പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ പുരസ്‌കാരം : കേരള ടൂറിസത്തിന് ഇരട്ടസ്വർണം

Posted on: July 30, 2016

KeralaTourism-Logo-Big

തിരുവനന്തപുരം : പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (പാറ്റ) പുരസ്‌കാരങ്ങളിൽ കേരള ടൂറിസത്തിന് ഇരട്ട സ്വർണനേട്ടം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാൻ സഹായകമായ നൂതന വിപണന മാതൃകകളെ മുൻനിർത്തിയാണ് ഈ പുരസ്‌കാരങ്ങൾ. മാർക്കറ്റിംഗ് മീഡിയ മേഖലയിൽ കേരളം സ്വന്തമാക്കിയ രണ്ട് പുരസ്‌കാരങ്ങൾ സംപ്രേഷണ മാധ്യമങ്ങളിലെ യാത്രാപരസ്യം, ഇ-ന്യൂസ്‌ലെറ്റർ എന്നീ വിഭാഗങ്ങളിലായാണ്. വിസിറ്റ് കേരള ടെലിവിഷൻ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇ-ന്യൂസ്‌ലെറ്റർ എന്നിവയ്ക്കാണ് ഈ പുരസ്‌കാരങ്ങൾ.

സെപ്തംബർ ഒൻപതിന് ജക്കാർത്തയിൽ പാറ്റ ട്രാവൽമാർട്ടിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഈ വർഷത്തെ പുരസ്‌കാരങ്ങൾക്കായി ആഗോളതലത്തിൽ 71 വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമായി 212 അപേക്ഷകൾ ലഭിച്ചിരുന്നു.

ടൂറിസം മേഖലയിൽ ഏറെ സ്വാധീനമുള്ള പാറ്റ പുരസ്‌കാരങ്ങളിൽ രണ്ട് സ്വർണം നേടുകയെന്നത് സവിശേഷമായ നേട്ടമാണെന്ന് ടൂറിസം മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ ഒന്നാംകിട ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ ഈ നൂതന വിപണന സംവിധാനങ്ങൾ വിജയിച്ചുവെന്ന് തെളിയിക്കുന്നതാണ് പുരസ്‌കാര ലബ്ധിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികളിൽ ദൈവത്തിന്റെ സ്വന്തം നാടിന് ലഭിക്കുന്ന തനതായ സ്വീകാര്യത പൂർണമായും ഉൾക്കൊണ്ടുള്ള വിപണന, പ്രചാരണ പരിപാടികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ഇനിയും ഇത്തരം ബഹുമതികൾ ഇവ നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിജയകരമായ ബ്രാൻഡിംഗിങ്ങിന്റെ സാക്ഷ്യപത്രമാണ് തുടർച്ചയായ ഈ ബഹുമതികളെന്ന് കേരള ടൂറിസം ഡയറക്ടർ യു. വി. ജോസ് പറഞ്ഞു. ഇന്നത്തെ വിനോദസഞ്ചാരികൾ പുത്തൻ യാത്രാനുഭവങ്ങൾ തേടുന്നതു വിനോദസഞ്ചാരികൾക്കിടയിൽ ലക്ഷ്യസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ ആകർഷണീയത പുരസ്‌കാരനേട്ടം കൊണ്ട് വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Kerala Tourism |