ഫിസാറ്റ് : എൻജിനീയറിംഗ് കോളജിൽ നിന്ന് സൈബർപാർക്കിലേക്ക്

Posted on: March 2, 2019

പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് മാറ്റത്തിന്റെ തിരിതെളിയിച്ച് മുന്നേറുകയാണ് അങ്കമാലി മൂക്കന്നൂരിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി – ഫിസാറ്റ്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന എല്ലാ സൗകര്യങ്ങളും ഫിസാറ്റിൽ ഉണ്ട്. ഫോക്കസ് ഓൺ എക്‌സലൻസ് എന്ന ആപ്തവാക്യം ശരിവയ്ക്കുന്നതാണ് ഈ കോളജിലെ ഓരോ സജ്ജീകരണങ്ങളും. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾക്ക് സഹായമാകുന്ന വിവിധ ലാബുകളും വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ച സൂപ്പർ കംപ്യൂട്ടറും അത്യാധുനിക രീതിയിലുള്ള ലൈബ്രറിയും ലാഗ്വേജ് ലാബും കാമ്പസിലുണ്ട്. ഫിസാറ്റിനെ കഴിഞ്ഞ അഞ്ചു വർഷമായി പുരോഗതിയിലേക്ക് നയിക്കുന്നത് ചെയർമാൻ പോൾ മുണ്ടാടന്റെ നേതൃപാടവമാണ്. ഫിസാറ്റിന്റെ തുടക്കത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അദേഹത്തിന്റെ വാക്കുകളിലൂടെ

ഫിസാറ്റിന്റെ തുടക്കം

ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ സംരംഭമാണ് ഫിസാറ്റ്. എഫ്ബിഒഎ 1998 ൽ കോട്ടയത്ത് നടന്ന ദേശീയ കോൺഫറൻസിൽ ഒരു വിദ്യാഭ്യാസ സംരംഭം തുടങ്ങണമെന്ന് തീരുമാനമെടുത്തു. സ്‌കൂളാണോ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമാണോ എന്നത് തീർച്ചപ്പെടുത്തിയില്ല. അക്കാലത്ത് ധാരാളം വിദ്യാർത്ഥികൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് കേരളത്തിന്റെ പുറത്തേക്ക് പോയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരായി വിദ്യാർഥികൾ വേണ്ടത്ര സൗകര്യമില്ലാത്ത കോളജുകളിൽ ഗുണനിലവാരമില്ലാത്ത വിദ്യഭ്യാസം നേടേണ്ടി വന്നിരുന്നു. സാധാരണക്കാരനുപോലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഫിസാറ്റ് തുടങ്ങുന്നത്. ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കെ.പി ഹോർമിസിന്റെ ജന്മസ്ഥലമായ മൂക്കന്നൂരിലാണ് ഫിസാറ്റ് പ്രവർത്തിക്കുന്നത്. ഫിസാറ്റ് കാമ്പസ് ഹോർമിസ് നഗർ എന്ന പേരിലാണ് അറിയപ്പെടുന്നത്.

തുടക്കത്തിൽ 240 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 3600 വിദ്യാർത്ഥികൾ. ആറ് ബ്രാഞ്ചിലും ബിടെക്, എംടെക്, എംബിഎ, എംസിഎ തുടങ്ങി വിവിധങ്ങളായ കോഴ്‌സുകളുള്ള വിശാലമായ കാമ്പസ് 45 ഏക്കറിൽ പരന്നു കിടക്കുന്നു. പരിസ്ഥിതി സൗഹൃദമായ കാമ്പസിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന തോടും ഫിസാറ്റിന്റെ ആകർഷണങ്ങളിലൊന്നാണ്.

ഫിസാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രേഡ് യൂണിയൻ പ്രഫഷണൽ കോളജ് നടത്തുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ലാഭം പ്രതീക്ഷിക്കാതെ കോളജ് പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ആവശ്യമുള്ള സൗകര്യങ്ങൾ എല്ലാം ഫിസാറ്റിലുണ്ട്. പ്രവേശനത്തിനുള്ള യോഗ്യത ഉണ്ടായിരിക്കുകയും പണമില്ലാതെ പഠിത്തം മുടങ്ങുമെന്ന് ആശങ്കപ്പെടുന്ന കുട്ടികൾക്ക് ഫിസാറ്റ് അത്താണിയാണ്. ഇത്തരത്തിലുള്ള നിരവധി കുട്ടികൾക്ക് ഫീസ് ഇളവും നല്കുന്നു. കുറഞ്ഞ കാലയളവിൽ ശാസ്ത്രീയമായും സാംസ്‌കാരികമായും വലിയൊരു പ്രസ്ഥാനമായി ഫിസാറ്റ് മാറുകയായിരുന്നു.

 

 

ട്രേഡ് യൂണിയന്റെ കോളജ്

ട്രേഡ് യൂണിയൻ ആരംഭിച്ച പ്രഫഷണൽ കോളജ് ആണെങ്കിലും കേരളത്തിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ് കോളജുകളുടെ നിരയിലാണ് ഫിസാറ്റിന്റെ സ്ഥാനം. ജനങ്ങളോടൊപ്പം നിന്ന് ബാങ്ക് ഓഫീസർമാരും ട്രേഡ് യൂണിയനും എന്തെല്ലാം നല്ലകാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കുകയായിരുന്നു. 2013 മുതലാണ് പോൾ മുണ്ടാടൻ ഫിസാറ്റ് ചെയർമാൻ സ്ഥാനത്ത് എത്തുന്നത്. യശശരീരനായ പി.വി മാത്യുവാണ് ഫിസാറ്റിന്റെ സ്ഥാപക ചെയർമാൻ. ദീർഘവീക്ഷണത്തോടെയുള്ള അദേഹത്തിന്റെ പ്രവർത്തനം ഫിസാറ്റിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറപാകി.

ഏറ്റവും ഗുണനിലവാരമുള്ള, മികവാർന്ന പ്രൊഫഷണൽ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകണമെന്നാണ് ഫിസാറ്റിന്റെ ലക്ഷ്യം. ഫിസാറ്റിലെ ഓരോ വിദ്യാർത്ഥിയും ലോകോത്തര നിലവാരത്തിൽ പഠിച്ച് മുന്നോട്ടു പോകണം. ക്ലാസ് മുറിക്കകത്തും പുറത്തും മികവു പുലർത്താനും സംരംഭകരാകാനും കണ്ടുപിടുത്തങ്ങൾ നടത്താനും സർവോപരി സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല മനുഷ്യരാകാനും കഴിയണമെന്നാണ് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടന്റെ നിലപാട്.

സമൂഹത്തിന് ഗുണകരമായ പ്രതിഭകളായിത്തീരാനുമുള്ള സാഹചര്യമുണ്ടാക്കികൊടുക്കുക എന്നതായിരുന്നു ഫിസാറ്റ് ഗവേണിംഗ് ബോർഡിന്റെ ലക്ഷ്യം. അതിനു വേണ്ട ഇൻഫ്രാസ്ട്രചർ അത്രയും കാമ്പസിൽ ഒരുക്കി. ഗവൺമെന്റും എഐസിടിയും നിർദേശിക്കുന്നതിന്റെയും അപ്പുറത്ത് എന്തൊക്കെ വിദ്യാർത്ഥികൾക്ക് നല്കാൻ കഴിയുമോ അതൊക്കെ ക്രമീകരിച്ചാണ് ഫിസാറ്റ് മുന്നോട്ട് പോകുന്നത്. നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് ഉള്ള ഫിസാറ്റ് ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളെ പ്രവേശനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രഫഷണൽ കോളജായി വളർന്നു.

