കേരള ട്രാവൽ മാർട്ട് 28 മുതൽ

Posted on: September 19, 2016

ktm-press-meet-sept-2016-bi

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽമാർട്ട് (കെടിഎം) സെപ്റ്റംബർ 28 ന് ആരംഭിക്കും. സെപ്റ്റംബർ 27 നു വൈകുന്നേരം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് അറിയിച്ചു.

കെടിഎം സൊസൈറ്റിയുടെസാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് 9 ഇന പരിപാടി സംഘടിപ്പിക്കുമെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു. കേരളത്തിന്റെ സുസ്ഥിര വികസനവും സഞ്ചാരികൾക്ക് മികച്ച സേവനവും പ്രദാനം ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പല സ്ഥാപനങ്ങളും ഒമ്പതിന പരിപാടി നടപ്പിലാക്കി തുടങ്ങിയതായും അദേഹം പറഞ്ഞു.

മാലിന്യ സംസ്‌കരണം, ജൈവകൃഷി പ്രോത്സാഹനം, ശരിയായ രീതിയിലുള്ള ഊർജ ഉപയോഗം, പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങളുടെ വ്യാപകമായ ഉപഭോഗം എന്നിവ ഒമ്പതിന പദ്ധതിയിൽ ഉൾപ്പെടുന്നു. മഴവെളള സംഭരണം, പ്ലാസ്റ്റിക് നിർമാർജ്ജനം, ഹരിത മേഖല വികസനം എന്നിവയും പ്രത്യേക ഊന്നൽ നൽകുന്ന മേഖലകളാണ്.

വെല്ലിംഗ്ടൺ ഐലൻഡിലെ സമുദ്രിക, സാഗര കൺവെൻഷൻ സെന്ററുകളിൽ 28 മുതൽ 30 വരെയാണ്ടൂറിസം മേള നടക്കുന്നത്. അവസാന ദിനമായ 30 ന് മാത്രമേ പൊതു ജനങ്ങൾക്ക് ട്രാവൽമാർട്ട് കാണാൻ പ്രവേശനമുണ്ടാകൂ. 57 വിദേശരാജ്യങ്ങളിൽ നിന്ന് കേരള ട്രാവൽമാർട്ടിൽ പങ്കാളിത്തമുണ്ടാകും. പത്ത് രാജ്യങ്ങൾ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ്ആൻഡ്‌സ്‌പൈസ്‌റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രമേയങ്ങൾ.

ജപ്പാൻ, ചൈന, ചിലി, ഗ്രീസ്, ഇറാൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ, മെക്‌സിക്കോ, ബോട്‌സ്വാന, ജോർജിയ എന്നീ രാജ്യങ്ങളാണ് നടാടെ കേരള ട്രാവൽമാർട്ടിൽ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും. വിദേശരാജ്യങ്ങളിൽ നിന്നായി 560 പ്രതിനിധികൾ ട്രാവൽമാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇന്ത്യയ്ക്കകത്തുനിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്.

ഇക്കുറി കേരള ട്രാവൽമാർട്ടിന്റെ പ്രമേയങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു. തദ്ദേശവാസികളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നത്. ടൂറിസംവ്യവസായത്തിന്റെ വളർച്ചയ്‌ക്കൊപ്പം അതത് പ്രദേശങ്ങളുടെ കൂടി ഉന്നമനം ഇതിലൂടെ സാധ്യമാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുള്ള മുസിരിസും സ്‌പൈസ്‌റൂട്ടും നമ്മുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള പ്രമേയങ്ങളാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

ടൂർ ഓപറേഷൻ, ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുർവേദ റിസോർട്ട്, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെട്ട 265 സെല്ലേഴ്‌സാണ് ട്രാവൽമാർട്ടിൽ പങ്കെടുക്കുന്നത്. ടൂറിസം രംഗത്ത അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലയുംകേരള ട്രാവൽമാർട്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്.