റിലയന്‍സ് 50 മില്യണ്‍ വീടുകളിലേക്ക് ഡിജിറ്റല്‍ കേബിള്‍ സേവനങ്ങളെത്തിക്കുന്നു

Posted on: October 19, 2018

കൊച്ചി : രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ആക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുമായി റിലയന്‍സ് 50 മില്യണ്‍ വീടുകളിലേക്ക് എത്തുന്നു. ജിയോ ഗിഗാ ഫൈബര്‍, ജിയോ സ്മാര്‍ട്ട് ഹോം സോല്യുഷന്‍സ് എന്നിവയുടെ മികവുറ്റ ഡിജിറ്റല്‍ സേവനം 1,100 വീടുകളില്‍ കേബിള്‍ ശൃംഖലയിലൂടെ എത്തിക്കുകയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

ഇതിനായി ഡെന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, ഹാത്ത് – വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡ് എന്നീ കമ്പനികളില്‍ സുപ്രധാനപരമായ നിക്ഷേപവും പങ്കാളിത്തവും നടത്തുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സാങ്കേതിക, അടിസ്ഥാന വികസനവും ഇതിലൂടെ സാധ്യമാക്കും.

ഡെന്‍, ഹാത്ത്-വേ കമ്പനികള്‍ നിലവില്‍ കേബിള്‍ സേവനം നല്‍കുന്ന 750 നഗരങ്ങളിലെ 24 മില്യണ്‍ വീടുകളില്‍ ഇനി മുതല്‍ ജിയോ ജിഗാഫൈബര്‍, ജിയോ സ്മാര്‍ട്ട് ഹോം സൊല്യൂഷന്‍സ് സംവിധാനങ്ങളിലൂടെ കേബിള്‍ സേവനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഇരു കമ്പനികളുമായും റിലയന്‍സ് പങ്കാളിത്തമുറപ്പാക്കും. ഭാവിയില്‍ രാജ്യത്തെ 1100 നഗരങ്ങളിലായി 50 മില്യണ്‍ വീടുകളിലേക്ക് റിലയന്‍സ് കേബിള്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ തുടക്കമാണീ പങ്കാളിത്തം.

സെബി റെഗുലേഷനുകള്‍ക്കു വിധേയമായി ആദ്യപടിയായി ഡെന് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ 66% ഓഹരി 2045 കോടി രൂപയ്ക്കു റിലയന്‍സ് ലിമിറ്റഡ് സ്വന്തമാക്കി. 2940 കോടി രൂപയ്ക്കാണ് ഹാത്ത്-വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡിന്റെ 51.3% ഓഹരികള്‍ റിലയന്‍സ് ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. 37.3% ഓഹരികളോടെ ഹാത്ത്-വേയുടെ സംയുക്ത നിയന്ത്രണത്തിലുള്ള ജി.ടി.പി.എല്‍ ഹാത്ത്-വേ ലിമിറ്റഡിലും, ഹാത്ത്-വേ ഭവാനി കേബിള്‍ടെല്‍ ആന്‍ഡ് ഡാറ്റകോം എന്നിവയിലും റിലയന്‍സ് ലിമിറ്റഡിന് പങ്കാളിത്തമുണ്ടാകും.

എം.എസ്.ഓ വ്യവസായ രംഗത്തെ അതികായരായ രാജന്‍ രഹേജയും, സമീര്‍ മന്‍ചന്ദാനയുമായി പങ്കാളിത്തമുണ്ടാക്കാനായതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പ്രതികരിച്ചു.