സ്‌പൈസ് റൂട്ട് ഭക്ഷ്യമേള : പ്രദേശിക മാസ്റ്റർ ഷെഫ് മത്സരം

Posted on: August 23, 2016

Spice-Route-Culinary-festivതിരുവനന്തപുരം : സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയുടെ മുന്നോടിയായി നാട്ടിലെ വിഭവങ്ങൾക്കുവേണ്ടി   മത്സരവേദി ഒരുക്കുമെന്ന് ടൂറിസം മന്ത്രി എ. സി. മൊയ്തീൻ അറിയിച്ചു. കൊച്ചി ബോൾഗാട്ടി പാലസിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെ നടക്കുന്ന പ്രാദേശിക മത്സരങ്ങളുടെ യോഗ്യതാ റൗണ്ടിലേക്ക് കേരള ടൂറിസം അപേക്ഷ ക്ഷണിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ തനത് പാചകകല അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പാചകവൈദഗ്ധ്യം കണ്ടെത്തുന്നതിനുകൂടിയാണ് സ്വദേശി പാചകവിദഗ്ധർക്കായി ഈ മത്സരം നടത്തുന്നത്.

പ്രമുഖ പാചകവിദഗ്ധർ അടങ്ങിയ വിധി നിർണയസമിതി തെരഞ്ഞെടുക്കുന്നവർ ബോൾഗാട്ടി പാലസിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. സെപ്റ്റംബർ 23 മുതൽ 26 വരെ നടക്കുന്ന സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയുടെ അവസാനദിവസമാണ് ഫൈനൽ. പ്രൊഫഷണൽ, അമച്വർ പാചക തല്പരർക്കുകൂടി പങ്കെടുക്കാവുന്ന മത്സരത്തിലെ ഫൈനലിസ്റ്റുകൾക്ക് 31 രാജ്യങ്ങളിൽനിന്ന് സ്‌പൈസസ് റൂട്ട് മേളയിൽ പങ്കെടുക്കാനെത്തുന്ന പാചകവിദഗ്ധരുമായി ഇടപഴകാൻ സാധിക്കും.

ചരിത്രപുരാതനമായ സുഗന്ധവ്യഞ്ജനപാതയിലെ 31 രാജ്യങ്ങളുമായുള്ള കേരളത്തിന്റെ പരമ്പരാഗതബന്ധങ്ങൾ പുനഃശാക്തീകരിക്കാൻ ഭക്ഷ്യമേള മികച്ച അവസരമാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. സ്‌പൈസസ് റൂട്ട് കളിനറി ഫെസ്റ്റിവലിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

കേരളാ ടൂറിസം വൈബ്‌സൈറ്റിൽനിന്ന് (www.keralatourism.org) ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമുകൾ അപേക്ഷകരുടെ ഏറ്റവും അടുത്തുള്ള മത്സരകേന്ദ്രത്തിലേക്ക് ഓഗസ്റ്റ് 27 ുള്ളിൽ ഇ-മെയിലായി അയക്കേണ്ടതാണ്. മത്സരകേന്ദ്രങ്ങൾ കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (ഫോൺ: 0495-2385861 ഇമെയിൽ [email protected]), കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഫോൺ: 0484-2558385 ഇമെയിൽ [email protected], കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി (ഫോൺ:04712480283, 2480774, ഇമെയിൽ [email protected]) എന്നിവയാണ്.

പരമ്പരാഗത ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചുള്ളതും മൂന്നു മണിക്കൂറിൽ പാചകം ചെയ്ത് അവതരിപ്പിക്കാവുന്നതുമായ തനത് കേരള വിഭവങ്ങളുടെ അഞ്ചു വീതം പാചകക്കുറിപ്പുകളും അപേക്ഷയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിരിക്കണം. നാലെണ്ണം വിധികർത്താക്കൾക്കും ഒന്ന് അവതരണത്തിനും വേണ്ടിയാണ്. വിജയിക്കുന്ന മത്സരാർത്ഥിയ്ക്കും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും ഭക്ഷ്യമേളയുടെ സമാപനച്ചടങ്ങിൽ സമ്മാനം നൽകും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും കേരളാ ടൂറിസം സർട്ടിഫിക്കറ്റുകളും നൽകും.

യുനെസ്‌കോ, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കേരള ടൂറിസം നടപ്പാക്കുന്ന സ്‌പൈസ് റൂട്ട് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലുള്ള നൂതന പരിപാടിയാണ് സ്‌പൈസ് റൂട്ട് ഭക്ഷ്യമേള. 31 രാജ്യങ്ങളിൽനിന്നുള്ള പാചക വിദഗ്ധർ കേരളത്തിന്റെ തനത് വിഭവങ്ങൾ പരിചയപ്പെടുകയും അവയുടെ അവതരണങ്ങളിലും ചർച്ചകളിലും പങ്കെടുക്കുകയും ചെയ്യും.