അഗ്നിപരീക്ഷകളെ നേരിട്ട് ജൈത്രയാത്ര

Posted on: November 9, 2018

സ്മാർട്ട്‌ഫോണും കംപ്യൂട്ടറും ഇല്ലാത്ത കാലത്ത് വിമാന ടിക്കറ്റുകൾക്കായി എല്ലാവരും ആശ്രയിച്ചിരുന്നത് ട്രാവൽ ഏജൻസികളെയാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖല പുരുഷൻമാർ കൈയടിക്കിവച്ചിരുന്ന കാലത്ത് സ്വന്തമായൊരു സ്ഥാപനത്തിന് തുടക്കം കുറിച്ച വനിതസംരംഭകയാണ് കൊച്ചി രവിപുരത്തെ അഥീന ട്രാവൽസ് മാനേജിംഗ് ഡയറക്ടർ ഷേർളി ജോസ്. സ്ഥാപനത്തിന് അകത്തും പുറത്തും നിന്ന് നേരിട്ട വെല്ലുവിളികൾക്കിടയിലും ഇടപാടുകാരുടെ വിശ്വസ്ത സ്ഥാപനമായി അഥീന ട്രാവൽസിനെ വളർത്തിയത് ഷേർളി ജോസിന്റെ കഠിനാദ്ധ്വാനവും അർപ്പണബോധവും. അഥീന ട്രാവൽസ് 25 വർഷം പിന്നിടുമ്പോൾ ഷേർളി ജോസിന്റെ ജീവിത വഴികളിലൂടെ ….

കൊച്ചിയിലേക്ക്

ഭർത്താവിന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ ഷേർളി കൊച്ചിയിൽ എത്തുന്നത്. കോട്ടയത്തു നിന്ന് എറണാകുളത്തേക്കുള്ള കൂടുമാറ്റം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അവർ ഒരിക്കലും കരുതിയില്ല. ജീവിതയാത്രയിൽ കയ്‌പേറിയ അനുഭവങ്ങളായിരുന്നു ഷേർളി പിന്നീട് നേരിട്ടത്. ഭർത്താവിന്റെ ബിസിനസിൽ പ്രതിസന്ധികൾ ഉടലെടുത്തു. ക്രമേണ ബിസിനസ് നഷ്ടത്തിലായി.

ഇതേ തുടർന്ന് ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരിയായ ഷേർളി സ്വന്തമായൊരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ യുണൈറ്റഡ് ഇന്ത്യ ട്രാവൽ ഏജൻസിയുടെ സെയിൽസ് വിഭാഗത്തിൽ ജോലിക്ക് ചേർന്നു. സെയിൽസിൽ ജോലി ചെയ്യാൻ സാധിക്കുമോ ? നിങ്ങൾക്ക് ഇവിടെ പരിചയങ്ങൾ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കു മുമ്പിൽ പതറാതെ ടാർഗറ്റ് ഞാൻ അച്ചീവ് ചെയ്യുമെന്ന മറുപടിയാണ് ഇന്റർവ്യുവിന് എത്തിയപ്പോൾ ഷേർളി നൽകിയത്. മുൻ പരിചയങ്ങൾ ഇല്ലാത്ത നഗരത്തിൽ സധൈര്യം ജോലി ചെയ്തു. ഒരു വർഷത്തെ ടാർഗറ്റ് മൂന്നു മാസത്തിനുള്ളിൽ ഷേർളി നേടി. രണ്ടു വർഷത്തിന് ശേഷം അറ്റ്‌ലാന്റ ട്രാവൽ ഏജൻസിയിൽ സെയിൽസ് മാനേജരായി ചേർന്നു. ഇതിനിടയില്‍ ഒരു ആക്‌സിഡന്റില്‍ ഭര്‍ത്താവ് തളര്‍ന്നു കിടപ്പിലായി. കുടംബത്തിന്റെ ചുമതലയും മകന്റെ പഠനവുംഷേര്‍ളിയുടെ  ചുമലുകളില്‍.

അഥീന ട്രാവൽസിന്റെ തുടക്കം

സെയിൽസ് മാനേജരായി നാലു വർഷം കഴിഞ്ഞപ്പോൾ സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങണമെന്ന ആഗ്രഹം മൊട്ടിട്ടു. ട്രാവൽ ഇൻഡസ്ട്രിയിലെ പരിചയസമ്പത്ത് മാത്രമായിരുന്നു കൈമുതൽ. കോളജിൽ ഒപ്പം പഠിച്ച കൊച്ചിയിലെ അറിയപ്പെടുന്ന ബിസിനസുകാരനായ സുഹൃത്ത് സഹായവും പിന്തുണയുമായി ഒപ്പം നിന്നു. സുഹൃത്തിന്റെ സഹായത്തോടെ ബിസിനസ് തുടങ്ങാൻ ആവശ്യമായ തുക ലോൺ എടുത്തു. ട്രാവൽ ഏജൻസിക്ക് പേരു നിർദേശിച്ചത് മറ്റൊരു സുഹൃത്തായ സുജാതയാണ്. തുടക്കത്തിൽ ബിസിനസിന് എല്ലാ പിന്തുണയും നൽകി സുജാത ഒപ്പം നിന്നു. 