സൂപ്പർ കംപ്യൂട്ടർ

ഫിസാറ്റിലെ വിദ്യാർത്ഥികൾ നിർമിച്ച സൂപ്പർ കംപ്യൂട്ടർ കുട്ടികൾ കഴിവു തെളിയിച്ചതിന് ഉത്തമ ഉദാഹരണമാണ്. പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് സൂപ്പർ കംപ്യൂട്ടർ. കാമ്പസിലെ കംപ്യൂട്ടർ ശൃംഖലയെ നിയന്ത്രിക്കുന്നത് ഈ സൂപ്പർ കംപ്യൂട്ടറാണ്. കൂടാതെ കണ്ടുപിടുത്തങ്ങളെ സഹായിക്കുന്ന ഇെന്നാവേഷൻ സെന്റർ, ത്രീഡി പ്രിന്റിംഗ് സംവിധാനങ്ങളുള്ള ഫാബ്രിക്കേഷൻ ലാബ്, മൊബൈൽ ഫാബ് ലാബ് തുടങ്ങിയവ ഇവിടെയുണ്ട്. നമ്മുടെ കുട്ടികൾക്ക് ശാസ്ത്ര ബോധവും സാങ്കേതിക കൗതുകം ഉണ്ടാക്കാനും മൊബൈൽ ഫാബ് ലാബ് ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലെ കുട്ടികളിൽ കണ്ടുപിടുത്തത്തിനുള്ള ത്വര ഉണ്ടാക്കാനും അവരെ കാമ്പസിലേക്ക് കൊണ്ടു വന്ന് കൂടുതൽ പരിശീലനം നല്കുകയുമാണ് മൊബൈൽ ഫാബ് ലാബ് ചെയ്യുന്നത്. ത്രീഡി പ്രിന്റിംഗ് ചെയ്യാൻ ത്രീഡി പ്രിന്റർ കുട്ടികൾ തന്നെ നിർമ്മിച്ചിട്ടുണ്ട്.

പ്രതിഭകൾ വളരണം

നമ്മുടെ കുട്ടികളിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടു പോയാൽ ഒട്ടനവധി കാര്യങ്ങൾ കണ്ടുപിടിക്കാൻ പറ്റുമെന്ന് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ വിശ്വസിക്കുന്നു. ഫിസാറ്റ് വളർന്നു വലുതായി ഡീംഡ് യൂണിവേഴ്‌സിറ്റിയും രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനവുമായി മാറണമെന്ന് പോൾ മുണ്ടാന്റെ സ്വപ്നം. എൻജിനിയറിംഗ്, മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ അവസാനവാക്കായി ഫിസാറ്റ് മാറണമെന്നും ഇവിടെ നിന്ന് പുറത്തിറങ്ങുന്ന കുട്ടികൾ സമൂഹത്തിന്റെ ഏറ്റവും നല്ല പൗരന്മാരായി, നല്ല പ്രതിഭകളായി ഈ രാജ്യം ഉറ്റുനോക്കുന്ന നല്ല സാങ്കേതിക വിദഗ്ദ്ധരായി മാറണമെന്നാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പോൾ മുണ്ടാടൻ പറഞ്ഞു. ഒരു ജോലി എന്നതിനപ്പുറത്ത് പത്തുപേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകരാകാൻ ഫിസാറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ കാമ്പസിനകത്ത് ഒട്ടനവധി സ്റ്റാർട്ടപ്പ് സംവിധാനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

അവർ പരാജയപ്പെട്ടോട്ടെ എങ്കിലും പ്രശ്‌നമില്ല, എന്നാൽ അവർ പരാജയപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഫിസാറ്റ് ഒരുക്കിയിട്ടുണ്ട്. ഈ കാമ്പസിൽ നിന്ന് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നൂറുകണക്കിനു സ്റ്റാർട്ടപ്പുകൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോവുകന്നതെന്ന് പോൾ മുണ്ടാടൻ ചൂണ്ടിക്കാട്ടി.

ഫിസാറ്റ് സയൻസ് ടൂറിസം

രാജ്യാന്തര നിലവാരമുള്ള സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഫിസാറ്റ്. പാർക്ക് യാഥാർത്ഥ്യമാകുന്നതിലൂടെ സയൻസ് ടൂറിസം ഉൾപ്പെടെ കുട്ടികൾക്കും സാധാരണക്കാർക്കും വളരെ പ്രയോജനമുണ്ടാകാൻ പോവുകയാണ്. പാർക്കിൽ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രോട്ടോടൈപ്പ് ഉണ്ടാക്കി. കുട്ടികൾക്ക് ഇവിടെ വന്ന്് നേരിട്ട് മനസ്സിലാക്കാനും പങ്കാളിയാകാനും മുന്നോട്ടു പോകാൻ സഹായിക്കും.

