സൗദിയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞെന്ന് എഎടിഒ

Posted on: June 5, 2016

AATO-Logo-Big

കൊച്ചി : സൗദി അറേബ്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഇന്ത്യൻ എംബസിയിൽ നേരിട്ട് എത്തി വിരലടയാളം പതിപ്പിക്കണമെന്ന നിർദേശത്തെ തുടർന്ന് മൺസൂൺ ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായതായി അസോസിയേഷൻ ഫോർ അറബ് ടൂർ ഓപറേറ്റേഴ്‌സ് (എഎടിഒ) പത്രസമ്മേളനത്തിൽ അറിയിച്ചു.

വിരലടയാളം എടുക്കുന്നതിനുള്ള സജ്ജീകരണം വിമാനത്താവളത്തിൽ തന്നെ ക്രമീകരിക്കുകയാണു വേണ്ടത്. പല രാജ്യങ്ങളുടെയും എംബസികൾ ഇത്തരം ക്രമീകരണം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎടിഒ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം 70,000 ൽ അധികം സൗദി സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. ഈ വർഷം അത് ഒരു ലക്ഷം കവിയുമെന്നു പ്രതീക്ഷിച്ചിരിക്കവേയാണ് എംബസിയുടെ പുത്തൻ നിർദേശം വന്നിരിക്കുന്നത്. പ്രശ്‌നത്തിൽ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും എഎടിഒ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എഎടിഒ പ്രസിഡന്റ് കെ.എസ്.എ. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ മണ്ണഞ്ചേരി, ട്രഷറർ ബാബു എന്നിവർ പങ്കെടുത്തു.