പുതിയ ഇക്കോ ടാങ്ക് പ്രിന്റര്‍ ശ്രേണിയുമായി എപ്‌സണ്‍

Posted on: February 20, 2019

കൊച്ചി : ഡിജിറ്റല്‍ ഇമേജിംഗ് പ്രിന്റിംഗ് സൊലൂഷന്‍സ് സേവന ദാതാക്കളായ എപ്‌സണ്‍ പുതിയ മൂന്ന് മോണോക്രോം ഇക്കോ ടാങ്ക് പ്രിന്ററുകള്‍ വിപണിയിലെത്തിച്ചു. ഒട്ടേറെ സവിശേഷതകളോടു കൂടിയ എം 1100, എം 1120, എം 2140 എന്നിവയാണ് പുതിയ മോണോക്രോം ഇക്കോ ടാങ്ക് പ്രിന്ററുകള്‍. എം1100-ന് 12,999 രൂപയും എം1120 – ന് 12999 രൂപയും എം 2140 – ന് 19,899 രൂപയുമാണ് വില.

മോണോ ലേസര്‍ പ്രിന്ററുകളെ അപേക്ഷിച്ച്, പ്രിന്റിംഗ് ചെലവ് പുതിയ പ്രിന്ററില്‍ വളരെ കുറവായിരിക്കും. കേവലം 12 പൈസ ആണ് പുതിയ എം സീരിസില്‍ നിന്നുള്ള പ്രിന്റ് ചെലവ്. മറ്റു പ്രന്ററുകളില്‍ നിന്നുള്ള ചെലവിനെ അപേക്ഷിച്ച് 23 ശതമാനം ചെലവ് കുറവാണിത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം എന്ന പരിസ്ഥിതി നയം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രിന്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. റീഫില്‍ ഇങ്ക് ബോട്ടില്‍ ലഭ്യമാക്കുന്നത് ഒരു കുപ്പിക്ക് 6000 പേജാണ്. ലേസര്‍ പ്രിന്ററിന്റെ ഒരു ടോണറില്‍ നിന്ന് 2000 പേജുകള്‍ മാത്രമാണ് ലഭിക്കുക.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള എം സീരീസ് പ്രിന്ററില്‍ ഇടയ്ക്കിടെ ടോണര്‍ മാറ്റേണ്ട ആവശ്യവും ഇല്ല. ലേസര്‍ പ്രിന്ററുകളെ അപേക്ഷിച്ച് വൈദ്യുതി ചെലവും പുതിയ പ്രിന്ററിന് വളരെ കുറവാണ്. ലേസര്‍ പ്രിന്ററിന് 250 വാട്‌സ് വൈദ്യുതി ആവശ്യമാണന്നിരിക്കേ, പുതിയ മോണോക്രോമിന് 14 വാട്‌സ് വൈദ്യുതി മാത്രം മതിയാകും.

മഷി ടാങ്കുകള്‍ ഏകീകൃതമായതിനാല്‍ റീഫില്ലിംഗുകള്‍ എളുപ്പമാണ്. ഒതുക്കം ഉള്ള പ്രിന്റര്‍ ആയതിനാല്‍ ഏതു ചെറിയ ഓഫീസിലും അനായാസം ഉപയോഗിക്കാം. വൈഫൈ ഡയറക്ട്, ഫാസ്റ്റ് സ്പീഡ് ഡ്യൂപ്ലെക്‌സ് പ്രിന്റിംഗ് സൗകര്യങ്ങളും ഉണ്ട്. മൂന്നു വര്‍ഷത്തേയോ 50,000 പ്രിന്റുകളുടെയോ വാറന്റിയും ഉണ്ട്.

എപ്‌സണ് ഇപ്പോള്‍ ഏഴ് എം സിരീസ് പ്രിന്ററുകള്‍ വിപണിയില്‍ ഉണ്ടെന്ന് എപ്‌സണ്‍ ഇന്ത്യ ഇങ്ക്‌ജെക്റ്റ് പ്രിന്റേഴ്‌സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ പറഞ്ഞു.