എന്നും സാമൂഹ്യപ്രതിബദ്ധതയോടെ

തുടക്കം മുതലെ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ഫിസാറ്റിന്റെ പ്രവർത്തനം. വെള്ളപ്പൊക്കം വന്നപ്പോൾ പ്രളയബാധിത മേഖലകളിൽ പോകുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മൂന്നൂറു വീടുകളുടെ പുനരുദ്ധാരണം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂർത്തിയാക്കി. കൂടാതെ പുതിയ വീടുകൾ നിർമ്മിക്കുകയും ചെയ്തു. അങ്കമാലിയിലെ മൂന്നു കോളനികളാണ് പുനർനിർമ്മിച്ചത്.

അതുപോലെ കുട്ടികൾക്ക് കൃഷിയെയും മണ്ണിനെയും അടുത്ത് മനസ്സിലാക്കാൻ ഏതാണ്ട് അഞ്ച് ഏക്കറോളം സ്ഥലം നീക്കി വച്ചിട്ടുണ്ട്. കുട്ടികളുടെ ജൈവ വെജിറ്റബിൾ ഗാർഡനും പ്രത്യേകതയുള്ളത് തന്നെ. വിദ്യാർത്ഥികൾ മണ്ണിന്റെ മണമറിഞ്ഞവരായി കൃഷിയെ സ്‌നേഹിക്കുന്നവരായി വളരണമെന്ന്   ചെയർമാൻ പോൾ മുണ്ടാടൻ ചൂണ്ടി കാട്ടി. സംംഭകത്വം എന്നു പറയുമ്പോൾ വ്യവസായിക രംഗത്ത്, ബിസിനസ് രംഗത്ത്് മാത്രമല്ല കാർഷിക രംഗത്തും സംരംഭകരാകാൻ അവർക്ക്് കഴിയണം. നേച്വർ എന്ന സംഘടനയുടെ ഭാഗമായിട്ടാണ് കൃഷി ചെയ്യുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന വിളകൾ ഫിസാറ്റ് കാന്റീനിൽ ഉപയോഗിക്കുന്നു. രാസവളങ്ങൾ ഉപയോഗിക്കാത്ത ഓർഗാനിക് കൃഷി രീതിയാണ് അവലംബിക്കുന്നത്.

കുട്ടികളെ സാമൂഹവുമായി ബന്ധപ്പെടുത്താനായി കാൻസർ സപ്പോർട്ട് സെല്ലുകൾ, എൻ എസ് എസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഫിസാറ്റ് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ഒരു ദിവസം അവരോട് ഒപ്പം ചെലവഴിക്കുകയും ചെയ്യാറുണ്ട്.

കൂട്ടായ്മയുടെ വിജയം

ഫിസാറ്റിന്റെ വിജയം സംഘടനയുടെയോ വ്യക്തികളുടെയോ അല്ല. ഒരു കൂട്ടായ്മയുടെയും സംസ്‌കാരത്തിന്റെയും നിശ്ചദാർഡ്യത്തിന്റെയും വിജയമാണെന്ന് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ പറയുന്നു. ഒരു ട്രേഡ് യൂണിയൻ നല്ല ഉദേശത്തോടെ കടന്നു വന്നപ്പോൾ രണ്ടു കൈയും നീട്ടി ജനങ്ങൾ സ്വീകരിക്കുകയും അത് വിജയിക്കുകയുമാണ് ചെയ്യുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റിയായി മാറണമെന്നാണ് ഫിസാറ്റിന്റെ ലക്ഷ്യം. എല്ലാ അർത്ഥത്തിലും സമൂഹത്തിൽ മാതൃകയായി നോക്കി കാണാവുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഫിസാറ്റ് മാറുമെന്ന് ചെയർമാൻ പറയുന്നു.

