ലോജിസ്റ്റിക്‌സ് രംഗത്തെ രജതശോഭ

Posted on: January 1, 2019

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ എക്‌സ്‌പോർട്ട് – ഇംപോർട്ട് ബിസിനസിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ ഈ മേഖലയിലേക്ക് സ്ത്രീകൾ അധികം കടന്നു വരാറില്ല. ലോജിസ്റ്റിക്‌സ് രംഗത്ത് സ്വന്തം സ്ഥാപനം കെട്ടിപ്പെടുത്ത സംരംഭകയാണ് ഫസീല പ്രദീപ്. ജീവിതത്തെ കടലിനോട് ഉപമിച്ചാൽ വൻതിരകളെ നേരിട്ട് വിജയതീരമണിഞ്ഞ സംരംഭക.

ഭർത്താവ് പ്രദീപ് മേനോന്റെ സ്വപ്‌നമായിരുന്നു ഈ കമ്പനി. അകാലത്തിലുണ്ടായ അദേഹത്തിന്റെ വേർപാടിനെ തുടർന്ന് കമ്പനിയുടെ സാരഥ്യം സധൈര്യം ഫസീല ഏറ്റെടുക്കുകയായിരുന്നു. കൊച്ചിയിലെ ട്രാൻസ്‌ലൈൻ മാരിടൈം സർവീസസ് മാനേജിംഗ് ഡയറക്ടർ ഫസീല പ്രദീപിന്റെ വിജയഗാഥ.

ട്രാൻസ്‌ലൈൻ മാരിടൈം 2008 ആണ് തുടങ്ങിയത്. പ്രദീപ് മേനോൻ ഷിപ്പിംഗ് കമ്പനിയായ മാസ്‌കിൽ സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന സമയത്താണ് സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ ആലോചിക്കുന്നത്. തുടക്കത്തിൽ വെല്ലിംഗ്ടൺ ഐലൻഡിലായിരുന്ന ഓഫീസ്. 2010 ൽ ഹൈക്കോടതി ജംഗ്ക്ഷനിലേക്ക് മാറ്റി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ മറ്റൊരു ഫ്രൈറ്റ് ഫോർവേഡിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഫസീലയോടും ട്രാൻസ് ലൈനിലേക്ക് വരാൻ പ്രദീപ് ആവശ്യപ്പെട്ടു.

പാർട്‌നണറായിട്ടാണ് ജോയിൻ ചെയ്തതെങ്കിലും കമ്പനിയുടെ എല്ലാകാര്യങ്ങളും ഫസീലയുടെ മേൽനോട്ടമുണ്ടായിരുന്നു. കസ്റ്റമർ സർവീസിലും അഡ്മിനിസ്‌ട്രേഷനിലും എക്‌സ്പീരിയൻസ് ഉള്ളതുകൊണ്ട് തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായിട്ടില്ല. സെയിൽസ് കാര്യങ്ങൾ എല്ലാം പ്രദീപായിരുന്നു നോക്കിയിരുന്നത്. പ്രദീപിന് സപ്പോർട്ടീവായിട്ട് നിന്നാൽ മതിയായിരുന്നു.

ജീവിതം വഴിമാറിയപ്പോൾ

അപ്രതീക്ഷിതമായിരുന്നു പ്രദീപിന്റെ മരണം. കമ്പനി വളർച്ചയിലേക്ക് എത്തിയ സമയത്തായിരുന്നു ഹൃദയസ്തംഭനം മൂലം പ്രദീപ് മരണമടയുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഫസീലയ്ക്ക് ബിസിനസിനെപ്പറ്റി ചിന്തിക്കാൻ പോലുമാവുമായിരുന്നില്ല. പ്രദീപിന്റെ മരണം വലിയൊരു ശൂന്യതയാണ് ഫസീലയയുടെ ജീവിതത്തിൽ കൊണ്ടുവന്നത്.

ജീവിതത്തിൽ ഉണ്ടായ നഷ്ടം ഉൾക്കൊള്ളാൻപോലും കഴിയാതിരുന്ന സാഹചര്യത്തിൽ കമ്പനി നിർത്താമെന്നായിരുന്നു ഫസീലയുടെ ആദ്യ തീരുമാനം. ബിസിനസ് വീണ്ടും തുടങ്ങണ്ടേ എന്ന സഹോദരന്റെ ചോദ്യമാണ് തീരുമാനം പുനപരിശോധിക്കാൻ ഫസീലയെ നിർബന്ധിതയാക്കിയത്. പ്രദീപിന്റെ സ്വപ്‌നമായിരുന്നു ഈ കമ്പനി. ആറു വർഷം പ്രദീപ് ഇതിനുവേണ്ടി പ്രവർത്തിച്ചു. നീ ഇത് നടത്തണം എന്ന് സഹോദരൻ ഫസീലയോട് പറഞ്ഞു. സഹോദരൻ മാത്രമല്ല സഹോദരിയും പ്രദീപിന്റെ  അമ്മയുമെല്ലാം പിന്തുണ നൽകി.

