ഹീമാൻ : പാർക്കിംഗ് രംഗത്തെ ആഗോള വിസ്മയം

Posted on: February 24, 2019

 

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ആഗോള കമ്പനികളോട് മത്സരിക്കുന്ന കമ്പനി. ഉത്പന്നമാകട്ടെ ലോകമെമ്പാടും ഏറ്റവും ഡിമാൻഡുള്ളതും. സാങ്കേതിക വിദ്യയിലും വിലയിലും രാജ്യാന്തരനിലവാരം. ചുരുങ്ങിയ സ്ഥലത്ത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് അങ്കമാലി മൂക്കന്നൂരിലെ ഹീമാൻ റോബോപാർക്ക് അവതരിപ്പിക്കുന്നത്.

പാർക്കിംഗിന് സ്ഥലം കിട്ടാതെ ഒരിക്കലെങ്കിലും വിഷമിക്കാത്തവരുണ്ടാകില്ല. കാറുകൾ വർധിക്കുന്നതിനനുസരിച്ച് നഗരങ്ങളിൽ വേണ്ടത്ര പാർക്കിംഗ് സംവിധാനങ്ങളില്ല. സ്ഥലപരിമിതിയാണ് ഏറ്റവും വലിയ വെല്ലുവിളി. വലിയ സ്ഥാപനങ്ങളിൽ പോലും ജീവനക്കാരുടെയും സന്ദർശകരുടെയും കാറുകൾ റോഡ് അരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യേണ്ടി വരാറുണ്ട്.

 

 

അതീവ ഗുരുതരമായ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം തേടിയപ്പോഴാണ് ഹീമാൻ എൻജിനീയേഴ്‌സ്‌ മാനേജിംഗ് ഡയറക്ടർ കെ.ടി ജോസിന്റെ മനസിലേക്ക് റോബോട്ടിക് പാർക്കിംഗ് സിസ്റ്റമെന്ന ആശയം കടന്നുവന്നത്. ഇന്ന് ആഗോളതലത്തിലുള്ള ഏത് കമ്പനിയോടും മത്സരിക്കാവുന്ന ഗുണനിലവാരമുള്ള ഉത്പന്നമാണ് ഹീമാൻ റോബോപാർക്ക് നിർമ്മിക്കുന്നത്. ആശുപത്രികളും ഐടി കമ്പനികളും ഉൾപ്പടെയുള്ള നിരവധി ഉപയോക്താക്കളാണ് ഹീമാനുള്ളത്.

ഹീമാൻ എൻജിനീയേഴ്‌സ്

മുപ്പത്തിരണ്ടു കൊല്ലം മുൻപാണ് ഹീമാൻ എൻജിനീയേഴ്‌സ്‌ എന്ന സ്ഥാപനം അങ്കമാലിക്കടുത്തുള്ള മൂക്കന്നൂരിൽ തുടങ്ങുന്നത്. ഹെവി എൻജിനീയറിംഗ് ഫാബ്രിക്കേഷനാണ് ജോലികളാണ് ആദ്യകാലത്ത് ചെയ്തുകൊണ്ടിരുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ്, ടെൽക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, കെൽ തുടങ്ങിയ നിരവധി കമ്പനികളുടെ വർക്കുകൾ ഏറ്റെടുത്താണ് തുടക്കം.

ബിൽഡിംഗ്, ബ്രിഡ്ജസ്, സ്‌റ്റോറേജ് ടാങ്ക്‌സ്, ഇയോട്ടിക് ക്രെയിൻ തുടങ്ങിയവയുടെ നിർമാണം ഹീമാൻ എൻജിനിയേഴ്‌സ് ഏറ്റെടുക്കുന്നു. പല ബിൽഡിംഗുകളും സിവിൽ നിന്ന് സ്റ്റീൽ സ്ട്രചറിലേക്ക് മാറിയത് കമ്പനിക്ക് നേട്ടമായി. നിർമാണത്തിന് കാലതാമസമുള്ള കോൺക്രീറ്റ് ബ്രിഡ്ജുകൾക്ക് പകരം സ്റ്റീൽ ബ്രിഡ്ജാണെങ്കിൽ ഫാക്ടറിയിൽ മാനുഫാക്ചർ ചെയ്തിട്ട് ക്രെയിനിൽ കൊണ്ടുവന്നു സ്ഥാപിച്ചാൽ മതി. ഹീമാൻ പൊന്നാനിയിൽ സ്റ്റീൽ ബ്രിഡ്ജ് നിർമിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റീൽ ബ്രിഡ്ജാണിത്. കേവലം രണ്ടുമാസത്തിനുള്ളിലാണ് പാലം പണി തീർത്തത്.