ആർ ആൻഡ് ഡി ഉൾപ്പടെയുള്ള റിസേർച്ചിനുള്ള സൗകര്യം ഇവിടെ ഉണ്ട്. കുട്ടികളുടെ റിസർച്ച് വികസിപ്പിക്കുന്ന ഒട്ടനവധി പദ്ധതികൾ ഇവിടെയുണ്ട്. ദീർഘവീക്ഷണത്തോടുകൂടിയ മാനേജ്‌മെന്റ് ഫിസാറ്റിന്റെ നട്ടെല്ലാണ്. ഓരോ അധ്യാപകരും അവരുടെ സ്വന്തം സ്ഥാപനമായി ഫിസാറ്റിനെ കാണുന്നു. കഠിനാധ്വാനികളായ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഈ കാമ്പസിന്റെ സമ്പത്ത്. നഗരങ്ങളിൽ കോളജുകൾ ഉണ്ടായിട്ടും ഗ്രാമപ്രദേശത്തെ ഈ കോളജിലേക്ക് എത്തുന്നത് ഉന്നതമായ അക്കാദമിക് നിലവാരമുള്ളതു കൊണ്ടാണ്. പാഠ്യപാഠ്യേതര മേഖലകളിലും കലാകായികമേഖലയിലും ഒട്ടനവധി അവസരങ്ങൾ ഇവിടെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നു. വെള്ളിത്തിരയിലെ യുവനായകൻ നിവിൻ പോളി ഫിസാറ്റിലെ പൂർവവിദ്യാർത്ഥിയാണ്.

സ്‌കിൽ ഡവലപ്പ്‌മെന്റ്

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന് അനിവാര്യമായ ഒന്നാണ് സ്‌കിൽ ഡവലപ്പ്‌മെന്റ്. ഇൻഡസ്ട്രിക്ക് അനുയോജ്യമായ ജോലി ചെയ്യാൻ അവരെ പരിശീലിപ്പിച്ചെടുക്കുക ഞങ്ങൾ എപ്പോഴും പ്രാവീണ്യം കൊടുക്കുന്നത് ഡിജിറ്റൽ ഇന്ത്യയ്ക്ക് വേണ്ടത് പ്രാവിണ്യമുള്ളയാളുകളെയാണ്. അതുകൊണ്ടു തന്നെയാണ് ക്ലാസ്‌റൂമിനും പുസ്തകത്തിനുമപ്പുറത്തേക്ക് പഠനത്തെ നീട്ടികൊണ്ടുപോകുന്നത്. തിയറിയിലുള്ളത് പ്രാക്ടിക്കലിലൂടെ മനസിലാക്കിയെടുക്കുക. ഇൻഡസ്ട്രിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി പരിശീലന പരിപാടികൾ ഫിസാറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇൻഡസ്ട്രിയും അക്കാദമിയും തമ്മിലുള്ള ബന്ധംകൊണ്ടുമാത്രമേ സ്‌കിൽഡവലപ്പ്‌മെന്റ് ഫലപ്രദമാക്കാൻ ക.ഴിയൂ എന്ന് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ചൂണ്ടിക്കാട്ടി.

ഇന്റർവ്യൂവിനായി കമ്മ്യൂണിക്കേഷൻ സ്‌കിൽ വളർത്തിയെടുക്കാൻ ലാംഗ്വേജ് ലാബ്, ഇന്റർവ്യൂ ട്രെയിനിംഗുകൾ, ഇൻഡസ്ട്രിയിൽ വിസിറ്റുകൾ, ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് എന്നിവ ഫിസാറ്റിന്റെ നേട്ടങ്ങളിൽ ചിലതുമാത്രം.

കാമ്പസ് റിക്രൂട്ട്‌മെന്റ്

ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തിന്റെ വിജയമെന്നു പറയുന്നത് എത്രമാത്രം ജോലി കിട്ടുന്നു, എത്ര പേർക്ക് സംരംഭം തുടങ്ങാൻ സാധിക്കുന്നുവെന്നാണ്. പരീക്ഷ പാസ്സാകുന്ന ഏതൊരു വിദ്യാർത്ഥിക്കും മാന്യമായ ജോലി നല്കാൻ കഴിയുന്ന കമ്പനികൾ ഫിസാറ്റ് കാമ്പസിൽ വരുന്നു. ഇവിടുന്നുള്ള കുട്ടികൾ നല്ല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ നല്ല സംരംഭകരായും മാറിയിട്ടുണ്ട്.

