എഡ്‌ഫോൺ ആപ്പ് ലോഞ്ച് ചെയ്തു

Posted on: February 6, 2018

കെഎസ്‌ഐഡിസി ഫണ്ട് ചെയ്ത എഡ്‌ഫോൺ മൊബൈൽ ആപ്പ് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന ഐഎഎസ് കൊച്ചിയിൽ ലോഞ്ച് ചെയ്യുന്നു. എഡ്‌ഫോൺ ആപ്പ് സ്ഥാപകൻ ഡോ. നിഷാന്ത് ബി സിംഗ്, ചോയ്‌സ് സ്‌കൂൾ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് രഞ്ജിത് ഫിലിപ്പ്, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ ഡോ.സിസ്റ്റർ വിനീത, മെന്റർ ഗുരു ഡയറക്ടർ എസ്. ആർ. നായർ തുടങ്ങിയവർ സമീപം.

കൊച്ചി : പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത് വിജയകരമായി പരീക്ഷയെ നേരിടാൻ സഹായിക്കുന്ന പുതിയ ആപ്പ് – എഡ്‌ഫോൺ വിപണിയിൽ. എഡ്യുലോഞ്ച് സർവീസസും കെഎസ്‌ഐഡിസിയും സംയുക്തമായി അവതരിപ്പിക്കുന്ന ആപ്പിന്റെ ലോഞ്ച് കെഎസ്‌ഐഡിസി എംഡി ഡോ എം ബീന ഐഎഎസ് നിർവഹിച്ചു.

ടൈമർ ഉൾക്കൊള്ളുന്ന ആപ്പായതിനാൽ വിവിധ വിഷയങ്ങൾ പഠിക്കുന്നതിനാവശ്യമായ സമയം ക്രമീകരിക്കാൻ സാധിക്കുമെന്ന് ആപ്പ് സ്ഥാപകൻ ഡോ. നിഷാന്ത് ബി. സിംഗ് പറഞ്ഞു. റിവിഷൻ ആവശ്യമായി വരുമ്പോൾ പെട്ടെന്നു തന്നെ അതാത് അദ്ധ്യായത്തിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് റിവിഷൻ നടത്താനും സ്വന്തമായി ഓഡിയോ റെക്കോഡ് ചെയ്ത് പഠിക്കാനും ഇതിൽ സൗകര്യമുണ്ട്.

എന്തു പഠിക്കണമെന്നത് ഇക്കാലത്ത് ഒരു വലിയ പ്രശ്‌നമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റവും മികച്ച പാഠ്യവസ്തുക്കൾ നൽകാൻ തമ്മിൽ മത്സരിക്കുകയാണ്. ഇന്റർനെറ്റും മികച്ച സ്റ്റഡി മെറ്റീരിയലുകളുടെ നല്ല സ്രോതസ്സാണ്. എന്തിനു പഠിക്കണം, എങ്ങനെ പഠിക്കണം – അതാണ് ഇക്കാലത്തെ വെല്ലുവിളി, ഡോ. സിംഗ് ചൂണ്ടിക്കാണിച്ചു.

സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ ഡോ.സിസ്റ്റർ വിനീത, മെന്റർ ഗുരു ഡയറക്ടർ എസ്. ആർ. നായർ, ചോയ്‌സ് സ്‌കൂൾ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് രഞ്ജിത് ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.

TAGS: Edfone App | KSIDC |