ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കൊച്ചിയിൽ

Posted on: December 7, 2013

Ayurveda

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ(ജിഎഎഫ്) 2014 ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കും. ഇതോടനുബന്ധിച്ച് ആരോഗ്യ എക്‌സ്‌പോയുടെ രണ്ടാം പതിപ്പും നടക്കും. ഫെബ്രുവരി 20നു തുടങ്ങുന്ന മേള 24  സമാപിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ), സംസ്ഥാന സർക്കാർ, വിവിധ ആയുർവേദ കൂട്ടായ്മകളായ എഎംഎഐ, എഎംഎംഒഐ, എഎച്ച്എംഎ, കെഐഎസ്എംഎ, എഡിഎംഎ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

വിവിധരാജ്യങ്ങളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. പകർച്ചവ്യാധികൾ സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ പങ്ക് എന്ന വിഷയമാണ് ഇത്തവണത്തെ ജിഎഎഫിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

ആയുർവേദത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന മെഗാ എക്‌സിബിഷൻ, ശില്പശാലകൾ, പ്രയോഗിക പ്രദർശനങ്ങൾ, സയൻസ് എന്നിവയും ജിഎഎഫ് 2014 ന്റെ ഭാഗമായിരിക്കും. ആയുർവേദ കോളജ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ആയുർവേദ ക്ലിനിക്കുകളും ആയുർവേദ എജ്യൂക്കേഷൻ എക്‌സ്‌പോയും ഉണ്ടാകും. സാംസ്‌കാരിക പരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ, റോഡ് ഷോ, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ, ഫോട്ടോഗ്രഫി മത്സരം എന്നിവയും മേളയുടെ ഭാഗമായി നടക്കും.

പത്രസമ്മേളനത്തിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഹൈബി ഈഡൻ എംഎൽഎ, വർക്കിംഗ് ചെയർമാൻ ഡോ.എം.ആർ.വി നമ്പൂതിരി, സെക്രട്ടറി ജ്യൂറൽ ഡോ.ജി.വിനോദ് കുമാർ, വൈസ് ചെയർമാൻ ഡോ. സജികുമാർ,
ചീഫ് കോ-ഓർഡിനേറ്റർ ഡോ. സി. സുരേഷ് കുമാർ, ഡോ. ബേബി കൃഷ്ണ, ഡോ.സന്ധ്യ മന്നത്ത് എന്നിവരും സംബന്ധിച്ചു.