ഇന്റർസൈറ്റ് ടൂർസ് : ബ്രാൻഡ് ബിയോണ്ട് ട്രാവൽ

Posted on: February 1, 2019

.

വിനോദസഞ്ചാര മേഖലയിൽ കേരളത്തിൽ നിന്നുള്ള ദേശീയ ബ്രാൻഡ് ആണ് ഇന്റർസെറ്റ് ടൂർസ് ആൻഡ് ട്രാവൽസ്. രാജ്യത്തെ 15 നഗരങ്ങളിൽ ഓഫീസുകളും അഞ്ഞൂറോളം കുടുംബങ്ങളും ഉൾപ്പെടുന്നതാണ് ഇന്റർസൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞതാണ് എബ്രാഹം ജോർജ് എന്ന സംരംഭകന്റെ വിജയരഹസ്യം. ആഭ്യന്തര ടൂറിസം രംഗത്ത് തുടങ്ങി യുകെയിലും കാനഡയിലും ഓഫീസ് തുറന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ഇന്റർസൈറ്റ് വളർന്നു. എബ്രഹാം ജോർജിന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ് 24 വർഷത്തിനിടെ ഇന്റർസൈറ്റിനെ അറിയപ്പെടുന്ന ടൂറിസം ബ്രാൻഡായി മാറ്റിയത്.

ടൂറിസം മേഖല അത്ര സജീവമല്ലാതിരുന്ന തൊണ്ണൂറുകളിലാണ് എബ്രാഹം ജോർജ് ഇന്റർസൈറ്റിന് തുടക്കം കുറിക്കുന്നത്. പുതുമയുള്ള ബിസിനസ് ചെയ്യണമെന്ന ആഗ്രഹവും ടൂറിസം രംഗത്ത് വരാനിരിക്കുന്ന സാധ്യതകൾ തിരിച്ചറിഞ്ഞതുമാണ് 1995 ൽ ഇന്റർസൈറ്റിന്റെ പിറവിക്ക് വഴിതെളിയിച്ചത്. ഇന്റർസൈറ്റ് തുടങ്ങുമ്പോൾ എബ്രഹാം ജോർജും ഒരു സ്റ്റാഫും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ബംഗലുരു, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇന്റർസൈറ്റിന് ഓഫീസുകളുണ്ട്.

വിദേശികളെ നാടുകാണിക്കുകയാണ് ടൂറിസമെന്നായിരുന്നു മുമ്പ് പൊതുവേയുള്ള വിശ്വാസം. എന്നാൽ കേരളം ലക്ഷ്യമിട്ടാണ് ഇന്റർസൈറ്റ് നീങ്ങിയത്. അക്കാലത്ത് കേരളം എന്നാൽ കോവളം എന്നുമാത്രമായിരുന്നു ധാരണ.

ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പല കാര്യങ്ങളും ഇന്റർസൈറ്റ് ചെയ്തിരുന്നു. അതിൽ ഒന്നാണ് ചാർട്ടേഡ് ട്രെയിൻ. കേരള ടൂറിസവും ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും എസി കോച്ചുള്ള ട്രെയിൻ ചാർട്ടർ ചെയ്ത് സഞ്ചാരികളെ ഇവിടെ എത്തിച്ചു. പുതുമയുള്ള ആശയം കൊണ്ടുവന്നതോടെ തുടക്കത്തിലെ വിപണിയിൽ ശ്രദ്ധേയരായി. സർക്കാരിനൊപ്പം കോ – ബ്രാൻഡിംഗ് വന്നത് ഞങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്ന് എബ്രഹാം ജോർജ് പറഞ്ഞു.

തുടക്കത്തിൽ കേരളത്തിലേക്ക് മാത്രമാണ് സഞ്ചാരികളെ കൊണ്ടു വന്നത്. കോവളം, മൂന്നാർ, തേക്കടി, ആലപ്പുഴ (ഹൗസ്‌ബോട്ട്) തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യത്തെ പാക്കേജുകൾ. കേരളത്തിലെ ബിസിനസിന്റെ 75 ശതമാനവും മധ്യകേരളവും തെക്കൻ കേരളവും കേന്ദ്രീകരിച്ചായിരുന്നു. ഉത്തര കേരളം വികസനത്തിലേക്ക് എത്താൻ പിന്നെയും വർഷങ്ങൾ പിന്നിട്ടു. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ കൈകാര്യം ചെയ്യുന്നത് ഇന്റർ സൈറ്റാണ്. കേരളത്തിൽ മാത്രം ഒരു ലക്ഷം സഞ്ചാരികളെ അതിഥികളായി സ്വീകരിക്കുന്നു.