വളർച്ചാപാതയിൽ

ആരംഭകാലത്ത് സീഫുഡ് കമ്പനികൾ ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ട് ബിസിനസിൽ കാര്യത്തിൽ വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. ഇടപാടുകാർ അവരുടെ സുഹൃത്തുക്കളോട് നല്ല അഭിപ്രായം പറയുന്നതിനാൽ മറ്റുള്ളവരും അഥീന ട്രാവൽസിന്റെ സേവനം തേടുമായിരുന്നുവെന്ന് ഷേർളി ജോസ് പറഞ്ഞു. കംപ്യൂട്ടർ വരുന്നതിനുമുൻപ് ടിക്കറ്റുകൾ എഴുതി തയാറാക്കണമായിരുന്നു. കുറെയധികം ടിക്കറ്റുകൾ ചെയ്യുന്ന സമയത്ത് പുലരുവോളം ഇരുന്ന് ടിക്കറ്റ് എഴുതിയത് ഷേർളി ഓർമ്മിച്ചു.

അക്കാലത്ത് ഇത്രയും ട്രാവൽ ഏജൻസികൾ ഇല്ല. വിമാനക്കമ്പനികളിൽ നിന്ന് ഉയർന്ന കമ്മീഷനും അഡീഷണൽ ക്രെഡിറ്റ്‌സും കിട്ടുമായിരുന്നു. ചെലവുകൾ പൊതുവേ കുറവ്. ഇടപാടുകാർക്ക് സ്ഥാപനവുമായി ആത്മബന്ധവുമുണ്ടായിരുന്നു. ഒരിക്കൽ വന്നാൽ പിന്നെ വിട്ടുപിരിയില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. ഓൺലൈനുകളിൽ പരതിയ ശേഷമേ ഇടപാടുകാർ ട്രാവൽ ഏജൻസിയെ സമീപിക്കുകയുള്ളുവെന്ന് ഷേർളി ജോസ് ചൂണ്ടിക്കാട്ടി. എയർ ടിക്കറ്റിംഗ്, വിസ പ്രോസസിംഗ്, ടൂർപാക്കേജുകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി യാത്രയ്ക്ക് വേണ്ട സമഗ്ര സേവനങ്ങൾ അഥീന ട്രാവൽസ് നൽകിവരുന്നു.

കുടുംബം

ഷേർളിയുടെ പിതാവ് കാർത്തികപ്പള്ളി വല്യത്ത് ജോസഫ്. മാതാവ് അമ്മുക്കുട്ടി. ഷേർളിക്ക് എന്നു കരുത്തായി നിന്നത് അമ്മയാണ്. അമ്മയോട് എന്തും തുറന്നു സംസാരിക്കാമായിരുന്നു. വാത്സല്യനിധിയായ മാതാവ് മൂന്നു വർഷം മുൻപ് മരിച്ചുപോയി. ഭർത്താവ് പരേതനായ വി.ജെ ജോസ്. ഏക മകൻ വിജയ് ജോസ് ഖത്തർ എയർവേസിൽ പൈലറ്റാണ്. ഭാര്യ എൽസ ആർകിടെക്ടാണ്. കൊച്ചുമകൾ മിയ.

ആത്മവിശ്വാസമുള്ള സംഘാടക

ട്രാവല്‍ ഏജന്റ്‌സ് ഓഫ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ട്രഷര്‍, ചേംബര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രസിഡന്റ്, കണ്‍വീനര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ലേഡീസ് ഫോറം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓള്‍ ലേഡീസ് ലീഗ് കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍, കേരള ചേംബർ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു. യുഎസ്, കാനഡ, ആഫ്രിക്ക, ഇസ്രയേൽ തുടങ്ങി നിരവധി ലോകരാജ്യങ്ങൾ ഷേർളി ജോസ് സന്ദർശിച്ചിട്ടുണ്ട്.

പുതുസംരംഭകരോട്

അർപ്പണബോധവും, ആത്മാര്‍ത്ഥതയും കൃത്യനിഷ്ടയുമുണ്ടെങ്കിലെ ജീവിതവിജയം കൈവരിക്കാനാകുകയുള്ളുവെന്ന് ബിസിനസിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരെ ഷേർളി ജോസ് ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾ ബഹുമുഖ ശേഷിയുള്ളവരാണ് – വീടും കുടുംബവും ജോലിയും സമൂഹവുമായി ഒന്നിച്ച് ഇടപെടാൻ കഴിവുള്ളവരാണ്. ടൈം മാനേജ്‌മെന്റ് ആണ് പ്രധാനം. പ്രതിഫലം നോക്കാതെ ജോലി ചെയ്യുന്നവരെയാണ് വേണ്ടതെന്ന് ഷേർളി ജോസ് പറഞ്ഞു.

അജീന മോഹൻ