വരുന്നു ഫിസാറ്റ് സൈബർ പാർക്ക്

സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ഐ ടി പാർക്ക് ആണ് ഫിസാറ്റിന്റെ അടുത്ത സ്വപ്‌നപദ്ധതി. ഫിസാറ്റിൽ പഠിക്കുന്ന കുട്ടികൾക്ക് കൈയത്താങ്ങായി എന്തു ചെയ്യുമെന്ന്് ചിന്തിച്ചപ്പോഴാണ് ഐടി പാർക്ക് എന്ന് ആശയം കണ്ടെത്തിയതെന്ന് പോൾ മുണ്ടാടൻ പറയുന്നു. കുട്ടികൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പ് കോംപ്ലസുകൾ ഐ ടി പാർക്കിന്റെ ഭാഗമായിട്ടുണ്ടാകും. പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടക്കുന്ന പ്രസ്ഥാനമായി ഫിസാറ്റ് സൈബർ പാർക്ക് മാറും.

തുടക്കം മുതൽ ഫിസാറ്റ് മുന്നോട്ട് വയ്ക്കുന്ന ആശയം കഴിവുള്ള സാധാരണക്കാർക്ക് അവസരം നൽകുക എന്നതാണ്. യോഗ്യതയുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക്് പണം ഇവിടെ തടസമാകുന്നില്ല. അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ നടത്താനും അവസരമുണ്ട്.

ചെയർമാൻ സൂപ്പർമാൻ

മികച്ച സംഘാടകനും വാഗ്മിയുമാണ് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ. ഫിസാറ്റ് ചെയർമാൻ സ്ഥാനം അദേഹത്തിന് കേവലം ആലങ്കാരിക പദവിയല്ല. ഫിസാറ്റിന്റെ വിദ്യാഭ്യാസപരവും ഭരണപരവുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് അദേഹത്തിനുണ്ട്. കോളജിന്റെ പുരോഗതിക്ക് വേണ്ട എല്ലാ കാര്യങ്ങളിലും ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെയ്പ്പാണ് പോൾ മുണ്ടാടൻ നടത്തുന്നത്. മികച്ച ഫാക്കൽട്ടിയും നൈപുണ്യവികസനവും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിൽ അദേഹം ബദ്ധശ്രദ്ധനാണ്. തന്റെ ഓരോ നേട്ടത്തെയും കൂട്ടായ്മയുടെ വിജയം എന്നു പോൾ മുണ്ടാടൻ വിശേഷിപ്പിക്കുന്നു.

മുപ്പത്തിരണ്ടുവർഷമായി ഫെഡറൽ ബാങ്കിൽ ജോലി ചെയ്യുന്ന പോൾ മുണ്ടാടൻ ഇപ്പോൾ ബാങ്കിന്റെ ആലുവ ഹെഡ് ഓഫിസിൽ മാനേജരാണ്. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയും ഓൾ ഇന്ത്യ ബാങ്ക് ഓഫ് കോൺഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റുമാണ്.

അങ്കമാലി മുണ്ടാടൻ കുടുംബാംഗമായ എം.ജെ ലോനയും കുഞ്ഞന്നവുമാണ് പോൾ മുണ്ടാടന്റെ മാതാപിതാക്കൾ. ഭാര്യ മേരി. പോൾ – മേരി ദമ്പതികൾക്ക് രണ്ട് മക്കൾ, മൂത്തമകൻ ജിതിൻ വിപ്രോയിൽ ജോലി ചെയ്യുന്നു. ജോയൽ തൃക്കാക്കര ഭാരതമാതാ കോളജിൽ വിദ്യാർത്ഥിയാണ്.

അജിന മോഹന്‍

TAGS: Fisat | Paul Mundadan |