വിനോദസഞ്ചാരികളുടെ താല്പര്യമനുസരിച്ചാണ് ടൂർ പാക്കേജുകൾ നല്കുന്നത്. എങ്കിലും പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ട്. തുടർന്ന് അതിഥികളുടെ ബജറ്റും സമയവും കണക്കിലെടുത്ത് പാക്കേജ് തയാറാക്കും.

കേരളത്തിൽ കൊച്ചി, മൂന്നാർ, തേക്കടി, ബാക്ക് വാട്ടർസ് തന്നെയാണ് സഞ്ചാരികൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. നോർത്ത് കേരളയിൽ കൂർഗ്, വയനാട്, ബേക്കൽ തുടങ്ങിയ ഡെസ്റ്റിനേഷനുകളും സ്വീകാര്യമാണ്.

കേരള ട്രാവൽ മാർട്ട്

എബ്രഹാം ജോർജ് കേരള ട്രാവൽ മാർട്ടിന്റെ 8,9 എഡീഷനുകളിൽ പ്രസിഡന്റായിരുന്നു. ഇക്കാലത്ത് ഇൻഡസ്ട്രിയുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. ലിക്കർ പോളിസി ചേഞ്ച് ചെയ്യാൻ സർക്കാരുമായി ചർച്ച നടത്തുകയും തുടർന്ന് ടൂറിസം ഫ്രണ്ട്‌ലി ലിക്കർ പോളിസി നടപ്പാക്കുകയും ചെയ്തു. കഴിഞ്ഞു. കൂടാതെ പരിസ്ഥിതി സൗഹൃദമായ ഒൻപതു ഇന കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു.

അതിൽ ഒന്നായിരുന്നു വേസ്റ്റ് മനേജ്‌മെന്റ്. നമ്മുടെ ചുറ്റുപാടുള്ള വേസ്‌ററ് നമ്മൾ തന്നെ നശിപ്പിക്കുക. പ്ലാസ്റ്റിക് നിരോധനം, ഓർഗാനിക് കൾട്ടിവേഷൻ, വാട്ടർ പ്രിസർവേഷൻ തുടങ്ങി ഒമ്പതു പദ്ധതികൾ. കെടിഎമ്മിന്റെ ചാപ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കി.

സാരഥി സൗഹൃദം

സഞ്ചാരികളോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഡ്രൈവർമാരാണ്. അവരുടെ മാന്യമായ പെരുമാറ്റമാണ് ഓരോ പാക്കേജിന്റെയും വിജയകരമാക്കുന്നത്. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സ്വന്തമായി വാഹനം വാങ്ങാനും സഹായിക്കുന്ന സാരഥി സൗഹൃദം പദ്ധതി 2014 ൽ ആണ് ഇന്റർസൈറ്റ് നടപ്പാക്കിയത്.

സാരഥി സൗഹൃദം പദ്ധതിയിൽ നൂറു വണ്ടികൾ നൽകി തെരഞ്ഞെടുത്ത ഡ്രൈവർമാരെ സ്വയം സംരംഭകരാക്കുകയാണ് ഇന്റർസൈറ്റിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ പത്തുപേരെയാണ് തെരഞ്ഞെടുത്തത്.

ഇന്റർസൈറ്റ് ഫൗണ്ടേഷൻ

ഇന്റർസൈറ്റ് മാനേജ്‌മെന്റും ജോലിക്കാരും ഉൾപ്പെടുന്ന ഇന്റർസൈറ്റ് ഫൗണ്ടേഷൻ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ജീവനക്കാർ അവരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഫൗണ്ടേഷന് സംഭാവന ചെയ്യുന്നു. അതിന്റെ ഇരട്ടി തുക കമ്പനിയും ഫണ്ടായി നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി ഇന്റർസൈറ്റ് ഫൗണ്ടേഷൻ സഹായിക്കുന്നു.

വിജയം ടീം വർക്ക്

ഇന്റർസൈറ്റിനെ വളർച്ചയിലേക്ക് നയിച്ചത് ടീം വർക്ക് ആണെന്ന് എബ്രഹാം ജോർജ് അടിവരയിട്ട് പറയുന്നു. അർപ്പണബോധവും ആത്മാർത്ഥതയോടെയുമുള്ള സഹപ്രവർത്തകരുടെ പ്രയത്‌നമാണ് അവാർഡുകളും അംഗീകാരങ്ങളും കിട്ടാൻ ഇടയാക്കിയത്. തന്റെ കുടുംബത്തിന്റെ പിന്തുണയും എടുത്തുപറയേണ്ടതാണെന്ന് അദേഹം വ്യക്തമാക്കി. എബ്രാഹം ജോർജിന്റെ ഭാര്യ സെലിൻ എബ്രഹാം. മക്കൾ : ദിവ്യ, ഭാഗ്യ, സൗമ്യ. മൂന്നു പേരും കാനഡയിലാണ്.