റോബോ പാർക്കിംഗ്

പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പാണ് കാർ പാർക്ക് സിസ്റ്റത്തിലേക്ക് തിരിയുന്നത്. പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ മൂന്ന് നാലു വർഷം വേണ്ടി വന്നു. ആദ്യം റൗണ്ടിലുള്ള സിസ്റ്റമാണ് ഡെവലപ്പ് ചെയ്തത്. സ്‌പേസ് കൂടുതൽ എടുത്തതിനാൽ സ്‌ക്വയറിലേക്ക്‌ കൺവേർട്ട് ചെയ്തു. സാങ്കേതിക മികവ് പുലർത്താനായത് കെ. ടി. ജോസിന് ആത്മവിശ്വാസമേകി. തുടർന്ന് റോബോട്ടിക് സിസ്റ്റത്തിലേക്ക് മാറ്റണമെന്നാഗ്രഹം തോന്നി. ആ സമയത്താണ് ജോസിന്റെ സഹോദരിയുടെ എൻജിനീയർമാരായ രണ്ട് മക്കൾ – വിജിനും പോളും ഹീമാനിലേക്ക് എത്തിയത്. വിജിൻ മെക്കാനിക്കലും പോൾ റോബോട്ടിക്കിലും എൻജിനീയറിംഗ് ബിരുദധാരികളാണ്. അവരുടെ പിന്തുണയോടെ റോബോട്ടിക് കൺട്രോളിലേക്ക് പാർക്കിംഗ് സിസ്റ്റം കൊണ്ടു വന്നു.

അഞ്ചുവർഷം മുമ്പ് ആദ്യ പാർക്കിംഗ് സിസ്റ്റം മൂക്കന്നൂർ എം എ ജി ജെ ഹോസ്പിറ്റലിൽ സ്ഥാപിച്ചു. മൂക്കന്നൂരിൽ 32 കാർ പാർക്ക് ചെയ്യാവുന്ന, നാലു ലെവലായിട്ടുള്ള സിസ്റ്റമാണ് സ്ഥാപിച്ചത്. ഓപ്പറേറ്ററുടെ സഹായമില്ലാതെ 24 മണിക്കൂറും സിസ്റ്റം പ്രവർത്തിക്കുന്നു.

കാറിനെ സെൻസ് ചെയ്തു കഴിയുമ്പോൾ ഫ്രണ്ട് ഗേറ്റ് ഓപ്പൺ ആകും. അകത്തു കയറിയാൽ ഫോർവേർഡ്, റിവേഴ്‌സ്, സ്‌റ്റോപ്പ് എന്നീ ഡിസ്‌പ്ലേ വരും. സ്‌റ്റോപ്പ് കാണുമ്പോൾ വണ്ടി നിർത്തി ഡ്രൈവർക്ക് പുറത്തിറങ്ങാം. അവിടെ കംപ്യൂട്ടർ ടച്ച് സ്‌ക്രീൻ ഉണ്ട്. ഡ്രൈവർ ടച്ച് ചെയ്യുമ്പോൾ പാർക്കിംഗ് കാർഡ് ലഭിക്കും. പാർക്കിംഗ് കാർഡ് എടുത്ത് ഡ്രൈവർക്ക് പോകാം. തിരിച്ച് കാർഡ് എക്‌സിറ്റ് ബേയിലെ മെഷീനിൽ ഇൻസർട്ട് ചെയ്താൽ കാർ തിരിച്ച് ഇറങ്ങി വരും. ഒന്നരമിനിട്ടാണ് ഒരു കാർ പാർക്ക് ചെയ്യാൻ വേണ്ട സമയം. ചുരുങ്ങിയ ഊർജ ഉപയോഗമാണ് ഹീമാൻ റോബോപാർക്കിന്റെ മറ്റൊരു സവിശേഷത.

കഴിഞ്ഞവർഷം എറണാകുളം ലിസി ഹോസ്പിറ്റലിൽ ഹീമാൻ പാർക്കിംഗ് സിസ്റ്റം സ്ഥാപിച്ചു. അടുത്തയിടെ ലുലു ഗ്രൂപ്പിന്റെ സ്മാർട്ട് സിറ്റിയിലെ ഐടി കമ്പനിയിലേക്ക് 3100 കാർ പാർക്കിംഗ് സിസ്റ്റം ചെയ്യാനുള്ള ഓർഡർ നേടി. മറ്റ് നിരവധി പ്രോജക്ടുകൾ പൈപ്പ് ലൈനിലാണ്. എക്‌സ്‌പോർട്ട് എൻക്വയറിയുമുണ്ട്.

