോർച്ചുഗീസ് ഷെഫ് ബെർനാർഡ് അഗ്രേല പാചക മത്സരത്തിനെത്തിയത്. മസാലകളുടെ ഉപയോഗമാണ് കേരളത്തിലെ പാചകത്തെ മികച്ചതാക്കുന്നതെന്നാണ് ബെർനാർഡിന്റെ അഭിപ്രായം. കാലാവസ്ഥയാണ് കേരളത്തിന്റെ പ്രത്യേകത. അതിനനുസരിച്ചുള്ള കറിപ്പൊടികൾ ഇവിടുത്തെ ഭക്ഷണത്തെ മികച്ചതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മിക്ക വിഭവങ്ങളും തങ്ങളുടെ നാട്ടിലും സാധാരണയാണെന്ന് മലേഷ്യൻ കുക്ക് റൗസ്‌ലി പറയുന്നു. വെളിച്ചെണ്ണയും ഇലയിൽചുട്ട മീനും, കൊഞ്ച് കറിയുമെല്ലാം ഒന്നുതന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ കേരളത്തിന്റെ തനതുവിഭവമായ ബീഫ് ഫ്രൈയിൽ റൗസ്‌ലി വീണു. മാംസം സ്റ്റൂ ആയി കഴിക്കുന്ന ശീലമാണ് മലേഷ്യക്കാർക്കുള്ളത്. എന്നാൽ ബീഫ് വരട്ടി തേങ്ങാക്കൊത്ത് ചേർത്ത വിഭവം തകർപ്പനാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

പാചകത്തോടൊപ്പം ചില ആയുർവേദ പൊടിക്കൈകൾകൂടി നിമ്മി പോൾ ഷെഫുകൾക്ക് പറഞ്ഞുകൊടുത്തു. ജീരക വെള്ളം, ചുക്കുവെള്ളം തുടങ്ങിയവയായിരുന്നു നിമ്മി പറഞ്ഞു കൊടുത്ത നുറുങ്ങുകൾ. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരായതിനാൽ ഇത്തരം പൊടിക്കൈകൾ അവരെ ഏറെ സഹായിക്കുമെന്നും നിമ്മി പറഞ്ഞു. സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാജ്യാന്തര ഷെഫ് മത്സരം ആരംഭിക്കും. പൊതുജനങ്ങൾക്ക് മത്സരം കാണാനുള്ള അവസരമുണ്ടായിരിക്കും.