ട്രാൻസ്‌ലൈനിന്റെ സാരഥ്യത്തിലേക്ക്

എല്ലാവരും ഒപ്പം നിന്നപ്പോൾ കമ്പനി ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു. പതുക്കെ ഓഫീസ് കാര്യങ്ങൾ സാധാരണനിലയിലായി. ആ സമയത്ത് ഉണ്ടായിരുന്ന കസ്റ്റമേഴ്‌സ് വളരെ സപ്പോർട്ടീവായിരുന്നു. സെയിൽസിന്റെ കാര്യങ്ങളെല്ലാം പ്രദീപ് നോക്കിയിരുന്നതിനാൽ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടിയെന്ന് ഫസീല പറഞ്ഞു. ഒരു സെയിൽസ് കോൾ ചെയ്യുന്നതുപോലും ആത്മവിശ്വാസമില്ലാതെയായിരുന്നു. ഷിപ്പ്‌മെന്റ് ചോദിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടിയാണ്. അപ്പോയ്ൻമെന്റ് കിട്ടിയാൽ പോലും സംസാരിക്കാൻ അറിയില്ല. ക്രമേണ അതെല്ലാം മറികടന്ന് ആത്മവിശ്വാസത്തോടെ കമ്പനിയെ നയിച്ചു.

പ്രദീപിന്റെ സ്വപ്നം

 പ്രദീപ് മരിക്കുന്നതിനു മുൻപ് ഇന്തോനേഷ്യയിൽ ഒരു കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും 15 ദിവസങ്ങൾ ഞാൻ അവിടെയും ബാക്കിയുള്ള ദിവസങ്ങൾ നാട്ടിലുമായിരിക്കുമെന്ന് പ്രദീപ് പറഞ്ഞതിനെ ഫസീല ഓർത്തെടുക്കുന്നു. രണ്ടു വർഷം പിന്നിട്ടപ്പോൾ ബിസിനസ് ഇങ്ങനെ പോയാൽ പോരാ കൂടുതൽ വളർച്ചയുണ്ടാവണമെന്ന് ഫസീലയ്ക്ക് തോന്നി. അതിനായി പ്രയത്‌നിച്ചു.

ബിസിനസ് വിജയകരമായി മുന്നോട്ടു പോകുന്നു. എന്നാൽ മത്സരം ഉള്ള മേഖലകൂടിയാണിത്. എപ്പോഴും ആക്ടീവായിരിക്കണം. കസ്റ്റമർ സർവീസ് ആണ് പ്രധാനം. ഇവിടെ നിന്ന് ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു കണ്ടെനയ്ർ പോയി കഴിഞ്ഞാൽ അത് സ്ഥലത്ത് എത്തുന്ന വരെ ഫോളോ അപ്പ് ചെയ്യും. കസ്റ്റമറെ എപ്പോഴും കമ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരിക്കും. 24X7 അലർട്ടായിരിക്കണം. ഷിപ്പിലൂടെയും എയർലൈൻ വഴിയും ഉത്പന്നങ്ങൾ എക്‌സ്‌പോർട്ട് ചെയ്യുന്നുണ്ട്. സ്‌പൈസസ്, കാഷ്യൂ, കോൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി.

സധൈര്യം സ്ത്രീകൾക്കു കടന്നുവരാം

സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന മേഖലയാണ് ലോജിസ്റ്റിക്‌സ്. ഹാർഡ് വർക്ക് ചെയ്യുന്നവർക്ക് ശോഭിക്കാൻ കഴിയും. കോംപറ്റീഷൻ ഉണ്ടെങ്കിലും നമ്മൾ കൃത്യമായി ജോലി ചെയ്താൽ വിജയം ഉറപ്പാണ്. കസ്റ്റമർ സർവീസ് ഈ ജോലിയിൽ പ്രധാനമാണ്. യുഎസ്എ യിൽ ഉള്ള ഒരാൾ വിളിക്കുമ്പോൾ ഇവിടെ രാത്രിയായിരിക്കാം. ഏതു സമയത്തും കസ്റ്റർമർക്ക് വിവരങ്ങൾ കൈമാറാൻ കഴിയണം.

അടുത്തയിടെ ഫസീല സുഹൃത്തിനൊപ്പം സ്മാർട്ട് സിറ്റിയിൽ ഒരു ഫുഡ് ജോയിന്റ് തുടങ്ങി. സംരംഭങ്ങൾക്കൊപ്പം ഫസീല പഠനത്തിനും സമയം കണ്ടെത്തുന്നു. എം എസ് സി സൈക്കോളജി പൂർത്തിയാക്കി. റിസൾട്ടിനായി കാത്തിരിക്കുകയാണ് ഈ സംരംഭക. മക്കളായ ഋതിക പി. മേനോൻ ഫാഷന്‍ ടെക്‌നോളജിയും അനുഷ്‌ക പി. മേനോൻ പ്ലസ് വണ്ണിലും പഠിക്കുന്നു.

അജീന മോഹൻ