 

ടെക്‌നോളജിയിൽ നമ്പർ 1

ഹീമാൻ റോബോ പാർക്കിംഗിന് ഇന്ത്യൻ പേറ്റന്റുണ്ട്. അതിനു പുറമെ അമേരിക്കൻ, ഐറിഷ് പേറ്റന്റുകളുമുണ്ട്. ഹീമാൻ മത്സരിക്കുന്നത് വിദേശ കമ്പനികളുമായിട്ടാണ്. ടെക്‌നോളി താരതമ്യം ചെയ്യുമ്പോൾ വിദേശ കമ്പനികളേക്കാൾ മികച്ചത് ഹീമാന്റെ പ്രോഡക്ട് തന്നെ. പൂർണമായും ഓട്ടോമേറ്റഡാണ്. പേ ആൻഡ് പാർക്ക് സിസ്റ്റമാണെങ്കിൽ മാത്രമേ റോബോപാർക്കിംഗിൽ മാൻ പവറിന്റെ ആവശ്യമുള്ളു.

നൂറു കാർ പാർക്ക് ചെയ്യുന്നതിന് 5 മോട്ടോറുകളെ ഉള്ളൂ. ഓരോ മോട്ടോറിനും ബാക്കപ്പ് മോട്ടോഴ്‌സ് ഉണ്ട്. ഒരു മോട്ടറിന് എന്തെങ്കിലും സംഭവിച്ചാൽ എസ് എം എസ് വരും. ഉടൻ അടുത്ത മോട്ടോർ വർക്ക് ചെയ്യാൻ തുടങ്ങും. ഒരു വർഷത്തേക്ക് പാർക്കിംഗ് സിസ്റ്റത്തിന്റെ എല്ലാ പാർട്ടിനും ഹീമാൻ ഗ്യാരന്റി നല്കുന്നുണ്ട്. എന്തു സംഭവിച്ചാലും കമ്പനി ഏറ്റെടുക്കും. തുടർന്ന് വാർഷിക മെയിന്റനൻസ് കോൺട്രാക് ടും ഹീമാൻ വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഹീമാൻ റോബോട്ടിക് പാർക്കിംഗ് സിസ്റ്റത്തിന് വിലയിലും സാങ്കേതികവിദ്യയിലും ആരോടു വേണമെങ്കിലും മത്സരിക്കാം.

പുതുമകളുടെ പിന്നാലെ

ഇരുപത് വർഷം മുൻപ് ഹൈഡ്രോളിക് ക്രെയിൻ ഇല്ലായിരുന്നു. അക്കാലത്ത് ഒരു പഴയ ജീപ്പിൽ 6 ടൺ ഭാരം ഉയർത്താവുന്ന സിസ്റ്റം ജോസ് ഡെവലപ്പ് ചെയ്തിരുന്നു. അന്ന് വലിയ ചിമ്മിനികളൊക്കെ എടുത്തുയർത്താൻ ജീപ്പുമായി പോകുമായിരുന്നു. തൃശൂർ മുതൽ കൊല്ലം വരെ പോയി സാധനങ്ങൾ എടുത്തുയർത്തിയിട്ടുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ജോലികൾ ഏറ്റെടുക്കുമ്പോഴാണ് ഞങ്ങൾക്കും ആവേശമുണ്ടാകുന്നതെന്ന് കെ. ടി. ജോസ് പറയുമ്പോൾ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമാകുന്നു.

റോബോട്ടിക് സംവിധാനത്തിൽ തന്നെ വലിയ ഗോഡൗണുകളിൽ സാധനങ്ങൾ സ്‌റ്റോർ
ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുകയാണ് ഹീമാന്റെ അടുത്ത ലക്ഷ്യം. വൈകാതെ ഇതിനുള്ള ഗവേഷണം തുടങ്ങും. കുറഞ്ഞ ചെലവിൽ ലളിതമായി ഉത്പന്നങ്ങൾ സ്‌റ്റോർ ചെയ്യാനും തിരിച്ചെടുക്കാനും സാധിക്കുന്ന സംവിധാനമാണ് ജോസിന്റെ മനസിലുള്ളത്. ലോജിസ്റ്റിക് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് ഹീമാന്റെ പുതിയ ഉത്പന്നം വഴിതെളിക്കും.

കുടുംബം കൂടെ

ഹീമാൻ എൻജിനീയേഴ്‌സ്  ജോസ് തനിച്ചാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ കുടുംബത്തിന്റെ സജീവ പങ്കാളിത്തമുണ്ട്. ജോസിന്റെ ഭാര്യ ഹണിയും സഹോദരിയുടെ മക്കളായ വിജിനും പോളും കമ്പനിയുടെ പാർട്‌ണേഴ്‌സാണ്. മകൻ ആഷിൻ ജോസ് എൻജിനിയറിംഗ് കഴിഞ്ഞ് ഹീമാൻ കമ്പനിയിൽ ജോയിൻ ചെയ്തു. മകൾ എലിസബത്ത് അയർലൻഡിൽ സിഎ പഠിക്കുന്നു.

 

അജിന മോഹന്‍