കേരളാ ടൂറിസത്തിന് കേന്ദ്ര സർക്കാരിന്റെ 12 പുരസ്‌കാരങ്ങൾ

Posted on: August 1, 2016

Kerala-Tourism-Award-2016-J

തിരുവനന്തപുരം : കേരളാ ടൂറിസത്തിന് കേന്ദ്ര സർക്കാരിന്റെ 12 പുരസ്‌കാരങ്ങൾ ലഭിച്ചു. സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ പകുതിയും കേരളം സ്വന്തമാക്കി. ഇതിനുപുറമെ ഉത്തരവാദിത്ത ടൂറിസത്തിലേതുൾപ്പെടെ രണ്ട് അവാർഡുകളും കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ഒരു ആയുർവേദ സെന്ററും നേടിയ ഏഴ് അവാർഡുകളും ഉൾപ്പടെ 12 പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശർമയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അവാർഡുകൾ സമ്മാനിച്ചു. കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടർ യു. വി ജോസ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ടൂറിസം വിപണന, പ്രസിദ്ധീകരണ വിഭാഗങ്ങളിൽ സംസ്ഥാനങ്ങൾക്കായി നീക്കിവച്ചിരുന്ന അവാർഡുകളിലാണ് പകുതിയും കേരളത്തിനാണ്. വിവരസാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള അവാർഡും കേരള ടൂറിസത്തിനാണ് (സോഷ്യൽ മീഡിയ-മൊബൈൽ ആപ് വിഭാഗം) ഉത്തരവാദിത്ത ടൂറിസം വിഭാഗത്തിലാണ് വയനാട് ഇനിഷ്യേറ്റിവ് അവാർഡ് സ്വന്തമാക്കിയത്. ഗ്രാമീണ ടൂറിസം വിഭാഗത്തിലെ അവാർഡ് കോഴിക്കോട്ടെ ഇരിങ്ങൽ സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിനാണ്.

രാജ്യത്ത് നവീനമായ ടൂറിസം ഉത്പന്നമായി ശ്രദ്ധ നേടിയ ഉത്തരവാദിത്ത ടൂറിസത്തിന് ലഭിച്ച അംഗീകാരങ്ങൾ ഹൃദ്യവും പ്രോത്സാഹന ജനകവുമാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.

കേരളത്തിന്റെ ശതാബ്ദങ്ങൾ നീണ്ട ബഹുസ്വരതയുടെ കഥ പറയുന്ന കേരള ആൻഡ് ദ സ്‌പൈസ് റൂട്ട്‌സ് എന്ന കോഫി ടേബിൾ ബുക്ക് മികച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർക്ക് കമ്യൂണിക്കേഷൻസാണ് പുസ്തകം രൂപകല്പന ചെയ്തത്. കേരളത്തിന്റെ ജൈവ സമ്പന്നമായ കായലുകളുടെ സചിത്ര വിവരണത്തിലൂടെ ശ്രദ്ധേയമായ ദ ഗ്രേറ്റ് ബാക്‌വാട്ടേഴ്‌സ് എന്ന ജർമൻ ഭാഷയിലുള്ള ലഘുലേഖ മികച്ച വിദേശഭാഷാ പ്രസിദ്ധീകരണത്തിനുള്ള പുരസ്‌കാരം നേടി.

വിവര സാങ്കേതികമേഖലയിലെ നൂതനത്വത്തിനുള്ള പുരസ്‌കാരം നേടിയ കേരള ടൂറിസം വെബ്‌സൈറ്റ് രൂപകല്പന ചെയ്തത് ഇൻവിസ് മൾട്ടിമീഡിയയും സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നത് സ്റ്റാർക്ക് കമ്യൂണിക്കേഷൻസുമാണ്. 12.8 ലക്ഷം പേരുടെ പിന്തുണയോടെ കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് ഇന്ത്യയിലെ ഏത് ടൂറിസം ബോർഡിനെക്കാളും മുന്നിലാണ്.

കേരളവുമായി ബന്ധമുള്ള മറ്റ് അവാർഡുകൾ : മികച്ച പഞ്ചനക്ഷത്ര ഹോട്ടൽ-ടർട്ട്ൽ ഓൺ ദ ബീച്ച് കോവളം, ക്ലാസിക് വിഭാഗത്തിലെ മികച്ച പൈതൃക ഹോട്ടൽ-കോക്കനട്ട് ലഗൂൺ കുമരകം, ബെസ്റ്റ് ഇൻക്രെഡിബിൾ ഇന്ത്യ ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ് സ്ഥാപനം-കോക്കനട്ട് ക്രീക്ക് ഫാം ആൻഡ് ഹോംസ്റ്റേ, മികച്ച വെൽനെസ് കേന്ദ്രം- സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ആശുപത്രി തിരുവനന്തപുരം, വ്യത്യസ്തമായ ഉത്പന്നങ്ങൾക്കുള്ള മികച്ച ടൂർ ഓപ്പറേറ്റർ- ലോട്ടസ് ഡെസ്റ്റിനേഷൻസ് കൊച്ചി, പുറത്തുനിന്നുള്ള വിനോദ സഞ്ചാരികളെ എത്തിച്ച ടൂർ ഓപ്പറേറ്റർ/ട്രാവൽ ഏജന്റ്- കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് കൊച്ചി, ഈ വിഭാഗത്തിൽ മൂന്നാംസ്ഥാനം ദ്രവീഡിയൻ ട്രെയ്ൽസ് ഹോളിഡെയ്‌സ് കൊച്ചി.

TAGS: Kerala Tourism |